വേങ്ങര ഉപതിരഞ്ഞെടുപ്പ് ഒക്ടോബര്‍ 11 ന്, വോട്ടെണ്ണല്‍ 15 ന്
മലപ്പുറം: വേങ്ങരയില്‍ ഉപതിരഞ്ഞെടുപ്പ് ഒക്ടോബര്‍ 11 ന് നടക്കും. പി.കെ കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് രാജിവച്ച ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പ്. ഒക്ടോബര്‍ 15 നാണ് വോട്ടെണ്ണല്‍.
വെള്ളിയാഴ്ച വിജ്ഞാപനം പുറത്തിറങ്ങും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി 22 ആണ്. 25 നാണ് സൂക്ഷ്മ പരിശോധന. 27 വരെ നാമനിര്‍ദ്ദേശ പത്രികകള്‍ പിന്‍വലിക്കാം. വോട്ടുചെയ്തത് ആര്‍ക്കാണെന്ന് വോട്ടര്‍ക്ക് കാണാന്‍ സാധിക്കുന്ന സ്ലിപ്പ് ലഭിക്കുന്ന വി.വി പാറ്റ് സംവിധാനം തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കും.
വേങ്ങരയിലെ സ്ഥാനാര്‍ഥിയെപ്പറ്റി മുസ്ലിം ലീഗില്‍ നേരത്തെതന്നെ ഒളിഞ്ഞും തെളിഞ്ഞും ചര്‍ച്ച തുടങ്ങിയിരുന്നു. സംസ്ഥാന നേതാക്കളുടെ പേരുകളും പുതുമുഖ സ്ഥാനാര്‍ഥി വേണമെന്ന ആവശ്യവും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. അതിനിടെ, ലീഗ് ശക്തികേന്ദ്രമായ വേങ്ങരയില്‍ മികച്ച സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ മുസ്ലിം ലീഗ് രഹസ്യ സര്‍വെ അടക്കമുള്ളവ നടത്തിയിരുന്നു.
കോണ്‍ഫെഡറേഷന്‍ ഓഫ് കേരള കോളേജ് ടീച്ചേഴ്സാണ് സര്‍വെ നടത്തിയത്. ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദിനാണ് സര്‍വെയില്‍ മുന്‍തൂക്കം ലഭിച്ചത്. മജീദിന് പുറമെ മുന്‍ എം.എല്‍.എമാരായ അബ്ദുറഹ്മാന് രണ്ടത്താണി, കെ.എന്‍.എ ഖാദര്‍ എന്നിവരുടെ പേരുകളില്‍ പറഞ്ഞുകേട്ടിരുന്നു. കോണ്‍ഗ്രസും ബി.ജെ.പിയും സി.പി.എമ്മും യുവ നേതാക്കള്‍ക്ക് അവസരം നല്കുന്ന സാഹചര്യത്തില്‍ വേങ്ങരയില്‍ യുവാക്കള്‍ക്ക് അവസരം നല്‍കണമെന്ന ആവശ്യം യൂത്ത് ലീഗും മുന്നോട്ടുവച്ചിരുന്നു.
2016 ല്‍ പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരേ സി.പി.എമ്മിലെ പി.പി. ബഷീറായിരുന്നു സ്ഥാനാര്‍ഥി. 38,057 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കുഞ്ഞാലിക്കുട്ടി ജയിച്ചത്. ഏപ്രിലില്‍നടന്ന മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ വേങ്ങരയില്‍ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം 40,500 കടന്നു. തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പഞ്ചായത്ത് തലത്തില്‍ ലഭിച്ച വോട്ടുകള്‍ ഇടതുമുന്നണിക്കും പ്രതീക്ഷ നല്‍കുന്നതാണ്.