വിവാദ ഐ.എ.എസുകാരിയുടെ അമ്മ തോക്കുമായി കർഷകരെ ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്ത്
മുംബൈ: വിവാദ ഐ.എ.എസ് ഉദ്യോഗസ്ഥ പൂജ ഖേദ്കറെ തേടി പുതിയ കുരുക്കുകൾ. പൂജയുടെ അമ്മ മനോരമ ഖേദ്കർ കൈത്തോക്കുമായി കർഷകരെ ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നതാണ് പുതിയ പ്രശ്നം.
വീഡിയോ വൈറലായതിനെത്തുടർന്ന് പൂനെ പൊലീസ് മനോരമക്കെതിരേ സ്വമേധയാ കേസെടുത്തു. ഒരു കൂട്ടം കർഷകരുമായി മനോരമ വാക്കു തർക്കത്തിൽ ഏർപ്പെടുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.
ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചാണ് തർക്കം. ഇതിനെത്തുടർന്ന് മനോരമ തോക്കെടുത്ത് കർഷകരെ ഭീഷണിപ്പെടുത്തുന്നതും, ഭൂമിയുടെ രേഖകൾ കാണിക്കാൻ ആവശ്യപ്പെടുന്നതും വീഡിയോയിൽ വ്യക്തമാണ്.
ക്യാമറയിൽ പകർത്തുന്നുണ്ടെന്ന് കണ്ട് അവർ തോക്ക് ഒളിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. സ്വകാര്യ വാഹനത്തിൽ അനധികൃതമായി ബീക്കൺ ലൈറ്റ് ഘടിപ്പിക്കുകയും, കളക്റ്ററേറ്റിൽ ചട്ടവിരുദ്ധമായ സൗകര്യങ്ങൾ സ്വന്തമാക്കാൻ ശ്രമിക്കുകയും ചെയ്തതിന് പൂനെയിൽ നിന്നു വാഷിമിലേക്കു സ്ഥലം മാറ്റപ്പെട്ടതോടെയാണ് പൂജ ഖേദ്കർ വാർത്തകളിൽ നിറഞ്ഞത്.
ഇതിന് പിന്നാലെ, കാഴ്ച - മാനസിക വൈകല്യങ്ങളുടെ വ്യാജ സർട്ടിഫിക്കറ്റും, അർഹതയില്ലാത്ത ഒബിസി സർട്ടിഫിക്കറ്റും ഹാജരാക്കിയാണ് പൂജ സിവിൽ സർവീസിൽ കടന്ന് കൂടിയതെന്നും ആരോപണമുയർന്നു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ പൂജയുടെ അച്ഛൻ ഹാജരാക്കിയ സത്യവാങ്ങ്മൂലം അനുസരിച്ച് കുടുംബത്തിന് 40 കോടി രൂപയുടെ സ്വത്തുണ്ട്.
ഇതുകൂടാതെ പൂജയുടെ പേരിലും ഫ്ളാറ്റുകളുണ്ട്. ഇതനുസരിച്ച് ക്രീമിലെയറിൽപ്പെടുന്ന പൂജ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പിന്നാക്ക വിഭാഗങ്ങൾക്കു ലഭിക്കുന്ന ആനുകൂല്യങ്ങൾക്ക് അർഹയല്ല. പൂജക്കെതിരായ ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര സർക്കാർ ഏകാംഗ പാനലിനെ നിയോഗിച്ചിട്ടുണ്ട്.
ആരോപണങ്ങൾ സത്യമാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞാൽ പൂജയെ സർവീസിൽ നിന്ന് പുറത്താക്കുക വരെ ചെയ്യാം. ക്രിമിനൽ നടപടികൾ നേരിടേണ്ടിയും വരും.