മാന്നാർ കൊലപാതകം; കൂട്ടുപ്രതികളറിയാതെ കലയുടെ മൃതദേഹം മാറ്റി
ആലപ്പുഴ: ഇരമത്തൂർ സ്വദേശി കലയുടെ കൊലപാതകത്തിൽ തെളിവുകൾ നശിപ്പിക്കാൻ ഭർത്താവ് അനിൽ ദൃശ്യം 2 മോഡൽ നടപ്പാക്കിയോയെന്ന് സംശയിക്കുന്നതായി പൊലീസ്.
കൂട്ടുപ്രതികളറിയാതെ മൃതദേഹം സെപ്റ്റിക് ടാങ്കിൽ നിന്ന് അനിൽ മറ്റൊരിടത്തേക്ക് മാറ്റിയോ എന്നതാണ് പൊലീസ് സംശയിക്കുന്നത്. ഇതിനു വ്യക്തത വരണമെങ്കിൽ ഇസ്രയേലിലുള്ള അനിലിനെ നാട്ടിലെത്തിക്കണം.
പ്രതികളിലൊരാൾ ഭാര്യയുമായുണ്ടാക്കിയ വഴക്കിനിടെ, കലയെ പോലെ നിന്നെയും കൊന്ന് സെപ്റ്റിക് ടാങ്കിലിടുമെന്ന് ഭീഷണിപ്പെടുത്തിയതാണ് 15 വർഷത്തിന് ശേഷം കേസ് പുറത്തുവരാൻ കാരണമായത്.
ഇതിന് പിന്നാലെ എത്തിയ ഊമക്കത്ത് അന്വേഷണത്തിൽ നിർണായകമായി. മൃതദേഹം ഉപേക്ഷിച്ചു എന്നു കരുതുന്ന സെപ്റ്റിക് ടാങ്കിൽ നിന്ന് ലോക്കറ്റ്, ഹെയർക്ലിപ്, വസ്ത്രത്തിൻറെ ഇലാസ്റ്റിക് എന്നിവയാണ് പൊലീസിന് ലഭിച്ചത്. മൃതദേഹ അവശിഷ്ടങ്ങളൊന്നും ലഭിച്ചിട്ടില്ല.
അറസ്റ്റിലായ മൂന്ന് കൂട്ടു പ്രതികൾക്കും മൃതദേഹം സെപ്റ്റിക് ടാങ്കിൽ ഉപേക്ഷിച്ചത് വരെയുള്ള വിവരങ്ങളേ അറിയൂ. ഇതാണ് ഒന്നാം പ്രതിയായ അനിൽ ഇവിടെ നിന്ന് മൃതദേഹം മാറ്റിയിരിക്കാമെന്ന സംശയത്തിലേക്ക് പൊലീസിനെ എത്തിച്ചത്.
കലയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നെന്ന് അറിഞ്ഞതോടെയാണ് അനിൽ പ്രശ്നമുണ്ടാക്കിയതെന്നും, ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നുമാണ് പൊലീസ് നിഗമനം.
കൊലപാതക സമയത്ത് കാറിൽ അനിലും കലയും മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും, കൊലയ്ക്കു ശേഷം അനിൽ സുഹൃത്തുക്കളെ വിളിച്ചു വരുത്തി മൃതദേഹം സെപ്റ്റിക് ടാങ്കിൽ ഉപേഷിക്കുകയായിരുന്നു എന്നുമാണ് പൊലീസ് നിഗമനം.
ഒന്നര വയസായ കുട്ടിയെ ഉപേക്ഷിച്ച് കല ഇറങ്ങിപ്പോയെന്ന വാർത്ത നാട്ടിലാകെ പ്രചരിപ്പിക്കുകയും ചെയ്തു. അതുകൊണ്ടു തന്നെ കലയോടുള്ള ദേഷ്യത്തിൽ ബന്ധുക്കളാരും പരാതി നൽകിയതുമില്ല. ഇക്കാരണങ്ങളെല്ലാം കൊണ്ടാണ് കലയുടെ കൊലപാതകം പുറംലോകം അറിയാതിരുന്നത്.