അമേരിക്കന്‍ സഖ്യം സഹായം തേടിയാല്‍ . . ഇന്ത്യയും ഉത്തര കൊറിയക്കെതിരെ നീങ്ങും
ന്യൂഡല്‍ഹി: ഉത്തര കൊറിയ ലോകത്തിന് ഉയര്‍ത്തുന്ന ആണവ ഭീഷണിക്കെതിരെ ഇന്ത്യയും കടുത്ത നടപടിക്ക്.
ചൈനയുടെയും പാക്കിസ്ഥാന്റെയും അടുത്ത സുഹൃത്തായ ഉത്തര കൊറിയക്കെതിരെ അമേരിക്കന്‍ സഖ്യകക്ഷികള്‍ ആവശ്യപ്പെട്ടാല്‍ ഇന്ത്യ സഹായം നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ ദിവസം ഉത്തര കൊറിയ നടത്തിയ ആണവ പരീക്ഷണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ രംഗത്തു വന്നിരുന്നു.
ഉത്തര കൊറിയക്ക് പാക്കിസ്ഥാന്റെ കൈവശത്ത് നിന്നാണ് ആണവ സാങ്കേതിക വിദ്യ ലഭിച്ചതെന്നാണ് ലോക രാഷ്ട്രങ്ങളുടെ കണ്ടെത്തല്‍.
ഇന്ത്യയുടെ അടുത്ത സുഹൃത്തുക്കളായ ജപ്പാന്, ദക്ഷിണ കൊറിയ രാഷ്ട്രങ്ങളാണ് ഏറ്റവും അധികം ഉത്തര കൊറിയന്‍ ഭീഷണി നേരിടുന്ന രാജ്യങ്ങള്‍.
അമേരിക്കയും തങ്ങളുടെ മിസൈല്‍ പരിധിയില്‍ വരുമെന്നും ആക്രമിക്കുമെന്നും ഉത്തര കൊറിയ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ദോക് ലാം വിഷയത്തില്‍ ചൈനക്കെതിരെ പരസ്യമായ നിലപാട് സ്വീകരിച്ച് ഇന്ത്യക്കൊപ്പം നിന്ന രാജ്യങ്ങളാണ് അമേരിക്കയും ജപ്പാനും.
വലിയ രൂപത്തിലുള്ള വ്യാവസായിക ബന്ധമാണ് ദക്ഷിണ കൊറിയയുമായി ഇന്ത്യക്കുള്ളത്.
ഇതെല്ലാം പരിഗണിച്ചാണ് ഇന്ത്യ ഉത്തര കൊറിയക്കെതിരെ ശക്തമായ നിലപാടെടുക്കുന്നത്.
വ്യാമ, നാവിക സേനകള്‍ ഒരറിയിപ്പ് ലഭിച്ചാല്‍ എന്ത് നടപടിക്കും പൂര്‍ണ്ണ സജ്ജമായി നില്‍ക്കുകയാണ്.
ഇന്ത്യയുടെ തന്ത്രപ്രധാനമായ ആന്‍ഡമന്‍ സൈനിക താവളം ആവശ്യമെങ്കില്‍ അമേരിക്കന്‍ സഖ്യകക്ഷികള്‍ക്കായി തുറന്ന് കൊടുക്കുമെന്നാണ് സൂചന.
ആണവ സാങ്കേതികവിദ്യ ഉത്തര കൊറിയക്ക് നല്കിയ പാക്കിസ്ഥാനും അവരെ മുന്നില്‍ നിര്‍ത്തി ‘കളിക്കുന്ന’ ചൈനക്കുമെതിരെ സാമ്പത്തിക ഉപരോധം കൊണ്ടുവരാനും ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ആലോചന നടക്കുന്നുണ്ട്.
ഉത്തര കൊറിയയുടെ ആണവ പരീക്ഷണത്തെ ശക്തമായി അപലപിച്ച ഐക്യരാഷ്ട്രസഭ സൈനിക നടപടിക്ക് അമേരിക്കന്‍ സഖ്യകക്ഷികള്‍ക്ക് പിന്തുണ നല്‍കുന്നുണ്ട്.
ചൈനയും പാക്കിസ്ഥാനും ഉത്തര കൊറിയയും പൂര്‍ണ്ണമായും ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ടിരിക്കുകയാണിപ്പോള്‍.