മരിച്ചവരുടെ മൃതശരീരങ്ങളും ശരീര ഭാഗങ്ങളും തിരിച്ചറിയുന്നതിന് ഡി.എൻ.എ പരിശോധന
തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ മരിച്ചവരുടെ മൃതശരീരങ്ങളും ശരീര ഭാഗങ്ങളും തിരിച്ചറിയുന്നതിനുള്ള ശാസ്ത്രീയ പരിശോധനയ്ക്കായി ബന്ധുക്കളുടെ രക്തസാന്പിൾ ശേഖരിച്ച് തുടങ്ങി.
ആദ്യ ഘട്ടത്തിൽ ദുരന്ത മേഖലയിൽ നിന്നും ലഭിച്ച തിരിച്ചറിയാനാവാത്ത മൃതദേഹങ്ങളുടെ ഡി.എൻ.എ ശേഖരിച്ചിരുന്നു. അടുത്ത ഘട്ടത്തിൽ ഇപ്പോൾ ശേഖരിക്കുന്ന രക്ത സാമ്പിളുകളും ഡി.എൻ.എകളും തമ്മിലുള്ള പൊരുത്തം പരിശോധിക്കും.
ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. ബിനുജ മെറിൻ ജോയുടെ നേതൃത്വത്തിൽ മേപ്പാടി ഗവ. ഹയർ സെക്കൻ്ററി സ്കൂളിലും പഞ്ചായത്ത് ഹാളിലുമാണ് രക്ത സാമ്പിൾ ശേഖരിക്കുന്നത്.
അടുത്ത ദിവസം മുതൽ മേപ്പാടി എം.എസ്.എ ഹാളിലും രക്തസാമ്പിൾ ശേഖരിക്കും. ദുരിതാശ്വാസ ക്യാമ്പുകളിലുള്ള ബന്ധുക്കളിൽ രക്തപരിശോധനയ്ക്ക് തയാറായിട്ടുള്ളവർക്ക് കൗണ്‍സലിംഗ് നൽകിയ ശേഷമാണ് സാമ്പിൾ ശേഖരിക്കുന്നതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.
മക്കൾ, പേരക്കുട്ടികൾ, മാതാപിതാക്കൾ, മുത്തച്ഛൻ, മുത്തശ്ശി, അച്ഛന്റെ സഹോദരങ്ങൾ, അമ്മയുടെ സഹോദരങ്ങൾ തുടങ്ങിയ അടുത്ത രക്ത ബന്ധുക്കളുടെ സാമ്പിളാണ് പരിശോധനയ്ക്ക് എടുക്കുന്നത്.