വയനാട് ദുരന്ത വിവരം ആദ്യം പുറത്തെത്തിച്ച നീതു യാത്രയായി
കൽപ്പറ്റ: ഉരുൾപൊട്ടലിൽ നിരവധി പേർക്ക് രക്ഷകയായ നീതുവിന് ചൂരൽമല ഗ്രാമം വിടനൽകി. ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ട ഭർത്താവ് ജോജോയും മകനും ജോജോയുടെ മാതാപിതാക്കളും ഹൃദയം തകർന്നാണ് നീതുവിനെ യാത്രയാക്കിയത്.
വയനാടിനെ നടുക്കിയ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ വിവരം ആദ്യം പുറത്തെത്തിച്ചത് നീതുവായിരുന്നു. മേപ്പാടി അരപ്പറ്റ വിംസ് ആശുപത്രിയിൽ റിസപ്ഷനിസ്റ്റായിരുന്നു നീതു.
ചൂരൽമലയിലെ തങ്ങളുടെ വീടിന് സമീപം ചെളിവെള്ളം നിറഞ്ഞപ്പോൾ നീതു ഭയപ്പാടോടെ ആദ്യം വിളിച്ചത് താൻ ജോലി ചെയ്ത വിംസ് ആശുപത്രിയിലേക്കാണ്.
വീടിന് സമീപം ഉരുൾപൊട്ടിയതായി സംശയമുണ്ടെന്നും രക്ഷിക്കണമെന്നുമായിരുന്നു നീതുവിന്റെ വാക്കുകൾ. ഈ സമയം സമീപത്തെ വീടുകളിൽ വെള്ളം കയറിയതോടെ അയൽവീട്ടുകാരും നീതുവിന്റെ വീട്ടിൽ അഭയം പ്രാപിച്ചു.
ഉരുൾപൊട്ടിയ വിവരം അഗ്നിരക്ഷാ സേനയെയും നീതു അറിയിച്ചു. അഗ്നിരക്ഷാ സേനയും ആംബുലൻസും ഇവർക്കു സമീപമെത്താൻ പുറപ്പെട്ടെങ്കിലും ശക്തമായ മഴയിലും കാറ്റിലും റോഡിൽ മരം വീണ് ഗതാഗതം സ്തംഭിച്ചു. ഈ സമയത്ത് രണ്ടാമതും പുഞ്ചിരിമട്ടത്ത് ഉരുൾപൊട്ടി.
സുരക്ഷിത സ്ഥാനത്തേക്കു മാറാൻ ആശുപത്രി അധികൃതർ നിർദേശിച്ചതനുസരിച്ച് വീട്ടിലുള്ള പ്രായമായ മാതാപിതാക്കളെയും മകനെയും ഭർത്താവ് ജോജോ സമീപത്തെ തോട്ടത്തിലേക്ക് മാറ്റി.
ഒപ്പം അയൽക്കാരായ നിരവധിപ്പേരും സുരക്ഷിത സ്ഥാനത്തേക്കു മാറി. എന്നാൽ തിരികെയെത്തിയ ജോജോയ്ക്ക് കാണാനായത് സുരക്ഷിതമെന്ന് കരുതിയ വീടിന്റെ ഒരുഭാഗം ഉരുൾ വെള്ളത്തിൽ ഒഴുകിപ്പോകുന്നതാണ്.
പ്രാണപ്രിയയെ സമീപത്തെല്ലാം തെരഞ്ഞെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. രക്ഷാപ്രവർത്തനത്തിന് എത്തിയ പ്രവർത്തകർ ഹൃദയവേദനയോടെയാണ് തന്റെ പ്രിയതമയെ ദുരന്ത ഭൂമിയിൽ തെരയുന്ന ജോജോയെ കണ്ടത്.
തുടർന്നുള്ള ഓരോ ദിവസവും ഓരോ ആംബുലൻസിലും തന്റെ പ്രിയതമയെ തെരയുകയായിരുന്നു ജോജോ. ഏക മകൻ പാപ്പിയും അമ്മ വരുന്നതും കാത്തിരിക്കുകയായിരുന്നു. ഒടുവിൽ ദുരന്തത്തിന്റെ അഞ്ചാം ദിവസമായ ശനിയാഴ്ചയാണ് ചാലിയാറിൽ നിന്ന് നീതുവിന്റെ ശരീരം കണ്ടെത്തിയത്.
അന്ന് തന്നെ കുടുംബാംഗങ്ങളും സഹപ്രവർത്തകരും ചേർന്ന് ചൂരൽമല സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ നീതുവിന് അന്ത്യവിശ്രമം നൽകുകയും ചെയ്തു.