ബ്രിട്ടനിലെ ലേബർ പാർട്ടി ഇന്ത്യയോട് സൗഹൃദം തുടരും
ലണ്ടൻ: കശ്മീർ ഉൾപ്പെടെ പ്രശ്നങ്ങളിൽ ഇന്ത്യയ്ക്ക് അലോസരമുണ്ടാക്കുന്നതാണ് ലേബർ പാർട്ടിയുടെ ചരിത്രമെങ്കിലും പുതിയ ബ്രിട്ടിഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ ഈ നയങ്ങൾ മാറ്റിവച്ചേക്കും.
പാക്കിസ്ഥാനോടും ചൈനയോടും കൂടുതൽ അടുപ്പം പുലർത്തുന്നതായിരുന്നു ലേബർ പാർട്ടിയുടെ മുൻ നിലപാടുകൾ. എന്നാൽ, മാറിയ ലോകക്രമത്തിൽ ഇന്ത്യയോട് സൗഹൃദം തുടരാനാകും പുതിയ സർക്കാർ ശ്രമിക്കുക. ഇക്കാര്യത്തിൽ മുൻ പ്രധാനമന്ത്രി ഋഷി സുനക്കിൻറെ നയങ്ങൾ സ്റ്റാർമറും പിന്തുടർന്നേക്കും.
കശ്മീരി ജനതയ്ക്ക് സ്വയം നിർണയാവകാശം നൽകണമെന്നും അവിടെ അന്താരാഷ്ട്ര നിരീക്ഷകരെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ട് 2019ൽ അന്നത്തെ നേതാവ് ജെറമി കോർബിൻറെ നേതൃത്വത്തിൽ അടിയന്തര പ്രമേയം കൊണ്ടുവന്നിരുന്നു. ആണവ യുദ്ധം ഒഴിവാക്കാൻ ഇന്ത്യ - പാക് ഹൈക്കമ്മിഷണർമാർ ചർച്ച നടത്തണമെന്നും ഇതിൽ നിർദേശിച്ചു.
സ്വന്തം വോട്ട് ബാങ്ക് താത്പര്യങ്ങളെ തൃപ്തിപ്പെടുത്താനുള്ള നീക്കമാണിതെന്നു തുറന്നടിച്ച ഇന്ത്യ, പ്രമേയം തള്ളി. ഈ പ്രമേയമുണ്ടാക്കിയ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞായിരുന്നു സമീപകാലത്ത് സ്റ്റാർമറുടെ മനം മാറ്റം.
കശ്മീർ ഇന്ത്യയുടെ ആഭ്യന്തര കാര്യമെന്നും ഇന്ത്യ- പാക് പ്രശ്നങ്ങൾ ഉഭയകക്ഷി ചർച്ചയിലൂടെ മാത്രം പരിഹരിക്കേണ്ടതാണെന്നും തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ഇന്ത്യൻ വംശജരായ വോട്ടർമാരോട് സ്റ്റാർമർ ആവർത്തിച്ചിരുന്നു.
ഇന്ത്യയുമായി തന്ത്രപരമായ ബന്ധം തുടരുമെന്ന് പറഞ്ഞ അദ്ദേഹം ദീപാവലിയും ഹോളിയും ആഘോഷിക്കാൻ ഇന്ത്യൻ സമൂഹത്തിനൊപ്പമെത്തിയാണ് ഐക്യദാർഢ്യം പ്രകടിപ്പിച്ചത്.
19 ലക്ഷം ഇന്ത്യൻ വംശജരാണ് യുകെയിലുള്ളത്. ആകെ ജനസംഖ്യയുടെ 2.5 ശതമാനം. വോട്ടിൽ ഇവരുടെ സ്വാധീനം അവഗണിക്കാനാവില്ല ഒരു പാർട്ടിക്കും.
മുൻകാലങ്ങളിൽ പൊതുവേ ലേബർ പാർട്ടിയോടായിരുന്നു ഇന്ത്യൻ സമൂഹത്തിന് ആഭിമുഖ്യം. എന്നാൽ, ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ലേബർ പാർട്ടി സ്വീകരിക്കുന്ന നിലപാടും ഋഷി സുനക് ഉൾപ്പെടെ ഇന്ത്യൻ വംശജർക്ക് കൺസർവേറ്റിവ് പക്ഷത്ത് ലഭിക്കുന്ന പരിഗണനകളും വലിയൊരു വിഭാഗം വോട്ടർമാരെ മറുപക്ഷത്തേക്ക് ചായാൻ പ്രേരിപ്പിച്ചു.
പാക്, ബംഗ്ലാ സമൂഹങ്ങളിലാണ് ലേബർ പാർട്ടി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന പരാതിയും ഇന്ത്യൻ സമൂഹത്തിൽ നിന്നുയർന്നു. ഇവയെല്ലാം പരിഹരിക്കാൻ പരമാവധി ശ്രമം നടത്തിയിരുന്നു സ്റ്റാർമർ.
ഇന്ത്യ ആഗോള തലത്തിൽ കരുത്തുറ്റ, പ്രധാനപ്പെട്ട രാജ്യമാണെന്ന് സ്റ്റാർമർ സമീപകാലത്ത് പലതവണ അഭിപ്രായപ്പെട്ടത് മഞ്ഞുരുക്കാനുള്ള ശ്രമമായിരുന്നു.
2022ൽ സുനക് സർക്കാരിൻറെ കാലത്ത് മുന്നോട്ടുവച്ച ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാരക്കരാർ(എഫ്.റ്റി.എ) യാഥാർഥ്യമാക്കുന്നതിൽ പ്രതിജ്ഞാബദ്ധരാണെന്നും ചർച്ച തുടരുമെന്നും ലേബർ പാർട്ടി വ്യക്തമാക്കിയിരുന്നു.
സാങ്കേതിക വിദ്യ, പ്രതിരോധ മേഖലകളിൽ ഇന്ത്യയോട് തന്ത്രപ്രധാന പങ്കാളിത്തം തുടരുമെന്നും ലേബർ പാർട്ടി നേതൃത്വം പറയുന്നു.
പലസ്തീൻ, ഇസ്രയേൽ സംഘർഷത്തിലും മുൻ നിലപാടിൽ മാറ്റം വരുത്തിയിട്ടുണ്ട് ലേബർ പാർട്ടി. മുമ്പ് പലസ്തീൻ പക്ഷത്തേക്ക് കടുത്ത ചായ്വ് പുലർത്തിയിരുന്ന പാർട്ടി ഇപ്പോൾ സന്തുലിത നയത്തിലേക്കാണ് മാറുന്നത്.