മോദി സര്‍ക്കാര്‍ നിലകൊള്ളുന്നത് ഏതാനും ചില കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടിയെന്ന് രാഹുല്‍ ഗാന്ധി; ഗോരഖ്പൂരില്‍ ദുരന്ത സാധ്യതയുണ്ടെന്ന് മുന്നറിയിപ്പു നല്‍കിയിരുന്നു
അഹമ്മദാബാദ്: രാജ്യത്തിന് വലിയ നഷ്ടം വരുത്തിവെച്ച് മൈത്രീ മുതലാളിത്തമാണ് നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഏതാനും ചില കോര്‍പറേറ്റുകള്‍ക്കുവേണ്ടിയാണ് മോദി സര്‍ക്കാര്‍ നിലകൊള്ളുന്നതെന്നും അദ്ദേഹം ആരോപിച്ചു. അഹമ്മദാബാദില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഗുജറാത്തിലെ കര്‍ഷകരുടെ ആകെ കടം 36,000 കോടി രൂപയാണ്. ടാറ്റ നാനോയ്ക്കുവേണ്ടി 0.01 ശതമാനം പലിശയിലാണ് 60,000 കോടി രൂപ വായ്പ നല്‍കിയത്. എന്നാല്‍ ഗുജറാത്തില്‍ ആരെങ്കിലും നാനോ കാറുകള്‍ ഉപോയഗിക്കുന്നുണ്ടോ? എത്ര യുവാക്കള്‍ക്ക് ജോലി നല്കാന് അവര്‍ക്കു സാധിച്ചു? രാഹുല്‍ ഗാന്ധി ചോദിച്ചു.
നരേന്ദ്ര മോദിയുടെ അടുപ്പക്കാരായ അന്‍പതോളം വ്യവസായികള്‍ക്കാണ് എല്ലാ സഹായങ്ങളും ലഭിക്കുന്നത്. മോദിയുടെ ആറോ ഏഴോ വ്യവസായി സുഹൃത്തുക്കളാണ് മാധ്യമങ്ങളെയെല്ലാം നിയന്ത്രിക്കുന്നത്. അവര്‍തന്നെയാണ് രാജ്യത്തെ കര്‍ഷകരുടെയും ആദിവാസികളുടെയും തൊഴിലാളികളുടെയും ചെറുകിട കച്ചവടക്കാരുടെയുമെല്ലാം നട്ടെല്ലൊടിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.
ഉത്തര്‍പ്രദേശിലെ ഗോരഖ്പുരിലുള്ള ആശുപത്രികളുടെ ശോച്യാവസ്ഥയെക്കുറിച്ച് താന്‍ മുന്നറിയിപ്പു നല്‍കിയിരുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഒരു വര്‍ഷം മുന്‍പ് നഗരത്തില്‍ സന്ദര്‍ശനം നടത്തിയപ്പോഴാണ് ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. എന്നാല്‍, ഇതു ഗൗരവമായിട്ടെടുക്കാനോ പരിഹാരം കാണാനോ ആരും തയാറായില്ലെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ ആരോപിച്ചു.
ആരോഗ്യനയത്തിന്റെ കാര്യത്തില്‍ കടുത്ത അലംഭാവമാണ് ബിജെപി സര്‍ക്കാരിന്റേതെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ കുറ്റപ്പെടുത്തി. ആരോഗ്യമേഖലയുടെ കാര്യത്തില്‍ ബിജെപിയും നയങ്ങളും അവയുടെ ലക്ഷ്യങ്ങളും സാധാരണക്കാരായ ജനങ്ങളുടെ പ്രതീക്ഷകള്‍ക്കും സ്വപ്നങ്ങള്‍ക്കും വിരുദ്ധമാണെന്നും രാഹുല്‍ ആരോപിച്ചു.