രാജ്യത്തെ ആദ്യ ജനറേറ്റീവ് എഐ കോൺക്ലേവിന് തുടക്കമായി
കൊച്ചി: നിർമിത ബുദ്ധിയുടെ(ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സാധ്യതകളും സമൂഹത്തിലും സമ്പദ് വ്യവസ്ഥയിലും അതുണ്ടാക്കുന്ന സ്വാധീനവും ചർച്ചചെയ്യുന്ന രാജ്യത്തെ ആദ്യ ജനറേറ്റീവ് എ.ഐ കോൺക്ലേവിന് കൊച്ചിയിൽ തുടക്കമായി. കൊച്ചി ലുലു ഗ്രാൻഡ് ഹയാത് ബോൾഗാട്ടി ഇന്റർനാഷണൽ കൺവൻഷൻ സെന്ററിൽ നടന്ന ദ്വിദിന കോൺക്ലേവ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപറേഷൻ(കെ.എസ്.ഐ.ഡി.സി) ഐ.ബി.എമ്മുമായി ചേർന്നാണ് കോൺക്ലേവ് നടത്തുന്നത്. 2000ത്തോളം പ്രതിനിധികളാണ് കോൺക്ലേവിൽ പങ്കെടുക്കുന്നത്.
മന്ത്രിമാർ, ഐ.ബി.എം അംഗങ്ങൾ, വ്യവസായ - ടെക്നോളജി പ്രമുഖർ തുടങ്ങിയവർ കാഴ്ചപ്പാടുകൾ പങ്കിടും. 17 സെഷനുകളിലായി ഡെമോകൾ, ആക്ടിവേഷനുകൾ, വ്യവസായ വിദഗ്ധരുമായുള്ള കൂടിക്കാഴ്ച എന്നിവ ഉണ്ടാകും.
രണ്ട് ദിവസം, 17 സെഷനുകൾ - ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രാജ്യാന്തര കോൺക്ലേവിൽ രണ്ടു ദിവസങ്ങളിലായി 17 സെഷനുകൾ. പത്തെണ്ണം വെള്ളിയാഴ്ച നടക്കും.
11.15ന് ജെൻ എ.ഐ ഈസ് ദ ന്യൂ ടെക്നോളജി നോർത്ത് സ്റ്റാർ, 11.45ന് ഡ്രൈവിങ്ങ് ഇന്നൊവേഷൻ വിത്ത് വാട്സൺഎക്സ്, 1.30ന് ജെൻ എ.ഐ ഇൻ റൈസിങ് ഭാരത്, 1.55ന് ഓപ്പൺ സോഴ്സ് എ.ഐ ശക്തി പ്രയോജനപ്പെടുത്തി ബിസിനസ് നവീകരണം ത്വരിതപ്പെടുത്തൽ, 2.20ന് റോബോട്ടിക്സിലും ആപ്ലിക്കേഷനിലും എ.ഐ, 3.10ന് നാവിഗേറ്റിങ് ദി ജെൻ എ.ഐ ലാൻഡ്സ്കേപ്പ്, 3.40ന് നാസയിലെ ബഹിരാകാശ സഞ്ചാരി സ്റ്റീവ് സ്മിത്ത് നയിക്കുന്ന ബഹിരാകാശ സഞ്ചാരിയായുള്ള അനുഭവപാഠങ്ങൾ എന്നിവയാണ് ആദ്യ ദിവസത്തെ സെഷനുകൾ.
തുടർന്ന് നെറ്റ് വർക്കിങ്ങും ഡെമോകളും പ്ലേഗ്രൗണ്ടിലെ ആക്ടിവേഷനുകളും നടക്കും. വെള്ളി രാവിലെ 10ന് എ.ഐ മേഖലയുടെ പ്രോത്സാഹനത്തിനായുള്ള സർക്കാർ ഉദ്യമങ്ങളെ കുറിച്ച് മന്ത്രി പി രാജീവ്, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ഇലക്ട്രോണിക്സ് ഐ.ടി സെക്രട്ടറി ഡോ. രത്തൻ യു ഖേൽക്കർ തുടങ്ങിയവർ സംസാരിക്കും.
11ന് കേരളത്തിലെ ജെൻ എ.ഐ പിന്തുണ ആവാസ വ്യവസ്ഥ, 11.30ന് ജെൻ എ.ഐ മേഖലയിൽ സ്ത്രീ സംരംഭകർക്കായുള്ള സാധ്യതകൾ എന്നിവയിൽ പാനൽ ചർച്ചകൾ നടക്കും. നാവിഗേറ്റിങ്ങ് ദി ജെൻ എ.ഐ ലാൻഡ്സ്കേപ്പ്: എ ഡെവലപ്പേഴ്സ് റോഡ്മാപ്പെന്ന വിഷയത്തിൽ പ്രഭാഷണവും നടക്കും.
ഉച്ചഭക്ഷണത്തിന് ശേഷം വിദ്യാർത്ഥികളുടെയും സ്റ്റാർട്ടപ്പുകളുടെയും വാട്സൺഎക്സ് ഹാക്കത്തോൺ വിജയികൾക്കുള്ള സമ്മാനദാനവും അവതരണവും.
എ.ഐ അഡോപ്ഷൻ ഇൻ ഇന്ത്യ - ദ ഇംപാക്റ്റ് ഓൺ ഇന്ത്യൻ ഇക്കണോമി ആൻഡ് ബിസിനസ്, ബിസിനസ് ആപ്ലിക്കേഷനുകൾക്കായുള്ള എ.ഐ വിന്യാസം ത്വരിതപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങളിൽ പ്രഭാഷണം നടക്കും. 3.45ന് സമാപന സമ്മേളനം.