ലിഫ്റ്റിൽ കുടുങ്ങിയ രോഗിയെ രക്ഷപ്പെടുത്തിയത് 48 മണിക്കൂറിന് ശേഷം: തിരുവനന്തപുരം മെഡിക്കൽ കോളെജിലെ 3 ജീവനക്കാർക്ക് സസ്പെൻഷൻ
തിരുവനന്തപുരം: മെഡിക്കൽ കോളെജ് ആശുപത്രിയിൽ ലിഫ്റ്റിനുള്ളിൽ രോഗി കുടുങ്ങിയ സംഭവത്തിൽ മൂന്ന് ജീവനക്കാർക്ക് സസ്പെൻഷൻ.
രണ്ട് ലിഫ്റ്റ് ഓപ്പറേറ്റർ, ഡ്യൂട്ടി സർജന്റ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സംഭവം പുറത്ത് വന്നതിന് പിന്നാലെ അടിയന്തര അന്വേഷണത്തിന് ആരോഗ്യ മന്ത്രി വീണാ ജോർജ് നിർദേശിച്ചിരുന്നു.
അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. മെഡിക്കൽ കോളെജ് ആശുപത്രിയിൽ ലിഫ്റ്റിൽ 48 മണിക്കൂറാണ് രോഗി കുടുങ്ങിയത്.
ഉള്ളൂർ സ്വദേശിയായ 59കാരൻ രവീന്ദ്രനാണ് ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ലിഫ്റ്റിൽ കുടുങ്ങിയത്. ഇദ്ദേഹത്തെ പുറത്തെത്തിച്ചത് തിങ്കളാഴ്ച പുലർച്ചെ 6 മണിക്കാണ്. മെഡിക്കൽ കോളെജ് ഒ.പിയിൽ നാല് ലിഫ്റ്റുകളാണ് ഉള്ളത്.
ഇതിൽ ഒരു ലിഫ്റ്റിന് തകരാറുണ്ട്. നടുവു വേദനയെ തുടർന്ന് അസ്ഥിവിഭാഗത്തിലെ ഡോക്ടറെ കാണാനായാണ് രവീന്ദ്രൻ ഒപി വിഭാഗത്തിലെത്തിയത്. രവീന്ദ്രൻ കയറിയത് തകരാറുള്ള ലിഫ്റ്റിലായിരുന്നു.
രവീന്ദ്രന്റെ ഫോൺ കേടായതിനാൽ അദ്ദേഹത്തിന് ലിഫ്റ്റിൽ കുടുങ്ങിയ വിവരം ആരേയും വിളിച്ചറിയിക്കനായില്ല. ലിഫ്റ്റിൽ തട്ടുകയും അലാറാം അടിക്കുകയും ചെയ്തിരുന്നു.
എന്നാൽ ആരുടേയും ശ്രദ്ധയിലിത് പെട്ടില്ല. ലിഫ്റ്റ് ഓപ്പറേറ്റര്‍ ലിഫ്റ്റ് ലോക്ക് ചെയ്ത് പോകുകയും ചെയ്തു. ഞായാറാഴ്ചയായതിനാല്‍ അന്ന് ആരും ലിഫ്റ്റിനടുത്ത് എത്തുകയോ തുറക്കുകയോ ചെയ്തില്ല.
മെഡിക്കല്‍ കോളെജില്‍ വെച്ച് രവീന്ദ്രനെ കാണാതായതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ കുടുംബം ആശുപത്രിയിൽ പരാതി നല്‍കിയിരുന്നു. എന്നാല്‍, ഇദ്ദേഹത്തെ കണ്ടെത്താനായില്ല.
പിന്നീട് തിങ്കളാഴ്ച രാവിലെയോടെ ലിഫ്റ്റ് തകരാര്‍ പരിഹരിക്കുന്നതിനായി തൊഴിലാളികള്‍ എത്തി തുറന്നപ്പോഴാണ് അവശനിലയില്‍ രവീന്ദ്രനെ കണ്ടെത്തിയത്.
രവീന്ദ്രനെ മെഡിക്കൽ കോളെജിൽ തന്നെ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. രക്തസമ്മർദം സംബന്ധിച്ച ബുദ്ധിമുട്ടുകളല്ലാതെ അദ്ദേഹത്തിന് കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്.