ടീം മോദിയിൽ കേരള കേഡർ തിളക്കങ്ങൾ . . ഈ മൂവർ സംഘമാണ് അധികാര കേന്ദ്രങ്ങൾ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്ത സംഘത്തിലെ മൂവർ സംഘം കേരള കേഡർ ഉദ്യോഗസ്ഥർ.
മുൻ ഐ.പിഎസ് ഉദ്യോഗസ്ഥരായ അജിത് ദോവലിന്യം ആർ.എൻ രവിക്കും പിന്നാലെ മോദി സംഘത്തിൽ ഉൾപ്പെടുന്ന മൂന്നാമത്തെ കേരള കേഡർ ഉദ്യോഗസ്ഥനാണ് അൽഫോൺസ് കണ്ണന്താനം.
കർക്കശ നിലപാടിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാത്തവരാണ് മൂന്ന് പേരും.
1968 ബാച്ച് ഐ.പി.എസുകാരനായ അജിത് ദോവൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവായും 1976 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ ആർ.എൻ രവി ജോയന്റ് ഇന്റലിജൻസ് കമ്മിറ്റി (ജെ.ഐ.സി) ചെയർമാനായും രാജ്യ തലസ്ഥാനത്ത് പ്രവർത്തിച്ചു വരികയാണ്.
1979 ബാച്ചിലെ ഐ.എ.എസ് ഉദ്യോഗസ്ഥനായ അൽഫോൻസ് കണ്ണന്താനം സർവ്വീസിൽ നിന്നും സ്വയം വിരമിച്ച് രാഷ്ട്രീയത്തിൽ ഇറങ്ങിയ പ്രധാനിയാണ്.
ഇടത് സ്വതന്ത്ര എം.എൽ.എ ആയാണ് തുടക്കമെങ്കിലും അധികം താമസിയാതെ ബി.ജെ.പി പാളയത്തിലെത്തിയ അദ്ദേഹം ഇപ്പോൾ പാർട്ടി ദേശീയ നിർവാഹക സമിതി അംഗമാണ്.
പുതിയ കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന അൽഫോൺസ് കണ്ണന്താനത്തെയും മറ്റ് രണ്ട് ഉദ്യോഗസ്ഥരെ പോലെ തന്നെ, പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക താൽപ്പര്യമെടുത്താണ് മന്ത്രിസഭയിൽ കൊണ്ടുവരുന്നത്.
മോദിയുടെ വിശ്വസ്തസംഘത്തിൽ അംഗമാവാൻ കഴിഞ്ഞതിനാൽ കൂടുതൽ കാര്യങ്ങൾ ഫലപ്രദമായി നടപ്പാക്കാൻ നിയുക്ത മന്ത്രിയായി ചുമതലയേൽക്കുന്ന കണ്ണന്താനത്തിന് ഇനി എളുപ്പത്തിൽ കഴിയും.
പുതുതായി ചുമതലയേൽക്കുന്നവരിൽ മറ്റ് രണ്ട് മന്ത്രിമാർ കൂടി ഉദ്യോഗസ്ഥ തലത്തിൽ നിന്നും വരുന്നവരാണ്.
ഇന്ത്യൻ ഫോറിൻ സർവ്വീസിൽ നിന്നുള്ള ഹർദീപ് സിംഗ് പൂരിയും മുൻ മുംബൈ സിറ്റി പൊലീസ് കമ്മീഷണർ സത്യപാൽ സിംഗുമാണവർ.
മുൻ കരസേന മേധാവി വി.കെ.സിങ്ങാവട്ടെ നിലവിൽ കേന്ദ്ര മന്ത്രിയുമാണ്.
രാജ്യത്തെ ആദ്യത്തെ വനിത ഐ.പി.എസ് ഓഫീസർ കിരൺ ബേദിയെ പോണ്ടിച്ചേരി ലഫ്.ഗവർണ്ണറാക്കിയതും മോദി മുൻകൈ എടുത്ത് തന്നെയാണ്.
മുഖ്യധാരയിലേക്ക് സർവ്വീസിൽ നിന്നും വിരമിച്ച ഉന്നത ഉദ്യോഗസ്ഥരെ കൊണ്ടുവരിക മാത്രമല്ല, ഉന്നത പദവി നൽകി അവരുടെ കഴിവുകൾ ഉപയോഗപ്പെടുത്താനും മോദി പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.
യു.പി.എ സർക്കാറിന്റെ കാലത്ത് നിയമിച്ച തമിഴ് നാട്ടുകാരനായ മുൻ ഐ.പി.എസ് ഓഫീസർ വിജയകുമാറിനെ കേന്ദ്ര ആഭ്യന്തര സുരക്ഷാ ഉപദേഷ്ടാവ് സ്ഥാനത്ത് നിന്നും മാറ്റാതെ മാവോയിസ്റ്റ് വേട്ടയുടെ പൂർണ്ണ ചുമതല നൽകിയിരിക്കുകയാണിപ്പോൾ കേന്ദ്ര സർക്കാർ.
വീരപ്പൻ വേട്ടക്ക് നേതൃത്വം കൊടുത്തും ചെന്നൈയിൽ ഗുണ്ടകളെ എൻകൗണ്ടറിലൂടെ നിലംപരിശാക്കിയും ശ്രദ്ധേയനായ ഉദ്യോഗസ്ഥനാണ് വിജയ് കുമാർ.