ബാങ്കുകളിലെത്തിയ 2.89 ലക്ഷംകോടി രൂപ നിരീക്ഷണത്തില്‍ 9.72 ലക്ഷം പേരുടെ 13.33 ലക്ഷം അക്കൗണ്ടുകളാണ് ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിലുള്ളത്.
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിനു ശേഷം നടത്തിയ 2.89 ലക്ഷം കോടി രൂപയുടെ നിക്ഷേപം സംബന്ധിച്ച് സൂക്ഷ്മ പരിശോധന നടത്തിവരികയാണെന്ന് ആദായനികുതി വകുപ്പ്. 9.72 ലക്ഷം പേരുടെ 13.33 ലക്ഷം അക്കൗണ്ടുകളാണ് ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിലുള്ളത്.
നോട്ട് നിരോധനത്തിനു ശേഷം പഴയ 1,000, 500 രൂപ നോട്ടുകളില്‍ 99 ശതമാനവും തിരികെ വന്നതായി കഴിഞ്ഞ ദിവസം പുറത്തുവന്ന റിസര്‍വ്വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇപ്രകാരം 15 ലക്ഷം കോടിയുടെ പഴയ നോട്ടുകളാണ് റിസര്‍വ്വ് ബാങ്കില്‍ തിരികെയെത്തിയതെന്നാണ് കണക്ക്. നിക്ഷേപിക്കപ്പെട്ടതില്‍ കള്ളപ്പണം ഉണ്ടാകാം. ബാങ്കില്‍ നിക്ഷേപിക്കപ്പെട്ടു എന്നതുകൊണ്ടുമാത്രം കള്ളപ്പണമല്ലെന്ന് പറയാനാവില്ലെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞിരുന്നു.
ബാങ്കില്‍ നിക്ഷേപിക്കപ്പെട്ട് പണം പൂര്‍ണമായും നിയമവിധേയമാണെന്ന് പറയാനാവില്ല. ഇതില്‍ വലിയൊരു പങ്കും കള്ളപ്പണമാകാം. ഇതു കണ്ടെത്തുന്നതിനാണ് നിക്ഷേപങ്ങള്‍ സംബന്ധിച്ച് സൂക്ഷ്മ പരിശോധന നടത്തുന്നതെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കി.
കള്ളപ്പണം ഇല്ലാതാക്കുക മാത്രമായിരുന്നില്ല നോട്ട് നിരോധനത്തിന്റെ ലക്ഷ്യമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ജനങ്ങളുടെ കൈയ്യിലുള്ള പണം സമ്പദ് വ്യവസ്ഥയില്‍ തിരികെ എത്തിക്കുക, ഡിജിറ്റൈസേഷന് നടപ്പാക്കുക, നികുതി പിരിക്കുന്നത് ശക്തമാക്കുക എന്നിവയും നോട്ടുനിരോധനത്തിന്റെ ലക്ഷ്യങ്ങളായിരുന്നു. ഈ ലക്ഷ്യങ്ങള്‍ നേടാന്‍ സാധിച്ചതായും അദ്ദേഹം പറഞ്ഞു.
ആര്‍ബിഐ റിപ്പോര്‍ട്ട് അനുസരിച്ച് കറന്‍സി നോട്ടിന്റെ ഉപയോഗത്തില്‍ 17 ശതമാനത്തിന്റെ കുറവ് വന്നിട്ടുണ്ട്. കൂടുതല്‍ കറന്‍സി നോട്ടുകള്‍ ഉണ്ടായിരുന്ന സാമ്പത്തിക മേഖലയായിരുന്നു ഇന്ത്യയുടേത്. ഈ സാഹചര്യം മാറേണ്ടത് അത്യന്താപേക്ഷിതമായിരുന്നു. തെരഞ്ഞെടുപ്പുകളില്‍ ഉള്‍പ്പെടെ കള്ളപ്പണത്തിന്റെ ഉപയോഗം തടയുകയാണ് സര്‍ക്കാരിന്റെ അടുത്ത ലക്ഷ്യമെന്നും അരുണ്‍ ജെയ്റ്റ്ലി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു