ബംഗ്ലാദേശ് വിഷയത്തിൽ ഔദ്യോഗിക പ്രതികരണം നൽകാതെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം
ധാക്ക: ബംഗ്ലാദേശിലെ സംഭവങ്ങളിൽ ഔദ്യോഗിക പ്രതികരണം നടത്താതെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. വിഷയത്തിൽ ഔദ്യോഗിക പ്രതികരണം ഇതു വരെ നൽകിയിട്ടില്ല.
സർക്കാർ വിരുദ്ധ പ്രക്ഷോഭം ആളികത്തിയതിനു പിന്നാലെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന രാജിവച്ച് രാജ്യം വിടുകയും ഇന്ത്യയിലേക്ക് കടക്കുകയും ചെയ്തിരുന്നു. ഇന്ത്യയിൽ നിന്ന് ലണ്ടനിലേക്ക് പോകാനായിരുന്നു ഷെയ്ഖ് ഹസീനയുടെ നീക്കം.
എന്നാൽ ഹസീനയുടെ തുടർയാത്ര എങ്ങോട്ടാണെന്നതിനെ കുറിച്ച് കേന്ദ്രം യാതൊന്നും വ്യക്തമാക്കാതെയുള്ള നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിൽ പാക് ചാര സംഘടനയായ ഐഎസ്ഐക്കും പങ്കുള്ളതായി വാർത്തകൾ പുറത്ത് വരുന്നനുണ്ട്.
അതേസമയം, ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന് നൊബെൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ് നേതൃത്വം നല്‍കണമെന്ന് വിദ്യാർത്ഥി നേതാക്കൾ ആവശ്യപ്പെട്ടു. ബ്രിട്ടനില്‍ രാഷ്ട്രീയ അഭയം ഉറപ്പാകും വരെ ഹസീന ഇന്ത്യയില്‍ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.
ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ പങ്കെടുത്തവരുടെ പിൻഗാമികൾക്ക് സർക്കാർ ജോലിയിൽ 30 ശതമാനം സംവരണം പുനസ്ഥാപിച്ച ഹൈക്കോടതി വിധിയാണ് വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് തുടക്കമിട്ടത്. പൊലീസും ഭരണകക്ഷിയായ അവാമി ലീഗ് പ്രവർത്തകരും പ്രക്ഷോഭകരുമായി ഏറ്റുമുട്ടി.
പൊലീസ് നടപടിയില്‍ ഇരുനൂറോളംപേര്‍ കൊല്ലപ്പെട്ടത് ഹസീനയുടെ ഏകാധിപത്യ നടപടികള്‍ക്ക് തെളിവായി. അട്ടിമറിശ്രമമാണ് നടക്കുന്നതെന്ന് ആരോപിച്ച ഹസീന, ഞായറാഴ്ച അനിശ്ചിതകാല രാജ്യവ്യാപക കർഫ്യൂവും തിങ്കൾ മുതൽ മൂന്ന് ദിവസം ദേശീയ അവധിയും പ്രഖ്യാപിച്ചു.
ഇതിനെതിരെ വിദ്യാർത്ഥികൾ ധാക്കയിലേക്ക് ആഹ്വാനം ചെയ്ത ലോങ്ങ് മാർച്ചാണ് സർക്കാരിന്റെ പതനത്തിൽ കലാശിച്ചത്. തിങ്കളാഴ്ച ആറ് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. അതിനിടെ, തടവിലാക്കപ്പെട്ട പ്രതിപക്ഷ നേതാവും ഹസീനയുടെ ബദ്ധശത്രുവുമായ ഖാലിദ സിയയെ വിട്ടയയ്ക്കാൻ പ്രസിഡന്റ് മൊഹമ്മദ് ഷഹാബുദ്ദീൻ ഉത്തരവിട്ടു.
സൈനിക മേധാവി ജനറൽ വഖർ ഉസ് സമാൻ, സേനാ മേധാവികൾ, ജമാഅത്തെ ഇസ്ലാമി ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ എന്നിവർ കൂടി പങ്കെടുത്ത യോഗത്തിലാണ് മുൻ പ്രധാനമന്ത്രി കൂടിയായ ഇവരെ വിട്ടയയ്ക്കാൻ ഐകകണ്ഠ്യന തീരുമാനിച്ചത്.