തിരുവനന്തപുരത്തെ ഹോട്ടലില്‍ തൂപ്പുജോലിക്കെത്തിയത് കോടീശ്വരനായ രത്നവ്യാപാരിയുടെ മകന്; നാട്ടില്‍പോയി തിരികെയെത്തിയത് ലക്ഷക്കണക്കിന് രൂപയുടെ സമ്മാനവുമായി; സത്യം അറിഞ്ഞപ്പോള്‍ ഞെട്ടിത്തരിച്ച് സഹപ്രവര്‍ത്തകര്‍
തമിഴ്സിനിമ ഗജിനിയെ ഓര്‍മ്മിപ്പിച്ച സംഭവമായിരുന്നു വ്യാഴാഴ്ച തിരുവനന്തപുരത്തെ റസ്റ്റോറന്റില്‍ നടന്നത്. ആയുര്‍വേദ കോളേജ് ജങ്ഷനിലെ സ്ട്രീറ്റ് റെസ്റ്റോറന്റില്‍ ഒരാഴ്ച ക്ലീനിങ് ബോയിയായി ജോലി ചെയ്ത ചെറുപ്പക്കാരന് വിലകൂടിയ കാറില്‍ ലക്ഷങ്ങളുടെ സമ്മാനവുമായി വന്നിറങ്ങി ജീവനക്കാരെ ഞെട്ടിക്കുകയായിരുന്നു. ഗുജറാത്ത് സൂറത്തിലെ രത്നവ്യാപാരിയുടെ മകനായിരുന്നു സ്വന്തം വ്യക്തിത്വം മറച്ചുവച്ച് സ്ഥാപനത്തില്‍ ജോലി ചെയ്ത ധ്രുവ് എന്ന 18കാരന്. മുമ്പൊരിക്കല്‍ കൊച്ചിയിലെ ഒരു ഹോട്ടലിലും ഇതേരീതിയില്‍ ധ്രുവ് ജോലി ചെയ്തത് വാര്‍ത്തയായിരുന്നു.
രണ്ടാഴ്ച മുമ്പാണ് ജോലി അന്വേഷിച്ച് ധ്രുവ് ഹോട്ടല്‍ നടത്തുന്ന ചെറുപ്പക്കാരെ സമീപിച്ചത്. ആദ്യം ഒഴിവാക്കിയെങ്കിലും മറ്റൊരാളുടെ ശുപാര്‍ശയോടെ ജോലിക്ക് കയറുകയായിരുന്നു. ക്ലീനിങ് ആന്റ് സപ്ലെ വിഭാഗത്തില്‍ ജോലി ചെയ്ത ഒരാഴ്ച എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന പെരുമാറ്റമായിരുന്നു അയാളുടേത്. ജോലിയോട് കാട്ടിയ ആത്മാര്‍ത്ഥതയുടെ പേരില്‍ ആദ്യ ദിവസം തന്നെ അയാള്‍ മാനേജ്മെന്റിന്റെയും സ്റ്റാഫിന്റെയും ശ്രദ്ധ പിടിച്ചുപറ്റി. കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ ഹോട്ടലിലെ വിനോദ സാങ്കേതിക ഉപകരണങ്ങളെക്കുറിച്ചുള്ള അയാളുടെ ജ്ഞാനം ദുരൂഹത നിറഞ്ഞ ഈ അജ്ഞാതന്‍ ആരാണെന്ന സംശയം ജോലി വാങ്ങിനല്‍കിയ അല്‍ അമീന് രാജയ്ക്കുമുണ്ടായി.
എന്നാല്‍ കൃത്യം ഏഴുദിവസം കഴിഞ്ഞപ്പോള്‍ മുത്തശ്ശിയ്ക്ക് സുഖമില്ലെന്നും ഓണത്തിന് തിരികെയെത്താമെന്നും പറഞ്ഞ് സ്ഥലംവിട്ടു. ഓണത്തിരക്കില്‍ വീണ്ടും ബന്ധപ്പെട്ടെങ്കിലും ലഭിക്കാതിരുന്നപ്പോള്‍ അയാളെ മറക്കുകയായിരുന്നെന്ന് അല്‍ അമീന് പറഞ്ഞു.
പിന്നീട് വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് തങ്ങളെ വിളിച്ച് കാണാനാകുമോ എന്ന് അന്വേഷിക്കുന്നത്. അങ്ങനെ റസ്റ്റോറന്റിലെത്തിയപ്പോഴാണ് എല്ലാവരെയും ഞെട്ടിച്ച് കേരളത്തിലെ വലിയ സ്വര്‍ണ്ണവ്യാപാരികളുടെ മൂന്ന് ആഡംബര കാറുകളിലായി ധ്രുവും സംഘവും വന്നിറങ്ങിയത്. പേഴ്സണല്‍ മാനേജറും ബന്ധുക്കളുമടങ്ങുന്ന സംഘം ലക്ഷങ്ങളുടെ സമ്മാനവുമായാണ് എത്തിയത്. വജ്രവും വിലകൂടിയ വാച്ചുകളും പേനകളും കൂടാതെ പണവും ഇവര്‍ ജീവനക്കാര്‍ക്ക് കൈമാറി. ഗജിനി സിനിമയില്‍ കണ്ട കാഴ്ച കണ്മുന്നില് സംഭവിച്ചതിന്റെ അത്ഭുതത്തിലായിരുന്നു തങ്ങളെന്ന് അല്‍ അമീന് പറയുന്നു.
സൂറത്ത് കേന്ദ്രീകരിച്ചുള്ള ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ രത്നവ്യാപാരികളുടെ കുടുംബത്തിന്റെ ഭാഗമാണ് ധ്രുവ്. എം.ബി.എ വിദ്യാര്‍ത്ഥികളായ ധ്രുവിനും കുടുംബത്തിലെ മറ്റ് ചെറുപ്പക്കാര്‍ക്കും പിതാക്കന്മാര് നല്കിയ അസൈന്മെന്റായിരുന്നു ഈ റെസ്റ്റോറന്റ് ജീവിതം.
ഹൈദരാബാദ്, ചെന്നൈ, വിശാഖപട്ടണം, തിരുവനന്തപുരം എന്നിവിടങ്ങളിലായി ഓരോരുത്തരും ജോലി ചെയ്യുകയായിരുന്നു. ബിസിനസ് ആവശ്യത്തിനായി അയച്ചിരിക്കുകയാണെന്നാണ് കുടുംബത്തിലെ സ്ത്രീകളിപ്പോഴും വിചാരിച്ചിരിക്കുന്നതെന്നും ഇന്ന് മുംബെയില്‍ നടക്കുന്ന ചടങ്ങിലാകും ഇവരുടെ ഒളിജീവിതം വെളിപ്പെടുകയെന്നും അല്‍ അമീന് പറയുന്നു.