കീം 2024 ഫലം പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യ കീം ഓൺലൈൻ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ഉന്നത വിദ്യാഭ്യാസ - സാമൂഹ്യ നീതി മന്ത്രി ആർ ബിന്ദു വാർത്താ സമ്മേളനത്തിലൂടെയാണ് പ്രവേശന പരീക്ഷയുടെ റാങ്ക് പട്ടിക പ്രഖ്യാപിച്ചത്.
എൻജിനീയറിങ്ങിൽ ആദ്യ മൂന്നും ആൺകുട്ടികൾ സ്വന്തമാക്കി. ആലപ്പുഴ ജില്ലയിലെ പി ദേവാനന്ദിന് ആണ് ഒന്നാം റാങ്ക്. ഹഫീസ് റഹ്മാൻ(മലപ്പുറം), അലൻ ജോണി അനിൽ(പാലാ) എന്നിവരാണ് തൊട്ടുപിന്നിലുള്ള റാങ്കുകാർ.
റാങ്ക് പട്ടികയിൽ 52,500 പേർ ഇടംനേടിയത്. ആദ്യ 100 റാങ്കിൽ 13 പെൺകുട്ടികളും 87 ആൺകുട്ടികളും ഉൾപ്പെട്ടു. കേരള സിലബസിൽ നിന്ന് 2,034 പേരും സി.ബി.എസ്.ഇയിൽ നിന്ന് 2,785 പേരുമാണ് റാങ്ക് പട്ടികയിൽ ഇടം നേടിയത്.
ഉദ്യോഗാർഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ cee.kerala.gov.inൽ ഫലം പരിശോധിക്കാൻ കഴിയും. ഫലം പരിശോധിക്കുന്നതിനൊപ്പം ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ആപ്ലിക്കേഷൻ നമ്പറും പാസ് വേഡും നൽകിയാണ് ഫലം അറിയേണ്ടത്.
ജൂൺ അഞ്ച് മുതൽ ഒമ്പത് വരെ നടന്ന ആദ്യ കീം ഓൺലൈൻ പ്രവേശന പരീക്ഷയിൽ 79,044 വിദ്യാർഥികളാണ് വിധിയെഴുതിയത്. കഴിഞ്ഞ വർഷത്തെക്കാൾ 4,261 പേർ കൂടുതലായി യോഗ്യത നേടിയെന്നതും ശ്രദ്ധേയം.
ആദ്യ 100 റാങ്കിൽ കൂടുതൽ പേർ ഉൾപ്പെട്ടത് എറണാകുളം(24) ജില്ലയിൽ നിന്നാണ്. തിരുവനന്തപുരവും(15) കോട്ടയവുമാണ്(11) തൊട്ട് പിന്നിൽ. എറണാകുളം ജില്ലയിൽ നിന്നാണ് ഏറ്റവുമധികം പേർ(6,568 ) റാങ്ക് പട്ടികയിൽ ഉൾപ്പെട്ടത്.
ഏറ്റവുമധികം പേർ ആദ്യ 1000 റാങ്കുകളിൽ ഉൾപ്പെട്ടതും(170) എറണാകുളം ജില്ലയിൽ നിന്നാണ്. സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിലും ന്യൂഡൽഹി, മുംബൈ, ദുബൈ കേന്ദ്രങ്ങളിലുമായിരുന്നു പരീക്ഷ.
പട്ടികയിൽ ഉൾപ്പെട്ടവരുടെ എണ്ണത്തിലും 2829 പേരുടെ വർധനയുണ്ടായി. പരീക്ഷയെഴുതുകയും യോഗ്യത നേടുകയും ചെയ്ത ഏക ട്രാൻസ്ജെൻഡർ വ്യക്തിയ്ക്ക് റാങ്ക് പട്ടികയിൽ ഉൾപ്പെടാനായില്ല.
സംസ്ഥാനത്ത് ആദ്യമായി ഇത്ര വിപുലമായ രീതിയിൽ ഓൺലൈനായി നടത്തിയ പരീക്ഷയുടെ ഫലമാണ് പരീക്ഷ നടന്ന് കൃത്യം ഒരു മാസം പിന്നിടുമ്പോൾ പ്രസിദ്ധപ്പെടുത്തിയത്. ഒരു ദിവസം പരമാവധി 18,993 വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാനുള്ള സൗകര്യമാണ് സർക്കാർ ഒരുക്കിയത്.