കശ്മീരിൽ ഏറ്റുമുട്ടൽ, സൈനികൻ വീരമൃത്യു വരിച്ചു
ശ്രീനഗർ: ജമ്മു കശ്മീരിലെ ബട്ടാൽ സെക്ടറിൽ ഭീകരരുടെ നുഴഞ്ഞ് കയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തുന്നതിനിടെ ചൊവ്വാഴ്ച ഒരു ഇന്ത്യൻ സൈനികൻ വീരമൃത്യു വരിച്ചു.
ലാൻസ് നായിക സുഭാഷ് കുമാറാണ് കൊല്ലപ്പെട്ടത്. മൃതദേഹം പോസ്റ്റമോർട്ടത്തിന് ശേഷം സൈന്യത്തിന് കൈമാറിയതാിയ പൊലീസ് അറിയിച്ചു.
പൂഞ്ച് ജില്ലയിലെ ബട്ടാൽ സെക്ടറിൽ പകൽ മുഴുവൻ ഭീകരരുമായി ഇടയ്ക്കിടെയുണ്ടായ വെടിവയ്പിനെ തുടർന്ന് സൈന്യം, പോലീസ്, സിആർപിഎഫ്, വില്ലേജ് ഡിഫൻസ് ഗ്രൂപ്പ്(വി.ഡി.ജി) സംയുക്ത സംഘം പ്രദേശം വളഞ്ഞതായി ഉദ്യോഗസ്ഥർ പറഞ്ഞു.
കൗണ്ടർ ഓപ്പറേഷൻസ് ഇപ്പോഴും തുടരുകയാണെന്ന് മിലിട്ടറിയുടെ വൈറ്റ് നൈറ്റ് കോർപ്സ് എക്സിൽ സ്ഥിരീകരിച്ചു. ഭീകരരുടെ ഭാഗത്തും ആൾനാശമുണ്ട്.
കഴിഞ്ഞ ദിവസം രജൗരി ജില്ലയിൽ സൈനിക പോസ്റ്റിനും വില്ലേജ് ഡിഫൻസ് ഗ്രൂപ്പ് അംഗത്തിൻറെ വീടിനും നേരെയുണ്ടായ ഇരട്ട ഭീകരാക്രമണം സുരക്ഷാ സേന തടയുന്നതിനിടെ ഒരു സൈനികനും ഒരു സിവിലിയനും പരിക്കേറ്റിരുന്നു.
മൂന്ന് പാക് ഭീകരരാണ് സൈനിക ക്യാമ്പ് ആക്രമിച്ചത്. വിഡിജി അംഗത്തിൻറെ വീടിന് നേരെയാണ് ഭീകരർ ആദ്യം വെടിയുതിർത്തത്. സുരക്ഷാ ഉദ്യോഗസ്ഥർ പ്രതികരിച്ചപ്പോൾ ഭീകരർ ഗ്രനേഡ് എറിഞ്ഞു.
പിന്നാലെ പ്രദേശത്ത് പുതുതായി സ്ഥാപിച്ച സൈനിക പോസ്റ്റിന് നേരെ ഭീകരർ ആക്രമണം നടത്തിയതിനെ തുടർന്ന് വീണ്ടും വെടിവയ്പ്പുണ്ടായി. ഒരു ഭീകരൻ കൊല്ലപ്പെട്ടതായി കരുതുന്നു.
പരിക്കേറ്റ സൈനികനെയും സിവിലിയനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ 45 ദിവസത്തിനുള്ളിൽ ജമ്മു മേഖലയിൽ 15 ഭീകരാക്രമണങ്ങളുണ്ടായി, രണ്ട് ഓഫീസർമാർ ഉൾപ്പെടെ 11 സുരക്ഷാ ഉദ്യോഗസ്ഥരും ഒമ്പത് തീർഥാടകരും കൊല്ലപ്പെട്ടു. 58 പേർക്ക് പരിക്കേറ്റു.