എ.ഡി.ജി.പിയേയും ഐ.ജിയേയും കോടതി വിളിച്ചു വരുത്തിയാൽ പൊലീസ് വെട്ടിലാകും !
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് ജാമ്യം ലഭിച്ചാലും നിലവിലെ അന്വേഷണ സംഘത്തെ മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാന്‍ ദിലീപിന്റെ കുടുംബം തീരുമാനിച്ചു.
ഈ നടപടിയുടെ ആദ്യ നീക്കമെന്ന നിലയിലാണ് ദിലീപിന്റെ അമ്മ കെ.പി.സരോജ മുഖ്യമന്ത്രിക്ക് രേഖാമൂലം കത്ത് നല്‍കിയതെന്നാണ് സൂചന.
ക്രൈംബ്രാഞ്ച് പോലുള്ള ഏജന്‍സികളിലെ സത്യസന്ധരായ ഉദ്യോഗസ്ഥരെക്കൊണ്ട് അന്വേഷണം നടത്തണമെന്നും കെ.പി.സരോജ മുഖ്യമന്ത്രിക്ക് നല്കിയ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്കുള്ള മുന്‍വിധികളുടേയും സ്ഥാപിതതാല്പര്യങ്ങളുടേയും ഇരയാണ് ദിലീപ് എന്നാണ് അമ്മയുടെ ആരോപണം. സത്യസന്ധമായി അന്വേഷണം നടത്തിയാല്‍ ദിലീപിനെതിരെ കുറ്റംചുമത്താന്‍ കഴിയില്ല. നീതിയുക്തമായി അന്വേഷണം നടത്താതെ കുറ്റപത്രം നല്കിയാല് അത് തീരാക്കളങ്കമാകുമെന്നും കെ.പി.സരോജ മുഖ്യമന്ത്രിക്കയച്ച കത്തില്‍ പറയുന്നു.
ഏപ്രിലില്‍ മറ്റുപ്രതികള്‍ക്കെതിരെ നല്കിയ കുറ്റപത്രത്തിന് കടകവിരുദ്ധമാണ് പിന്നീട് ദിലീപിനെതിരെ സമര്‍പ്പിച്ച കുറ്റപത്രം.
ആദ്യത്തെ അന്വേഷണത്തിലോ പിന്നീടുനടന്ന തുടരന്വേഷണത്തിലോ പാളിച്ചയുണ്ട്. നിലവിലെ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റി സ്ഥാപിതതാല്പര്യം ഇല്ലാത്തവരും അന്വേഷണത്തില്‍ കഴിവുതെളിയിച്ചവരുമായ ഉദ്യോഗസ്ഥരെ നിയോഗിക്കണം. ക്രൈംബ്രാഞ്ച് പോലുള്ള ഏജന്‍സികളെ കേസ് എല്പ്പിച്ചില്ലെങ്കില് ദിലീപിന് നീതികിട്ടില്ലെന്നും സരോജ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
നിലവില്‍ അന്വേഷണ സംഘ തലവനായ ദിനേന്ദ്രകാശ്യപിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താതെ കേസന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന എ.ഡി.ജി.പി സന്ധ്യക്കെതിരെയാണ് രൂക്ഷമായ വിമര്‍ശനം ദിലീപിന്റെ ജാമ്യ ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്.
മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യരുമായുള്ള എ.ഡി.ജി.പിയുടെ ബന്ധവും ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളതിനാല്‍ തുടര്‍ നിയമനടപടിക്ക് ഈ നീക്കം സഹായകരമാകുമെന്നാണ് നിയമ കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
പ്രത്യേക അന്വേഷണ സംഘതലവനായ കാശ്യപ് പോലുമറിയാതെ മേല്‍നോട്ട ചുമതല മാത്രമുള്ള എ.ഡി.ജി.പി പ്രത്യേക താല്പര്യത്തോടെ കേസില്‍ ഇടപെട്ടത് സംശയാസ്പദമാണെന്നാണ് ദിലീപിന്റെ അഭിഭാഷകരും ചൂണ്ടിക്കാട്ടുന്നത്.
