ക്യാംപസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍ ചരിത്രം സൃഷ്ടിക്കുമെന്ന് വ്യാവസായ വകുപ്പ് മന്ത്രി പി രാജീവ്
തിരുവനന്തപുരം: ക്യാംപസുകളുടെ അക്കാഡമികവും നിപുണതയുമാര്‍ന്ന വിഭവ ശേഷി ഉപയോഗിച്ച് നിലവില്‍ വരുന്ന ക്യാംപസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍ ചരിത്രം സൃഷ്ടിക്കുമെന്ന് മന്ത്രി പി രാജീവ്.
ക്യാംപസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് പദ്ധതി ഉദ്ഘാടനം ചെയ്യുകയാരുന്നു മന്ത്രി. അക്കാഡമിക ലോകവും തൊഴില്‍ മേഖലയും തമ്മിലുള്ള അന്തരം കുറയ്ക്കേണ്ടതുണ്ട്. പ്രൊഫഷണല്‍ കോളെജുകളെപ്പോലെ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളെജുകള്‍ക്കും നവീന ആശയങ്ങള്‍ സാക്ഷാത്ക്കരിക്കാവുന്നതാണ്.
വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും വ്യവസായ അക്കാഡമിക സഹകരണം ശക്തിപ്പെടുത്തുന്നതിനുമാണ് ക്യാംപസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍ വിഭാവനം ചെയ്തിരിക്കുന്നത്. വിനിയോഗിക്കാത്ത ഭൂമി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കൊപ്പം വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം.
വ്യവസായ പാര്‍ക്ക് വികസിപ്പിക്കാന്‍ തയ്യാറുള്ള കുറഞ്ഞത് അഞ്ച് ഏക്കര്‍ ഭൂമിയുള്ളതോ അല്ലെങ്കില്‍ കുറഞ്ഞത് രണ്ട് ഏക്കര്‍ ഭൂമി കൈവശം വയ്ക്കുന്ന സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്റ്ററി നിർമിക്കാന്‍ തയ്യാറായ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ക്യാംപസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് ഡെവലപ്പര്‍ പെര്‍മിറ്റ് ലഭിക്കുന്നതിന് അപേക്ഷിക്കാം.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഏല്‍പ്പിച്ച ഭാവി സംരംഭകര്‍ക്കും സ്ഥാപനങ്ങള്‍ക്കും ക്യാംപസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിന്റെ ഡെവലപ്പര്‍മാരാകാം. ക്യാംപസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിനായി നിർദേശിച്ചിരിക്കുന്ന ഭൂമി വ്യാവസായിക ഉപയോഗത്തിന് യോഗ്യമായിരിക്കും.
ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നോ ഒബ്ജക്ഷന് സര്‍ട്ടിഫിക്കറ്റ് സഹിതം വിദ്യാഭ്യാസ സ്ഥാപനം ഓണ്‍ലൈനായി അപേക്ഷിക്കുന്നതാണ് നടപടി ക്രമം. സ്ഥാപനം അല്ലെങ്കില്‍ സ്ഥാപനം ചുമതലപ്പെടുത്തിയ സംരഭകന് എന്‍.ഒ.സി സഹിതമാണ് അപേക്ഷിക്കേണ്ടത്. ഈ വര്‍ഷം 25 പാര്‍ക്കുകള്‍ക്ക് അനുമതി നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ചടങ്ങില്‍ വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, കോളSജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്റ്റര്‍ കെ സുധീര്‍, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്റ്റര്‍ ഡോ. പി.ആര് ഷാലിജ്, കിന്‍ഫ്ര തോമസ് മാനെജിങ് ഡയറക്റ്റര്‍ സന്തോഷ് കോശി, വ്യവസായ ഡയറക്റ്റര്‍ എസ് ഹരികിഷോര്‍ എന്നിവർ പങ്കെടുത്തു.