ഇന്ത്യൻ പടക്കപ്പലുകൾ ചൈനീസ് മേഖല ലക്ഷ്യമാക്കി വിന്യസിക്കപ്പെട്ടതായി റിപ്പോർട്ട്
ന്യൂഡല്‍ഹി: ദോക് ലാം വിഷയത്തില്‍ ചൈനയെ എതിര്‍ക്കാന്‍ മഹാസമുദ്രത്തില്‍ പിടിമുറുക്കി ഇന്ത്യന്‍ നാവിക സേന.
ചൈനയുടെ ഭീഷണി അതേ നാണയത്തില്‍ നേരിടുന്നതിനായി ചൈനയുടെ അയല്‍ രാജ്യങ്ങളായ ജപ്പാന്, വിയറ്റ്നാം, മ്യാന്മര്, തായ്ലാന്ഡ് ബംഗ്ലാദേശ് എന്നീരാജ്യങ്ങളെ ഉള്‍പ്പെടുത്തി പുതിയ പ്രതിരോധ സംവിധാനം ഉണ്ടാക്കിയിരിക്കുകയാണ് ഇന്ത്യ എന്നാണ് റിപ്പോര്‍ട്ടുകള്‍.
കൂടുതല്‍ അയല്‍ രാജ്യങ്ങളുമായി സഹകരിച്ച് ബംഗാള്‍ ഉള്‍ക്കടലില്‍ സൈനിക അഭ്യാസം നടത്താന്‍ ഇന്ത്യ തീരുമാനിച്ച് കഴിഞ്ഞു. ഇത് ചൈനയ്ക്കും പാക്കിസ്ഥാനുമുള്ള ശക്തമായ മുന്നറിയിപ്പാണ്.
ചൈനയുമായി അതിര്‍ത്തി തര്‍ക്കമുള്ള രാജ്യങ്ങളെയടക്കം ഉള്‍പ്പെടുത്തി ഇന്ത്യ നടത്തുന്ന തന്ത്രപരമായ ഈ നീക്കം ചൈനയെ മാത്രമല്ല പാക്കിസ്ഥാനേയും വെട്ടിലാക്കുന്നതാണ്
നേരത്തെ ഇന്ത്യ-അമേരിക്ക-ജപ്പാന് തുടങ്ങിയ രാജ്യങ്ങള്‍ സംയുക്തമായി മലബാര്‍ എക്സ്പ്രസ് എന്ന പേരില്‍ വലിയ സൈനിക അഭ്യാസം നടത്തിയിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണിപ്പോള്‍ പുതിയ സൈനിക പ്രതിരോധം.
ഇന്ത്യന്‍ മഹാസമുദ്ര പ്രദേശത്ത് ചൈനയുടെ വര്‍ദ്ധിച്ച ആക്രമണത്തെ എതിര്‍ക്കുന്നതിനായി ഇന്ത്യ രൂപീകരിച്ച ഐയോണ്‍സ് (ഇന്ത്യന്‍ ഓഷ്യന്‍ നാവിക സിമ്പോസിയം )വീണ്ടും പുനരുജ്ജീവിപ്പിക്കാനാണ് നീക്കം.
ഇതിന്റെ ഭാഗമായി ഒരു ഡസനോളം രാജ്യങ്ങള്‍ സഹകരിച്ച് നടത്തുന്ന പരിശീലനം ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയൊരു ശാക്തികചേരിയെയാവും രൂപപ്പെടുത്തുക.
ദോക് ലാം വിഷയത്തില്‍ അടിയന്തര സുരക്ഷ മുന്‍നിര്‍ത്തി ഇന്ത്യ സ്വീകരിക്കുന്ന കടുത്ത നിലപാടുകള്‍ അയല്‍ രാജ്യങ്ങള്‍ക്കും ആവേശം പകര്‍ന്നിട്ടുണ്ട്.
ഇന്ത്യയെ തൊട്ടാല്‍ ഒരേസമയം നിരവധി രാജ്യങ്ങളുമായി ഏറ്റുമുട്ടേണ്ട വലിയ ഭീഷണിയെയാണ് ഇപ്പോള്‍ ചൈന അഭിമുഖീകരിക്കുന്നത്
ചൈനയെ മാത്രം വിശ്വസിച്ച് മുന്നോട്ട് പോകുന്ന പാക്കിസ്ഥാനും ഇന്ത്യയുടെ ഈ ‘പത്മവ്യൂഹ’ത്തില്പ്പെട്ടിരിക്കുകയാണിപ്പോള്.
ഇന്ത്യക്ക് പിന്തുണയുമായി ഇതിനകംതന്ന ജപ്പാനും , അമേരിക്കയും , ഇസ്രയേലും പരസ്യമായി രംഗത്ത് വന്നുകഴിഞ്ഞിട്ടുണ്ട്.