വടക്കഞ്ചേരിയിൽ മാടുകളെ കയറ്റിവന്ന ലോറി തട്ടിയെടുത്ത് ഡ്രൈവറെ റോഡിൽ ഉപേക്ഷിച്ചു
വടക്കഞ്ചേരി: ആന്ധ്രപ്രദേശിൽ നിന്ന് മാടുകളുമായി വന്ന ലോറി വടക്കഞ്ചേരി സ്വദേശികളടങ്ങുന്ന സംഘം തട്ടിയെടുത്ത് മാടുകളെ ഒഴിഞ്ഞ സ്ഥലങ്ങളിൽ ഇറക്കി ലോറിയും ഡ്രൈവർമാരെയും സഹായികളെയും ഹൈവേയിൽ ഉപേക്ഷിച്ചു.
50 പോത്തുകുട്ടികളും 27 കാളകളുമാണ് ലോറിയിൽ ഉണ്ടായിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് വടക്കഞ്ചേരി ചീരക്കുഴി സ്വദേശികളും സഹോദരങ്ങളുമായ ഷമീർ(35), ഷജീർ(31) എന്നിവരെ വടക്കഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തു.
പതിനഞ്ചോളം വരുന്ന സംഘമാണ് കത്തി കാട്ടി ഭീഷണിപ്പെടുത്തി ലോറി തട്ടിയെടുത്തതെന്ന് ആന്ധ്രയിൽ നിന്നുള്ള ലോറി ഡ്രൈവറും സഹായികളും പറഞ്ഞു.
രണ്ടു കാറിലും ജീപ്പിലും ഒരു ബൈക്കിലുമായാണ് സംഘം എത്തിയത്. ഹൈവേയിലൂടെ ലോറിയെ പിന്തുടർന്നുവന്നിരുന്ന സംഘം മംഗലം പാലത്തിനടുത്ത് എത്തിയപ്പോൾ വാഹനങ്ങൾ ലോറിക്കു മുന്നിലിട്ട് ഡ്രൈവറെ ഭീഷണിപ്പെടുത്തി ലോറിയുടെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു.
ചൊവ്വാഴ്ച പുലർച്ചെ നാലിനായിരുന്നു സംഭവം. ഡ്രൈവറെയും ലോറിയിലെ മറ്റു മൂന്നു പേരെയും ബലമായി ഇറക്കി കാറിൽ കയറ്റി. ലോറിയിൽ ഉണ്ടായിരുന്ന 50 പോത്തുകുട്ടികളെ കിഴക്കഞ്ചേരി കുന്നങ്കാടിനടുത്തുള്ള വേങ്ങശേരിയിലെ ഒഴിഞ്ഞ പറമ്പിലും 27 കാളകളെ കണ്ണംകുളം അവിഞ്ഞിയിലുള്ള ഷമീറിന്റെ ഫാമിലും ഇറക്കി.
പിന്നീട് ലോറി റോയൽ ജംഗ്ഷനടുത്തു ഹൈവേയിൽ ഉപേക്ഷിച്ചു. ഡ്രൈവറെയും സഹായികളെയും വടക്കഞ്ചേരി ടൗണിലൂടെ പലതവണ കറക്കി അവരെയും ദേശീയപാതയിൽ ഇറക്കിവിട്ടു. ഇവരുടെ ഒരു മൊബൈൽ ഫോണും മറ്റു ഫോണുകളുടെ സിംകാർഡുകളും സംഘം തട്ടിയെടുത്തു.
റോഡിൽ ഇറക്കിവിട്ട ഡ്രൈവറും മറ്റു സഹായികളും പ്രദേശത്തെ മറ്റൊരാളുടെ മൊബൈൽ ഫോൺ വഴി പോത്തിനെ വാങ്ങിക്കൊണ്ടുപോയിരുന്ന കായംകുളം മൂന്നാംകുറ്റി സ്വദേശി ബിനുവിനെ വിളിച്ച് വിവരമറിയിച്ചു.
കായംകുളത്ത് നിന്നും അവർ വടക്കഞ്ചേരിയിൽ എത്തിയാണ് പോലീസിൽ പരാതി നൽകുന്നതും സംഘത്തിലെ രണ്ടു പേർ വലയിലാകുന്നതും. ഒറ്റപ്പാലം സ്വദേശിയായ മൻസൂർ അലിയാണ് ലോറി തട്ടിയെടുക്കലിലെ പ്രധാനിയെന്നു പോലീസ് പറഞ്ഞു.
പ്രതികളെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. വടക്കഞ്ചേരി സി.ഐ കെ.പി ബെന്നി, എസ്.ഐ ജീഷ്മോൻ വർഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
ലോറിയിലെ ജി.പി.എസ് വഴിയാണ് മാടുകളെ ഇറക്കിയ സ്ഥലം പോലീസ് കണ്ടെത്തിയത്. പോത്ത് കുട്ടികളെ കായംകുളത്തേക്കും കാളകളെ കോട്ടയത്തേക്കുമാണ് കൊണ്ടുപോയിരുന്നത്. 15,000 രൂപ മുതൽ 20,000 രൂപ വരെ വിലവരുന്ന, പല വലിപ്പമുള്ളതാണ് പോത്തുകുട്ടികൾ.