കോളനിയെന്ന പേര് മാറ്റിയത് കൊണ്ട് ജീവിതനിലവാരം ഉയരുമോ?; അമ്പലപ്പുഴ തോപ്പിൽ കോളനി നിവാസികൾ ചോദിക്കുന്നു…
അമ്പലപ്പുഴ: പേര് മാറ്റിയത് കൊണ്ട് കോളനി നിവാസികളുടെ ജീവിതനിലവാരവും ഭൗതിക സാഹചര്യവും ഉയരുമോയെന്ന ചോദ്യമുയർത്തി അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് എട്ടാം വാർഡ് ആമയിട തോപ്പിൽ കോളനി.
കോളനിയെന്ന പേര് മാറ്റിയത് വലിയ രീതിയിൽ കൊട്ടിഘോഷിച്ചെങ്കിലും കോളനികളിൽ ജീവിക്കുന്നവരുടെ അവസ്ഥയ്ക്കും കോളനിക്കും മാറ്റമുണ്ടാകില്ലെന്ന് തെളിയിക്കുന്നതാണ് ഈ പ്രദേശം.
കെ രാധാകൃഷ്ണൻ മന്ത്രി സ്ഥാനമൊഴിഞ്ഞപ്പോൾ അവസാനമായി ഒപ്പിട്ട് പ്രഖ്യാപനം നടത്തിയതാണ് കേരളത്തിൽ ഇനി കോളനിയെന്ന പദപ്രയോഗം വേണ്ടെന്ന്.
വ്യക്തികളുടെ പേരിനൊപ്പമുള്ള കോളനി, ഊര് തുടങ്ങിയ പദങ്ങൾ ഒഴിവാക്കി പകരം പേര് നൽകണമെന്ന സുപ്രധാനമായ തീരുമാനമാണ് മന്ത്രി കൈക്കൊണ്ടത്.
എന്നാൽ, സർക്കാർ രേഖകളിൽ പേര് മാറ്റിയതുകൊണ്ടുമാത്രം ഇത്തരം പ്രദേശങ്ങളിൽ ജീവിക്കുന്നവർക്ക് എന്തുമാറ്റമാണ് സർക്കാർ നടപ്പിലാക്കുന്നത്.
അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് എട്ടാം വാർഡ് ആമയിട തോപ്പിൽ കോളനി പട്ടികവർഗത്തിൽപ്പെട്ട എട്ടോളം കുടുംബങ്ങൾക്കായി വർഷങ്ങൾക്കു മുമ്പ് സ്ഥാപിച്ചതാണ്.
പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇവരുടെയും കോളനിയുടെയും ഭൗതിക സാഹചര്യത്തിനും ഒരു മാറ്റവുമുണ്ടായിട്ടില്ല. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള ഈ പ്രദേശം ചെറിയ മഴയിൽപ്പോലും കനത്ത വെള്ളക്കെട്ടിലാകും.
അതുകൊണ്ടുതന്നെ മലിന ജലവും മാലിന്യക്കൂമ്പാരവുമാണ് ഇവർ താമസിക്കുന്ന ഈയിടം. പൊട്ടിതകർന്ന വീടുകൾക്കുള്ളിൽ ആശങ്കയോടെയാണ് ഇവർ ജീവിക്കുന്നത്.
ഓരോ ബജറ്റിലും പ്രദേശത്തിൻറെ വികസനത്തിനായി സർക്കാർ വലിയ പ്രഖ്യാപനങ്ങളൊക്കെ നടത്താറുണ്ടെങ്കിലും അവയിൽ ഒന്നുപോലും പ്രാവർത്തികമായിട്ടില്ല. പരിസരമാകെ കാടുപിടിച്ച് മാലിന്യക്കൂമ്പാരമായി കിടക്കുകയാണ്.
ഈ രീതിയിൽ കോളനിയാകെ മലിനമായി കിടന്നിട്ടും ആരോഗ്യവകുപ്പ് തിരിഞ്ഞുനോക്കിയിട്ടില്ല. പേര് മാത്രം മാറ്റിയാൽ പോര, തങ്ങളുടെ ജീവിത നിലവാരം മാറ്റാനുള്ള പദ്ധതികളും നടപ്പാക്കണമെന്നാണ് ഇവരുടെ ആവശ്യം. വാഗ്ദാനങ്ങളല്ലാതെ മറ്റൊന്നും തങ്ങൾക്ക് ലഭിക്കുന്നില്ലെന്നാണ് ഇവരുടെ പരാതി.
കൃഷ്ണതേജ ജില്ലാ കളക്ടറായ കാലത്ത് ഇവിടം സന്ദർശിച്ച് നവീകരണ പ്രവർത്തനങ്ങൾ നടത്താമെന്ന് ഉറപ്പു നൽകിയിരുന്നു. എന്നാൽ, തൊട്ടുപിന്നാലെ കളക്ടറെ മാറ്റിയതിനാൽ ഒന്നും നടന്നില്ല.
പിന്നീട് മാറിമാറി വന്ന ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള ഒരു ഭരണാധികാരിയും ഇവിടെ സന്ദർശിച്ചിട്ടില്ല. കോളനിയുടെ വികസനത്തിനായി ഒന്നും ചെയ്തിട്ടുമില്ലെന്നാണ് ഇവർ പറയുന്നത്. കോളനിയെന്ന പേര് ഒഴിവാക്കി ഉന്നതി, പ്രകൃതി തുടങ്ങിയ പേരുകൾ പല കോളനികളും സ്വീകരിച്ചുകഴിഞ്ഞു.
കോളനിയെന്ന പേര് ഒഴിവാക്കിയത് കൊണ്ട് മാത്രം കോളനി നി വാസികൾക്ക് പുരോഗതിയുണ്ടാകില്ലെന്ന് തെളിയിക്കുന്നതാണ് തോപ്പിൽ കോളനിയിൽ താമസിക്കുന്ന ഇവരുടെ ജീവിതം.