കണ്ണൂരിലെ നിധിക്ക് 200 വർഷത്തിന് മുകളിൽ പഴക്കം
കണ്ണൂർ: ചെങ്ങളായിയിൽ മഴക്കുഴി നിർമിക്കുന്നതിനിടെ കണ്ടെത്തിയ നിധിക്ക് 200 വർഷത്തിന് മുകളിൽ പഴക്കമെന്ന് പുരാവസ്തു വകുപ്പ്. വെനീഷ്യൻ പ്രഭുക്കൻമാരുടെ നാണയങ്ങളും, മലബാറിലെ രാജവംശങ്ങൾ ഉപയോഗിച്ച നാണയങ്ങളുമാണ് കൂട്ടത്തിൽ കണ്ടെത്തിയത്.
നിധി കണ്ടെടുത്ത സ്ഥലത്ത് കൂടുതൽ പരിശോധനയുടെ ആവശ്യമില്ലെന്നും പുരാവസ്തു വകുപ്പ് വ്യക്തമാക്കി. പുരാവസ്തുക്കളിൽ അറക്കൽ രാജവംശം ഉപയോഗിച്ച നാണയങ്ങളും ഇൻഡോ ഫ്രഞ്ച് നാണയവും വീരരായൻ പണവും ഉൾപ്പെടുന്നു.
വെനീസിലെ മൂന്ന് പ്രഭുക്കന്മാരുടെ കാലത്തെ സ്വർണനാണയങ്ങളാണ് ആഭരണങ്ങൾ ആക്കി മാറ്റിയത്. ഇവ പതിനേഴ് പതിനെട്ട് നൂറ്റാണ്ടിൽ വെനീഷ്യൽ നാണയങ്ങളാണ് കാശിമാലയിൽ പയോഗിച്ചതാണെന്നും പുരാവസ്തു വകുപ്പ് അധികൃതർ പറഞ്ഞു.
നിധിയിലെ വെള്ളി നാണയങ്ങൾ മൂന്ന് തരം. ആദ്യത്തേത് കണ്ണൂർ അറക്കൽ രാജവംശം ഉപയോഗിച്ച കണ്ണൂർ പണം. ആലിരാജാവിന്റെ കാലത്തുള്ളവ.
രണ്ട് നൂറ്റാണ്ട് പഴക്കമുള്ള കണ്ണൂർ പണമാണ് കൂട്ടത്തിൽ ഏറ്റവും പുതിയത്. 2 വെളളി നാണയങ്ങൾ വീരരായൻ പണം. അതായത് സാമൂതിരി കാലത്തുളളത്.
ബ്രിട്ടീഷുകാർക്കും മുമ്പ് മലബാറിൽ പ്രചാരത്തിലുണ്ടായിരുന്ന നാണയം.കൂടാതെ രണ്ട് പുതുച്ചേരി പണവുമുണ്ട്. ഇൻഡോ ഫ്രഞ്ച് നാണയങ്ങൾ എന്നറിയപ്പെടുന്നത്.
ചെമ്പ് പാത്രത്തിലാക്കി 1826ന് ശേഷം കുഴിച്ചിട്ടതാണിവ. പരിപ്പായി ഗവൺമെന്റ് അപ്പർ പ്രൈമറി സ്കൂളിന് സമീപത്തെ റബർ തോട്ടത്തിൽ കുഴിയെടുക്കുന്നതിനിടെ കഴിഞ്ഞ വ്യാഴാഴ്ചയാണ് 17 മുത്തുകൾ, 13 സ്വർണ ലോക്കറ്റുകൾ, നാല് പതക്കങ്ങൾ, അഞ്ച് പുരാതന മോതിരങ്ങൾ, ഒരു സെറ്റ് കമ്മലുകൾ, നിരവധി വെള്ളി നാണയങ്ങൾ എന്നിവ കണ്ടെടുത്തത്.