ഇതിലെ യാഥാര്‍ത്ഥ്യം സത്യസന്ധരായ മറ്റൊരു അന്വേഷണ ടീം വരുമ്പോള്‍ ബോധ്യമാകുമെന്നാണ് അവരുടെ പ്രതീക്ഷ.
കേസന്വേഷണത്തില്‍ മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥന് പ്രത്യേക അധികാരമൊന്നും ഇല്ലന്നത് സരിതയുടെ സോളാര്‍ കേസിലെ ഹൈക്കോടതി നിരീക്ഷണത്തില്‍ തന്നെ വ്യക്തമാണെന്നും നിയമകേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനാണ് ഇക്കാര്യത്തില്‍ പരിപൂര്‍ണ്ണ ഉത്തരവാദിത്തം. പൊലീസിന്റെ സംവിധാനമനുസരിച്ച് അന്വേഷണ ഉദ്യോഗസ്ഥന് മീതെ മേല്‍നോട്ട ചുമതലയില്‍ സീനിയര്‍ ഉദ്യോഗസ്ഥര്‍ വന്നാല്‍ അന്വേഷണത്തിന്റെ ഗതിതന്നെ അവര്‍ പറയുന്ന ദിശയിലായിരിക്കും തിരിയുക.
അതേസമയം സോളാര്‍ തട്ടിപ്പ് കേസ് അന്വേഷിച്ച പ്രത്യേക സംഘത്തിനെ രൂക്ഷമായി വിമര്‍ശിച്ച ഹൈക്കോടതി, അന്വേഷണത്തില്‍ എഡിജിപി എ ഹേമചന്ദ്രന്റെ ദൗത്യം എന്തെന്ന് ചോദിച്ചിരുന്നു. അന്വേഷണത്തിന്റെ ഏകോപനച്ചുമതലമാത്രമാണ് എഡിജിപിക്കുളളതെന്നാണ് സര്‍ക്കാര്‍ വാദിച്ചിരുന്നത്.
കുറ്റപത്രം നല്കിയ കേസുകളില്‍ എഡിജിപി സാക്ഷിയാണോ എന്നും കോടതി ചോദിച്ചിരുന്നു. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘത്തിന്റെ പ്രസക്തിയേയും കോടതി ചോദ്യം ചെയ്തിരുന്നു.
ദിലീപ് പ്രതിയായ കേസില്‍ അദ്ദേഹം അഴിക്കുള്ളിലായത് എ.ഡി.ജി.പിയുടെയും ഡി.ജി.പിയുടെയും ചോദ്യം ചെയ്യലിനുശേഷമാണ്. ഇവിടെയാണ് സോളാര്‍ കേസിലെ ഹൈക്കോടതി നിരീക്ഷണങ്ങള്‍ ദിലീപിന്റെ അഭിഭാഷകന് ‘ആയുധ’മാവുക.
ഐജിയേയും എ.ഡി.ജി.പിയേയും വിളിച്ച് വരുത്താനോ അവര്‍ക്ക് കോടതിയില്‍ പ്രത്യേകമായി റിപ്പോര്‍ട്ട് കൊടുക്കേണ്ട സാഹചര്യമോ ഉണ്ടായാല്‍ അതും പ്രോസിക്യൂഷനെ പ്രതിരോധത്തിലാക്കിയേക്കും. പ്രത്യേകിച്ച് ഐജി അറിയാതെയാണ് ദിലീപിന്റെ അറസ്റ്റ് അടക്കമുള്ള കാര്യങ്ങള്‍ നടന്നതെന്ന ആരോപണങ്ങള്‍ ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍.
വെള്ളിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് നല്കുന്ന കേസ് ഡയറിയിലെ വിവരങ്ങള്‍ വ്യക്തമാകുന്നതോടെ അറസ്റ്റ് സംബന്ധമായ അണിയറയിലെ ‘സസ്പെന്‍സ് ‘ എല്ലാം പുറത്താകും.
ഇതിനുശേഷം ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് ദിലീപിന്റെയും കുടുംബത്തിന്റെയും നീക്കം.