ഗൗരി ലങ്കേഷ് വധം; പ്രതികളിലൊരാളുടെ സിസിടിവി ദൃശ്യം ലഭിച്ചു; പിന്നില്‍ ‘പ്രൊഫഷണല്‍ കില്ലര്‍’ ആകാമെന്ന് പൊലീസ്; അന്വേഷണം സംഘപരിവാര്‍ സംഘടനകളെ കേന്ദ്രീകരിച്ച്
ഗൗരി ലങ്കേഷ് വധത്തില്‍ പ്രതികളിലൊരാളുടെ സിസിടിവി ദൃശ്യം ലഭിച്ചു. സിസിടിവി ദൃശ്യങ്ങളില്‍ ഉള്ളത് ഹെല്‍മറ്റും ബാഗും ധരിച്ച യുവാവിന്റെ ദൃശ്യം.ബസവനഗുഡി മുതല്‍ ഇയാള്‍ ഗൗരി ലങ്കേഷിനെ പിന്തുടര്ന്നിരുന്നു. അന്വേഷണ സംഘം ഉടന്‍ മംഗളൂരുവിലേക്ക് പോകും.
പ്രതികളെ ഉടന്‍ പിടികൂടുമെന്ന് കര്‍ണാടക ഗതാഗതമന്ത്രി എച്ച്.എം.രേവണ്ണ പറഞ്ഞു. പൊലീസ് അന്വേഷണം തൃപ്തികരമായ നിലയിലെന്ന് രേവണ്ണ അറിയിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. അന്വേഷണത്തിന് മൂന്ന് സംഘങ്ങളെ നിയോഗിച്ചു. അതേസമയം, അന്വേഷണം സിബിഐയ്ക്ക് കൈമാറണമെന്ന് കേന്ദ്രമന്ത്രി സദാനന്ദഗൗഡ ആവശ്യപ്പെട്ടു.
കൊലപാതകത്തിന് പിന്നില്‍ രണ്ടിലേറെ ആളുകള്‍ക്ക് പങ്കുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. സംഘപരിവാറിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്ന ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് പിന്നില്‍ പരിവാര്‍ ബന്ധമുളള സംഘടനകള്‍ ആണെന്ന നിഗമനത്തിലാണ് പൊലീസ്. കൃത്യം നടത്തിയത് പ്രൊഫഷണല്‍ കില്ലര്‍ ആകാമെന്നും അന്വേഷണ സംഘം സംശയിക്കുന്നു.
ഗൗരി ലങ്കേഷിനോട് വ്യക്തിപരമായി ആര്‍ക്കെങ്കിലും വിരോധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തികരിച്ച് 12 മണിയോടെ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും . കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് നിലപാടിലാണ് ബന്ധുക്കള്‍.
അന്വേഷണം മുന്നോട്ട് പോകുകയാണെന്നും, കല്‍ബുര്‍ഗിയുടെ കൊലപാതകവുമായി ഇതിന് ബന്ധമുണ്ടോയെന്ന് പറയാറായിട്ടില്ലെന്നും കര്‍ണാടക നിയമമന്ത്രി ടിബി ജയചന്ദ്ര പറഞ്ഞു. ചൊവ്വാഴ്ച്ച രാത്രി എട്ട് മണിയോടെ പടിഞ്ഞാറന്‍ ബെംഗളുരുവിലെ വീട്ടില്‍ വെച്ചാണ് ഗൗരി ലങ്കേഷിന് വെടിയേറ്റത്. വീടിന് മുന്നിലെ പോര്‍ച്ചില്‍ ഗൗരിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വീട്ടില്‍ തിരികെയെത്തി അകത്ത് കയറാന്‍ ശ്രമിക്കുന്നതിനിടെ തൊട്ടടുത്ത് നിന്ന് അജ്ഞാതര്‍ വെടിയുതിര്‍ക്കുകയായിരുന്നു. മൂന്ന് വെടിയുണ്ടകള്‍ ഗൗരിയുടെ ദേഹത്ത് കയറിയെന്ന് ഒരെണ്ണം നെറ്റിയില്‍ തറച്ചെന്നും ബെംഗളുരു പൊലീസ് കമ്മീഷണര്‍ ടി സുനില്‍ കുമാര്‍ പറഞ്ഞു.
