കർഷകരുടെ വീട്ടുപടിക്കൽ സേവനമെത്തിക്കാൻ മൃഗസംരക്ഷണ വകുപ്പിന്റെ എ - ഹെൽപ് പദ്ധതി
തിരുവനന്തപുരം: മൃഗസംരക്ഷണ വകുപ്പിന്റെ പദ്ധതികൾ ക്ഷീരകർഷകരുടെ വീട്ടുപടിക്കൽ എത്തിക്കുന്നത് ലക്ഷ്യമിട്ട് ആരംഭിച്ചിട്ടുള്ള എ - ഹെൽപ്(അക്രെഡിറ്റഡ് ഏജൻറ് ഫോർ ഹെൽത്ത് ആൻഡ് എക്സ്റ്റൻഷൻ ഓഫ് ലൈവ്സ്റ്റോക്ക് പ്രൊഡക്ഷൻ ) പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും,പരിശീലന പരിപാടിയും ആരംഭിച്ചു.നാല്പത്തിരണ്ട് ദിവസത്തെ പശുസഖി പരിശീലനം പൂർത്തിയാക്കിയ വനിതകൾക്കാണ് ആദ്യ ഘട്ടത്തിൽ പരിശീലനം. പൊതുവിൽ ആരോഗ്യ വകുപ്പിലെ ആശ വർക്കർമാരെപ്പോലെയാകും ഇവരുടെ പ്രവർത്തനം. ട്രെയിനിങ് പൂർത്തിയാക്കിയ ശേഷം നാഷണൽ അക്കാദമി ഓഫ് ആർ .എസ് .ഇ .ടി .ഐ നടത്തുന്ന പരീക്ഷയും വിജയിക്കേണ്ടതുണ്ട്. കർഷകർക്ക് അറിവ് പകർന്നു കൊടുക്കുവാൻ കഴിയുന്ന വിധത്തിൽ മൃഗസംരക്ഷണ മേഖലയിലെ വിവിധ വിഷയങ്ങളെകുറിച്ചാണ് ഇവർക്ക് പരിശീലനം നൽകുന്നത്.
വാഗമൺ മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിൽ നടന്ന സമ്മേളനം അഴുത ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രുതി പ്രദീപ് ഉദഘാടനം ചെയ്തു.ഏലപ്പാറ പഞ്ചായത്ത് വാഗമൺ ടൗൺ വാർഡ് മെമ്പർ പ്രദീപ് കുമാർ അധ്യക്ഷനായിരുന്ന ചടങ്ങിൽ ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. മിനി ആർ പദ്ധതി വിശദീകരണം നടത്തി.മൃഗസംരക്ഷണ വകുപ്പ് ജില്ലാ പി.ആർ.ഒ ഡോ. നിശാന്ത് എം.പ്രഭ, മൊബൈൽ ഫാം എസ്സ് യൂണിറ്റ് വെറ്ററിനറി സർജൻ ഡോ. റോസ്മേരി ജോസഫ് എന്നിവർ ആശംസകൾ അർപ്പിച്ചു. എൽ.എം.ടി.സി വെറ്ററിനറി സർജൻ ഡോ. ശാലു എലിസബത്ത് സൈമൺ നന്ദി രേഖപ്പെടുത്തി.
മൃഗസംരക്ഷണ വകുപ്പിന്റെയും കർഷകരുടെയും ഇടയിലുള്ള പ്രധാന കണ്ണിയായി എ -ഹെല്പ് പ്രവർത്തിക്കും വിജ്ഞാനവ്യാപന പ്രവർത്തനങ്ങൾക്കുള്ള അറിവുകൾക്കൊപ്പം പ്രായോഗിക പരിശീലനങ്ങളും ഇവർക്ക് നൽകുന്നുണ്ട്. മൃഗാരോഗ്യ സംരക്ഷണം കന്നുകാലികളുടെ പ്രത്യുൽപാദന പരിപാലനം, തീറ്റ പരിപാലനം,ശുദ്ധമായ പാലുല്പാദനം, പുൽകൃഷി, പ്രഥമ ശുശ്രുഷ കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ വിവിധ പദ്ധതികളെ കുറിച്ചുള്ള വിവരങ്ങൾ കന്നുകാലികളെ ഇൻഷ്വർ ചെയ്യുന്നതിനും ബാങ്കുകളിൽ നിന്നും ലോൺ ലഭ്യമാകുന്നതിന് വേണ്ട സൗകര്യങ്ങളൊരുക്കൽ, രോഗ പ്രതിരോധ കുത്തിവെയ്പിനുവേണ്ട സഹായം നൽകൽ, കന്നുകാലികൾക്ക് തിരിച്ചറിയൽ കമ്മൽ ഘടിപ്പിക്കൽ തുടങ്ങിയ വിവിധ പ്രവർത്തനങ്ങളിൽ എ - ഹെൽപ് മുഖ്യ പങ്കു വഹിക്കും.
പഞ്ചായത്ത് തലത്തിൽ മൃഗാശുപത്രികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എ ഹെൽപ് മൃഗസംരക്ഷണ വകുപ്പിന്റെ വിവിധ പ്രവർത്തനങ്ങൾ കർഷകരുടെ വീട്ടുപടിക്കൽ എത്തിക്കുന്നതിനും കർഷകർക്ക് മൃഗാശുപത്രികൾ മുഖാന്തിരം ലഭിക്കേണ്ട സേവനങ്ങൾ ഉടനടി ലഭ്യമാക്കുന്നതിനുമുള്ള പ്രധാന ഇടനില പ്രവർത്തകരാണ്. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ആവശ്യാനുസരണം ബോധവൽക്കരണ ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിനും, എ - ഹെൽപ്പിന്റെ സേവനം ഉപകരിക്കും.