എം.എൽ.എ കെ.കെ രമയുടെ ചോദ്യങ്ങളിൽ നിന്നും ഇത്തവണയും ഒഴിഞ്ഞ് മാറി മുഖ്യമന്ത്രി
തിരുവനന്തപുരം: ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട കെ.കെ രമ എം.എൽ.എയുടെ ചോദ്യത്തിന് നിയമസഭയിൽ മറുപടി പറയാതെ ഒഴിഞ്ഞ് മാറി മുഖ്യമന്ത്രി പിണറായി വിജയൻ.
സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമത്തെ കുറിച്ചുള്ള അടിയന്തര പ്രമേയ നോട്ടീസിന് മുഖ്യമന്ത്രി മറുപടി പറയാതെ ആരോഗ്യ മന്ത്രി വീണാ ജോർജിനെ ചുമതലപ്പെടുത്തുക ആയിരുന്നു. നിയമസഭാ മന്ദിരത്തിൽ ഉണ്ടായിരുന്നിട്ടും രമയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ മുഖ്യമന്ത്രി സഭാ തലത്തിൽ എത്തിയില്ല.
സ്ത്രീകളുടെയും കുട്ടികളുടെയും വകുപ്പ് വീണ ജോർജിനായതുകൊണ്ടാണ് മറുപടി നൽകാൻ അവരെ ഏൽപ്പിച്ചതെന്നാണ് ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് നൽകുന്ന വിശദീകരണം.
എന്നാൽ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി മറുപടി നൽകേണ്ട ചോദ്യങ്ങളായിരുന്നു രമ ഉയർത്തിയതിൽ അധികവും. സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ വർധിച്ചു വരുന്നത് വളരെ ഗൗരവമുള്ള വിഷയമാണ്.
ഇതിൽ പൊലീസ് നടപടി കൂടി ഉള്ളതിനാൽ മുഖ്യമന്ത്രി മറുപടി പറയേണ്ടിയിരുന്നു. എന്നാൽ മുഖ്യമന്ത്രി നിയമസഭയിൽ ഹാജരായില്ല. ഇത് ഈ വിഷയത്തെ സർക്കാർ എത്ര ലാഘവത്തോടെയാണ് കാണുന്നത് എന്നതിന് തെളിവാണെന്ന് കെ.കെ രമ അഭിപ്രായപ്പെട്ടു.
2022ൽ 18943 കേസുകളായിരുന്നെങ്കിൽ, 2023 ആയപ്പോൾ 18950 കേസുകളായി സ്ത്രീകൾക്ക് നേരെ മാത്രമുള്ള അതിക്രമങ്ങൾ വർധിച്ചുവെന്നും രമ നിയമസഭയിൽ ചൂണ്ടിക്കാട്ടി.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ അതിക്രമക്കേസുകളിൽ പ്രതികൾക്കെതിരെ ശക്തമായ നടപടിയാണു സർക്കാർ സ്വീകരിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി.
മുൻ മന്ത്രി കെ.കെ ശൈലജയെ ആർ.എം.പി നേതാവ് അപമാനിച്ചപ്പോൾ എന്തു നടപടിയാണ് സ്വീകരിച്ചതെന്നും വീണാ ജോർജ് ചോദിച്ചു.
നേരത്തെ ടി.പി ചന്ദ്രശേഖൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷായിളവ് നൽകുന്നതുമായി ബന്ധപ്പെട്ട് കെ.കെ രമ കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിലും മുഖ്യമന്ത്രി മറുപടി നൽകിയിരുന്നില്ല. അന്ന് മുഖ്യമന്ത്രി പറയേണ്ട മറുപടി സ്പീക്കർ നൽകിയത് വിവാദങ്ങൾക്കിടയാക്കിയിരുന്നു.