കാംവർ യാത്രാ പാതയിലെ ചില മുസ്ലിം പള്ളികൾ തുണി കെട്ടി മറച്ചതായി പരാതി
ഹരിദ്വാർ: കാംവർ തീർഥാടന പാതയിലുള്ള ചില മുസ്ലിം ആരാധനാലയങ്ങൾ തുണികൊണ്ടുള്ള വലിയ സ്ക്രീനുകൾ ഉപയോഗിച്ച് മറച്ചതായി പരാതി.
അഭൂതപൂർവമായ നടപടിയാണിതെന്ന് മോസ്ക് അധികൃതർ. ഇത് അനാവശ്യമാണെന്ന് കാംവർ തീർഥാടകരിൽ ചിലർ പോലും അഭിപ്രായപ്പെടുന്നു.
കാംവർ തീർഥാടന പാതയിലെ ഭക്ഷണശാലകൾക്കു പുറത്ത് ഉടമയുടെ പേരെഴുതി പ്രദർശിപ്പിക്കണെമന്ന ഉത്തർ പ്രദേശ് സർക്കാരിന്റെ ഉത്തരവ് വിവാദമാകുകയും, കോടതി ഈ ഉത്തരവ് റദ്ദാക്കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് ആരാധനാലയങ്ങൾ തുണി കെട്ടി മറയ്ക്കുന്നതിനെച്ചൊല്ലിയുള്ള പുതിയ വിവാദം. ഇത്തരത്തിലുള്ള നടപടികൾ അപലപനീയമാണെന്ന് ഹരിദ്വാറിൽ സ്ഥിരതാമസമുള്ള ചില ഹിന്ദുക്കളും പ്രതികരിക്കുന്നു.
പ്രകോപനങ്ങളില്ലാതെ യാത്ര സുഗമമായി നടത്താനാണ് ഇങ്ങനെ ചെയ്തതെന്ന് ഉത്തരാഖണ്ഡ് മന്ത്രി സത്പാൽ മഹാരാജിന്റെ ന്യായീകരണം. നടപടിയിൽ ജില്ലാ ഭരണകൂടത്തിന് പങ്കില്ലെന്ന് ഹരിദ്വാർ ജില്ലാ മജിസ്ട്രേറ്റ് ധീരജ് സിങ്ങ് ഗർബ്യാൽ.
ശിവഭക്തർ ഉത്തരാഖണ്ഡിലെ ഹരിദ്വാർ, ഗോമുഖ്, ഗംഗോത്രി എന്നിവിടങ്ങളിലേക്ക് നടത്തുന്ന വാർഷിക തീർഥാടനമാണ് കാംവർ(Kanwar) യാത്ര. നേരത്തെ, കടയുടമകളുടെ പേരെഴുതി വയ്ക്കണമെന്ന നിർദേശം ഭരണഘടന അനുശാസിക്കുന്ന മതേതരത്വ ആശയത്തിന്റെ ലംഘനമാണെന്നാണ് ഉത്തർ പ്രദേശ് സർക്കാരിന്റെ ഉത്തരവിനെ ചോദ്യം ചെയ്യുന്ന ഹർജികളിൽ ചൂണ്ടികാട്ടിയിരുന്നത്.
മതത്തിന്റെ പേരിലുള്ള വിവേചനമാണ് സംസ്ഥാനത്തെ ബി.ജെ.പി സർക്കാർ പ്രോത്സാഹിപ്പിക്കുന്നതെന്നു വിവിധ പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചിരുന്നു.