വിവാദ ഐ.എ.എസുകാരിയുടെ സെലക്ഷൻ റദ്ദാക്കും
മുംബൈ: ഐ.എ.എസ് നേടാൻ തട്ടിപ്പു നടത്തിയ സംഭവത്തിൽ പൂജ ഖേദ്കറിനെതിരേ നടപടിയുമായി യു.പി.എസ്.സി. പൂജ ഖേദ്ക്കറിൻറെ ഐ.എ.എസ് റദ്ദാക്കാനുള്ള നടപടികൾ സ്വീകരിച്ചു. ഇത് സംബന്ധിച്ച നോട്ടീസ് കമ്മിഷൻ പുറപ്പെടുവിക്കും.
പരീക്ഷയ്ക്കുള്ള അപേക്ഷയിൽ തന്നെ തട്ടിപ്പു നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. പൂജക്കെതിരേ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതായും യു.പി.എസ്.സി അറിയിച്ചു.
വിഷയവുമായി ബന്ധപ്പെട്ട് യു.പി.എസ്.സി സമഗ്ര അന്വേഷണം നടത്തിയതായി പ്രസ്താവനയിൽ പറയുന്നു. ഈ അന്വേഷണത്തിൽ പേര്, വിലാസം, മതാപിതാക്കളുടെ പേര് തുടങ്ങിയവയിൽ മാറ്റം വരുത്തിയതായി കണ്ടെത്തി.
അനുവദനീയമായതിലും കൂടുതൽ തവണ പരീക്ഷയെഴുതാനുള്ള അവസരങ്ങള് പൂജ നേടിയെടുത്തുവെന്നും യുപിഎസ്സി കണ്ടെത്തി. പൂജക്കെതിരെ പരാതി നൽകും.
സെലക്ഷൻ റദ്ദക്കാതിരിക്കാനുള്ള കാരണം കാണിക്കാനും ആവശ്യപ്പെടും. അവരുടെ മറുപടി കണക്കിലെടുത്താവും തുടർനടപടികളെന്നാണ് റിപ്പോർട്ട്. ഭാവിയിൽ പ്രവേശന പരീക്ഷയെഴുതുന്നതിൽ നിന്നും പൂജയെ വിലക്കുമെന്നും യുപിഎസ്സി വ്യക്തമാക്കി.
സ്വകാര്യ വാഹനത്തിൽ അനധികൃതമായി ബീക്കൺ ലൈറ്റ് ഉപയോഗിച്ചതിന് സ്ഥലംമാറ്റം കിട്ടിയതോടെയാണ് പൂജ ഖേദ്കർ ആദ്യമായി വാർത്തകളിൽ നിറയുന്നത്. ഇതിന് പിന്നാലെ വ്യാജ സർട്ടിഫിക്കറ്റ് ആരോപണവും ഉയർന്നു.
പൂജയുടെ അച്ഛൻ ദിലീപ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ സത്യവാങ്മൂലത്തിൽ കാണിച്ച സ്വത്ത് വിവരം നാൽപ്പത് കോടി രൂപയുടേതാണ്.
എന്നിട്ടും പൂജയ്ക്ക് എങ്ങനെ ഒബിസി വിഭാഗത്തിൽ നോൺ - ക്രീമിലെയർ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ സാധിച്ചു എന്നതാണ് ഒരു ചോദ്യം. ഇതുകൂടാതെ, കാഴ്ചപരിമിതിയുണ്ടെന്ന സർട്ടിഫിക്കറ്റിൻറെ അടിസ്ഥാനത്തിലുള്ള സംവരണവും പൂജയ്ക്ക് ലഭിച്ചിരുന്നു.
ചുമതലയേൽക്കുന്നതിന് മുമ്പ് പ്രത്യേക വീടും കാറും വേണമെന്ന ആവശ്യവും ഇവർ ഉന്നയിച്ചിരുന്നു. സർട്ടിഫിക്കറ്റിൽ തിരിമറി നടത്തിയാണ് ഐ.എ.എസ് നേടിയത് എന്നതടക്കം ഗുരുതരമായ ആരോപണങ്ങൾ നേരിടുകയാണ് ഇവർ.