2005ല്‍ ആരംഭിച്ച ‘ഗൗരി ലങ്കേഷ് പത്രിക’ എന്ന തന്റെ കന്നഡ ടാബ്ലോയ്ഡിന്റെ എഡിറ്ററായിരുന്നു ഗൗരി. ലങ്കേഷ് പത്രിക ആരംഭിച്ച പ്രശസ്ത കവിയും മാധ്യമപ്രവര്‍ത്തകനുമായ പി ലങ്കേഷാണ് ഗൗരിയുടെ അച്ഛന്. ആഴ്ച്ചകളില്‍ പ്രസിദ്ധീകരിച്ചിരുന്ന ടാബ്ലോയ്ഡില്‍ പരസ്യങ്ങള്‍ എടുത്തിരുന്നില്ല. 50 പേര് ചേര്‍ന്നാണ് ‘ജിഎല്‍പി’ മുന്നോട്ട് കൊണ്ടുപോയ്ക്കൊണ്ടിരുന്നത്. തന്റെ രചനകളിലൂടെ വര്‍ഗീയ നിറഞ്ഞ രാഷ്ട്രീയത്തെയും ജാതിവ്യവസ്ഥയെയും ഗൗരി നേരിട്ടു. വിവിധ പ്രസിദ്ധീകരണങ്ങളിലൂടെ വലതുപക്ഷത്തിനെതിരെയും ഹിന്ദുത്വരാഷ്ട്രീയത്തിനെതിരെയും ഗൗരി രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടിരുന്നു.
കഴിഞ്ഞ വര്‍ഷം നവംബറില്‍ അപകീര്‍ത്തിക്കേസില്‍ കോടതി ഗൗരിയ്ക്കെതിരെ ശിക്ഷ വിധിച്ചിരുന്നു. 10,000 രൂപ പിഴയും ആറ് മാസം തടവുമായിരുന്നു ശിക്ഷ. ബിജെപി എംപി പ്രഹ്ലാദ് ജോഷിയും മറ്റൊരു നേതാവായ ഉമേഷ് ദുഷിയും നല്കിയ പരാതിയെത്തുടര്‍ന്നായിരുന്നു ശിക്ഷാവിധി. അന്ന് തന്നെ ഗൗരി ജാമ്യം നേടി. 2008ല്‍ സ്വര്‍ണവ്യാപാരിയില്‍ നിന്നും മൂന്ന് ബിജെപി നേതാക്കള്‍ ഒരു ലക്ഷം രൂപ തട്ടിയെടുത്തെന്ന വാര്‍ത്തയാണ് കേസിന് കാരണമായത്. എന്നാല്‍ മറ്റ് പത്രങ്ങള്‍ ഇതേ വാര്‍ത്ത നല്‍കിയിട്ടും ജിഎല്‍പിയെ ലക്ഷ്യമിടാന്‍ കാരണം തന്റെ രാഷ്ട്രീയ നിലപാടാണെന്ന് ചൂണ്ടിക്കാട്ടി ഗൗരി രംഗത്തെത്തിയിരുന്നു.
ബെംഗളൂരുവിലെ വസതിയില്‍ ഇന്നലെ രാത്രി വെടിയേറ്റു മരിച്ച ഗൗരി ലങ്കേഷിന്റെ കൊലപാതകം ജനാധിപത്യത്തിന്റെ കൊലപാതകമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കുറ്റവാളികളെ എത്രയും വേഗം പിടികൂടണമെന്ന് സി.പി.എഎമ്മും, സത്യത്തെ ഒരിക്കലും നിശബ്ദമാക്കാനാകില്ലെന്ന് രാഹുല്‍ ഗാന്ധിയും പ്രതികരിച്ചു. കൊലപാതകം കര്‍ണാടക സര്‍ക്കാരിന്റെ വീഴ്ചയെന്ന് ബി.ജെ.പി.നേതാക്കളും പ്രതികരിച്ചു. ഗൗരി ലങ്കേഷിന്റെ കൊലപാതകം ആസൂത്രിതമെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഢി പറഞ്ഞു. അന്വേഷണം തുടങ്ങിയെന്നും കുറ്റവാളികളെ ഉടന്‍ കണ്ടെത്തുമെന്നും ആഭ്യന്തരമന്ത്രി ഉറപ്പ് നല്കി.