പൊലീസ് സ്റ്റേഷനിൽ വിളിച്ച് ബോംബ് ഭീഷണി; തീക്കാറ്റ് സാജൻ ഒളിവിൽ
തൃശൂർ: കഴിഞ്ഞ ദിവസം ജന്മദിനാഘോഷം മുടക്കിയതിന് പൊലീസ് സ്റ്റേഷനിൽ വിളിച്ച് ബോംബ് ഭീഷണി മുഴക്കിയ തൃശൂരിലെ തീക്കാറ്റ് സാജനെന്ന ഗുണ്ടാ നേതാവിന്റെ വിവരങ്ങൾ പുറത്ത്.
24 വയസ്സിനുള്ളിൽ കൊലപാതകശ്രമം ഉൾപ്പടെ പത്തിലേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ് സാജനെന്ന് പൊലീസ് പറഞ്ഞു. ഗുണ്ടയാവുക എന്നതായിരുന്നു സാജന്റെ ജീവിതാഭിലാഷം.
ക്രിമിനൽ കേസുകളിൽ നിരന്തരം ഉൾപ്പെട്ടതോടെ അറിയപ്പെട്ടു തുടങ്ങി. അങ്ങനെ തീക്കാറ്റ് സാജനെന്ന പേരും വീണു. തൃശൂർ പുത്തൂരിലെ ഓട്ടോ ഡ്രൈവറുടെ മൂത്തമകനായ സാജന് പ്ലസ് റ്റു വരെയാണ് പഠിച്ചിട്ടുള്ളത്.
കൊലപാതക ശ്രമക്കേസിൽ രണ്ടു കൊല്ലം അകത്തു കിടന്ന് പുറത്ത് വന്ന ശേഷം വീട്ടുകാരുമായി വലിയ ബന്ധമൊന്നുമില്ല.
ഇത്തവണത്തെ ജന്മദിനം അനുയായികൾക്കൊപ്പം തെക്കേഗോപുര നടയിൽ ആഘോഷിക്കാൻ പുറപ്പെട്ടതോടെയാണ് പണിപാളിയത്. കാര്യം മണത്തറിഞ്ഞ പൊലീസ് ആഘോഷത്തിനെത്തിയ 32 പേരെ കസ്റ്റഡിയിലെടുത്തു.
കൂട്ടാളികൾ അകത്തായതോടെ മാസ് എൻട്രിക്ക് തയാറെടുത്തിരുന്ന സാജൻ മുങ്ങി. രാത്രി ഒളിത്താവളത്തിൽ വടിവാൾ ഉപയോഗിച്ച് കേക്കു മുറിയടക്കമാണ് ആസൂത്രണം ചെയ്തിരുന്നത്.
ആവേശം മോഡൽ ജന്മദിനാഘോഷം മുടക്കിയതിന് പൊലീസ് സ്റ്റേഷനിൽ ബോംബ് വയ്ക്കുമെന്നായിരുന്നു. തീക്കാറ്റ് സാജൻറെ ഭീഷണി. പിന്നാലെ സാജനായി തെരച്ചിൽ ഊർജിതമാക്കി.
സാജൻറെ പുത്തൂരിലെ വീട്ടിലും ഉറ്റ അനുയായികളുടെ വീട്ടിലും തൃശൂർ എസിപിയുടെ നേതൃത്വത്തിൽ പൊലീസ് റെയ്ഡ് നടത്തി. പ്രായപൂർത്തിയാവാത്ത 16 കുട്ടികളുമുണ്ടായിരുന്നു ജന്മദിനാഘോഷങ്ങളിൽ പങ്കെടുക്കാനെത്തിയവരിൽ. അവരെ താക്കീത് ചെയ്ത് ബന്ധുക്കൾ ഒപ്പം വിട്ടിട്ടുണ്ട്.
പിള്ളാരെ തൊടാറായോ എന്ന് ഇസ്റ്റ് എസ്ഐയുടെ മൊബൈൽ, വെസ്റ്റ് പൊലീസ് സ്റ്റേഷൻ, കമ്മീഷ്ണറ് ഓഫീസ് എന്നിവിടങ്ങളിലേക്ക് വിളിച്ച് ഭീഷണി മുഴക്കുകയും ചെയ്തു സാജൻ.
ഈസ്റ്റ് സ്റ്റേഷനിൽ ബോംബുവയ്ക്കുമെന്ന ഭീഷണിയുമുണ്ട് സാജൻറേതായി.. സാജനെതിരെ ജാമ്യമില്ലാ വകുപ്പു ചുമത്തി കേസെടുത്തിട്ടുണ്ട്. ഇൻസ്റ്റഗ്രാം, എസ്ജെ കമ്പനിയെന്ന വാട്സാപ്പ് കൂട്ടായ്മ തുടങ്ങിയവയിലൂടെയാണ് അനുയായികളുമായി ബന്ധപ്പെടുന്നത്. പ്രായപൂർത്തിയാവാത്ത കുട്ടികളെ സംഘത്തിൽ ചേർക്കുന്നത് മയക്കുമരുന്നിനടിമയാക്കിയിട്ടാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.