ഗുർമീത് ഭക്തരുടെ അഴിഞ്ഞാട്ടം ഡൽഹിയിലേക്കും; മരണം 28, പരുക്കേറ്റവർ 200
പഞ്ച്കുല: വിവാദ ആൾദൈവവും ദേരാ സച്ച സൗദ നേതാവുമായ ഗുർമീത് റാം റഹീം സിങ് മാനഭംഗക്കേസിൽ കുറ്റക്കാരനെന്നു കണ്ടെത്തിയ കോടതിവിധിക്കു പിന്നാലെ ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിൽ പൊട്ടിപ്പുറപ്പെട്ട കലാപം ഡൽഹിയിലേക്കും വ്യാപിച്ചു. ഇതുവരെ 28 പേരുടെ ജീവനെടുത്ത സംഘർഷത്തിൽ പരുക്കേറ്റവരുടെ എണ്ണം 200 കവിഞ്ഞു. കോടതിവിധി റാം റഹീമിനെതിരായാൽ കലാപ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് സ്വീകരിച്ച സകല ജാഗ്രതാ നടപടികളും നിലനിൽക്കെയാണ് കലാപം തലസ്ഥാന നഗരിയിലേക്കും വ്യാപിച്ചിരിക്കുന്നത്.
ഹരിയാനയിലെ സിർസയിലെ ദേര ആശ്രമത്തിൽ 15 വർഷം മുൻപ് വനിതാ അനുയായിയെ മാനഭംഗപ്പെടുത്തിയെന്ന കേസിലാണു റാം റഹിം കുറ്റക്കാരനാണെന്നു കണ്ടെത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥരെ കാഴ്ചക്കാരാക്കി അഴിഞ്ഞാടുന്ന ദേരാ സച്ച സൗദ പ്രവർത്തകർ ഒട്ടേറെ പൊതുമുതലും നശിപ്പിച്ചു. അക്രമികൾ റയിൽവേ സ്റ്റേനുകൾക്കും ട്രെയിനുകൾക്കും തീയിട്ടു. പൊലീസിന്റെയും അഗ്നിശമന േസനയുടെയും മാധ്യമ പ്രവർത്തകരുടെയും വാഹനങ്ങളും പെട്രോൾ പമ്പുകളും കലാപകാരികൾ അഗ്നിക്കിരയാക്കി.
അതിനിടെ, കനത്ത സുരക്ഷാ സന്നാഹത്തോടെ ഗുർമീത് റാം റഹീമിനെ റോഹ്തക് ജയിലിലേക്കു മാറ്റി. അക്രമം കൂടുതൽ മേഖലകളിലേക്ക് വ്യാപിച്ചതിനെ തുടർന്ന് വ്യോമമാർഗമാണ് ഇയാളെ ജയിലിലെത്തിച്ചത്. കോടിക്കണക്കിന് രൂപയുടെ സ്വത്തുകൾ നശിപ്പിച്ച് ഗുർമീത് ഭക്തർ അഴിഞ്ഞാട്ടം തുടരുന്ന സാഹചര്യത്തിൽ, നഷ്ടപരിഹാരമായി ഇയാളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതി നിർദ്ദേശം നൽകി.
ഗുർമീത് റാം റഹീം സിങ് കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി വിധിക്കു പിന്നാലെ ഹരിയാനയിലും ചണ്ഡീഗഡിലും ഉടലെടുത്ത സംഘർഷമാണ് വൻ കലാപമായി വളർന്നിരിക്കുന്നത്. വിധിക്കു പിന്നാലെ സുരക്ഷാ സേനയും ഗുർമീതിന്റെ അനുയായികളും തമ്മിൽ പഞ്ച്കുല പ്രത്യേക സിബിഐ കോടതിക്കു മുന്നിലും സമീപ പ്രദേശങ്ങളിലും ഏറ്റുമുട്ടി.
വിധി പുറത്തുവന്നയുടൻ കോടതിക്കു പുറത്ത് സൈന്യം ഫ്ലാഗ് മാർച്ച് നടത്തി. കൂടാതെ, കോടതിക്കു പുറത്തു തടിച്ചുകൂടിയിരുന്ന അനുയായികളെ പൊലീസ് നീക്കി. പഞ്ച്കുലയുടെ വിവിധ മേഖലകളിലെ വൈദ്യുത ബന്ധവും ഇന്റർനെറ്റ് കണക്ഷനും വിച്ഛേദിച്ചു. സ്ഥിതി നിയന്ത്രണ വിധേയമാക്കുന്നതിനായി പൊലീസ് ടിയർ ഗ്യാസും ജലപീരങ്കിയുമടക്കമുള്ളവ ഉപയോഗിച്ചു. പഞ്ചാബിലെ മാൻസയിൽ പ്രതിഷേധക്കാർ രണ്ട് പൊലീസ് വാഹനങ്ങൾ അഗ്നിക്കിരയാക്കി. വിവിധ മാധ്യമസ്ഥാപനങ്ങളുടെ വാഹനങ്ങൾക്കു നേരെയും മാധ്യമപ്രവർത്തകർക്കു നേരെയും അതിക്രമമുണ്ടായി.
പഞ്ചാബിലെ മലോട് ബലൗണ റെയിൽവേ സ്റ്റേഷനുകൾക്ക് തീയിട്ട കലാപകാരികൾ, ഡൽഹി ആനന്ദ് വിഹാറിൽ രണ്ടു ട്രെയിൻ ബോഗികളും അഗ്നിക്കിരയാക്കി. ഫിറോസ്പുർ, ഭട്ടിൻഡ എന്നിവിടങ്ങളിൽ കർഫ്യു പ്രഖ്യാപിച്ചു.