ഇറിഗേഷൻ മ്യൂസിയം എത്രയും വേഗം യാഥാർഥ്യമാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ
ഇടുക്കി: ജില്ലാ ആസ്ഥാനത്തോട് ചേർന്ന് ചെറുതോണി ആലിൻചുവട് ഭാഗത്ത് പുതുതായി ആരംഭിക്കുന്ന ഇറിഗേഷൻ മ്യൂസിയം എത്രയും വേഗം യാഥാർത്ഥ്യമാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. സാംസകാരിക വകുപ്പിന്റെ കൾച്ചറൽ സെന്റർ, മൾട്ടിപ്ലെസ് തിയേറ്റർ, വ്യവസായ വകുപ്പ് കിൻഫ്ര മുഖേന നടപ്പാക്കുന്ന മിനി ഫുഡ് പാർക്ക് എന്നിവയുടെ രൂപരേഖ തയാറാക്കുന്നതിന് മുന്നോടിയായി ചെറുതോണി അതിഥി മന്ദിരത്തിൽ ചേർന്ന ഉദ്യോഗസ്ഥ തല യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയുടെ സമഗ്ര വികസനത്തിൽ വിവിധ വകുപ്പുകളുടെ ഏകോപനത്തിന് വലിയ പ്രാധാന്യമുണ്ടെന്നും മന്ത്രി പറഞ്ഞു.
സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ യോഗത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അവിചാരിതമായ കാരണങ്ങളാൽ എത്തിയില്ല.എന്നാൽ ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ സാംസ്കാരിക വകുപ്പിന് അദ്ദേഹം നൽകിയിരുന്നു.
ആലിൻചുവട് ഭാഗത്ത് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളെക്കുറിച്ചും ഇതിനാവശ്യമായ സ്ഥല സൗകര്യങ്ങളെക്കുറിച്ചും വിവിധ വകുപ്പുകൾ യോഗത്തിൽ വിശദികരിച്ചു. ഡി.റ്റി.പി.സിയുടെ സ്ഥലത്താണ് പദ്ധതികൾ വിഭാവനം ചെയ്തിട്ടുളത്. ഈ ഭാഗത്തെ ഭൂപ്രകൃതിക്ക് അനുസരിച്ച് വിവിധ തട്ടുകളായി ക്രമീകരിച്ച് നിർമാണം നടത്തുന്നതാണ് ഉചിതമെന്നും പദ്ധതികൾക്ക് ആവശ്യമായ സ്ഥലം വിട്ട് നൽകുന്നതിനുള്ള സർവ്വേ അടിയന്തിര സ്വഭാവത്തോടെ ഈ മാസം 30നുള്ളിൽ പൂർത്തിയാക്കേണ്ടതാണെന്നും മന്ത്രി അറിയിച്ചു .ജലവിഭവ വകുപ്പ് പ്രാഥമിക പ്രവർത്തനങ്ങൾക്കായി 26 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇതോടൊപ്പം വിവിധ വകുപ്പുകൾ നൽകുന്ന രൂപരേഖകൾക്ക് അനുസൃതമായി അതത് വകുപ്പുകകൾ തുക അനുവദിക്കും.
ജില്ലാ ആസ്ഥാനത്തെ ടൂറിസം ലക്ഷ്യമാക്കി ജലവിഭവ വകുപ്പ് നടപ്പാക്കുന്ന ജലസേചന രീതികൾ, വിവിധ ഡാമുകളുടെ മാതൃകകൾ, ഇറിഗേഷൻ റിസേർച്ച് സെന്റർ, വിജ്ഞാന കേന്ദ്രം, വ്യവസായിക പരിശീലന കേന്ദ്രം സെമിനാറുകൾ നടത്തുന്നതിനുള്ള ഹാളുകൾ തുടങ്ങിയവയാണ് ഇറിഗേഷൻ മ്യൂസിയത്തിൽ ഉൾപ്പെടുക. സെന്റർ ഫോർ മാനേജ്മന്റ് ഡെവലപ്മെന്റാണ് പ്രൊജക്റ്റ് തയാറാക്കുന്നത്. ഇതോടൊപ്പം സാംസ്കാരിക വകുപ്പ് നിർമ്മിക്കുന്ന കൾച്ചറൽ സെന്ററിൽ വിവിധ കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുള്ള ഹാളുകൾ, മൾട്ടിപ്ലക്സ് തീയേറ്റർ തുടങ്ങിയവ ഉൾപ്പെടുന്നു. ഇതിനാവശ്യമായ സ്ഥലം കണ്ടെത്തുന്നതിന് നടപടി സ്വീകരിച്ച് വരികയാണ്.
വ്യവസായ വകുപ്പ് നടപ്പാക്കുന്ന മിനി ഫുഡ് പാർക്കിന്റെ സജീകരണങ്ങൾ പൂർത്തിയാക്കുന്നത് കിൻഫ്ര മുഖേനയാണ്. ജില്ലാ വ്യവസായ കേന്ദ്രത്തിന്റ കീഴിൽ വിവിധ വ്യവസായിക സംരംഭകൾക്കാണ് ഇവിടെ സ്ഥലം അനുവദിക്കുക. പദ്ധതികൾ ഒരേ സ്ഥലത്ത് തന്നെ പ്രാവർത്തികമാക്കാൻ കഴിയുന്നതോടെ ടൂറിസം, തൊഴിൽ മേഖലകളിൽ വലിയ മുന്നേറ്റം കുറിക്കാൻ കഴിയുമെന്നും ജില്ലയുടെ നാണ്യ വിള വിപണനത്തിനും ജില്ലയിലെ വിവിധ ഇടങ്ങളിലായി ചിതറി കിടക്കുന്ന ഗ്രാമീണ ടൂറിസം മേഖലകൾക്കും പദ്ധതികൾ കരുത്തേകുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ കൂട്ടി ചേർത്തു.
യോഗത്തിൽ ഇടുക്കി തഹസിൽദാർ ഡിക്സി ജോസഫ്, ഡി.റ്റി.പി.സി സെക്രട്ടറി ജിതേഷ് ജോസ്, സെന്റർ ഫോർ മാനേജ്മന്റ് ഡെവലൊപ്മെന്റ് പ്രതിനിധി സേവ്യർ സി.സി, കിൻഫ്ര ഓഫീസർമാരായ അനിൽകുമാർ ബി, ഹാരിസ് ഈ, കേരള സ്റ്റേറ്റ് ഫിലിം ഡെലവേലപ്മെന്റ് കോർപറേഷൻ അസിസ്റ്റന്റ് അഡ്മിനിസ്ട്രറ്റർ ഓഫീസർ പ്രശാന്ത് ബി, സൈറ്റ് എഞ്ചിനീയർ സുബിൻ പി.എസ്, മുവാറ്റുപുഴ വാലി ഇറിഗേഷൻ പ്രൊജക്റ്റ് മുട്ടം സബ് ഡിവിഷൻ അസിറ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ രമണി കെ.എസ്, താലൂക്ക് സർവേയർ സി മണി, ഹെഡ് ക്ലാർക്ക് സാജു മാത്യു, മന്ത്രിയുടെ പ്രതിനിധി ബിനോയ് സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.