കോര്‍ട്ട് ഫീ വര്‍ദ്ധന; വിദഗ്ധ സമിതിയുടെ ഹിയറിംഗില്‍ പരാതി അറിയിച്ച് ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ്
തൊടുപുഴ: കുടുംബ കോടതികളിലും, ചെക്കു കേസുകളിലും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അന്യായമായ കോര്‍ട്ട് ഫീസ് വര്‍ദ്ധനക്കെതിരെ ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് ഇടുക്കി ജില്ലാ കമ്മറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഫീസ് വര്‍ദ്ധനവിനെ പറ്റി അഭിപ്രായ രൂപീകരണത്തിന് നിയമിതനായ റിട്ട. ജസ്റ്റീസ് വി കെ മോഹനന് ചെയര്‍മാനായുള്ള അഞ്ചംഗ സമതി മുമ്പാകെ ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് ഇടുക്കി ജില്ലാ കമ്മറ്റി പ്രതിനിധി സംഘം നേരിട്ട് എത്തി പ്രതിഷേധം അറിയിക്കുകയും എത്രയും പെട്ടെന്ന് കോര്‍ട്ട് ഫീസ് വര്‍ദ്ധന പിന്‍വലിക്കണമെന്ന് രേഖാമൂലം ആവശ്യപ്പെടുകയും ചെയ്തു.
എറണാകുളം ഗവ:ഗസ്റ്റ് ഹൗസിൽ വച്ച് റിട്ട. ജസ്റ്റീസ് വി.കെ മോഹനൻ കമ്മീഷൻ മുമ്പാകെ ലോയേഴ്സ് കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മറ്റി പ്രതിനിധി സംഘം നിവേദനം നൽകി.
ഇന്റ്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് ഇടുക്കി ജില്ലാ പ്രസിഡന്റ് അഡ്വ. സന്തോഷ് തേവര്‍കുന്നേല്‍, തൊടുപുഴ യൂണിറ്റ് പ്രസിഡ്ന്റ് അഡ്വ. കെ.റ്റി അഭിലാഷ് കുമാര്‍, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. സണ്ണി മാത്യു, അഡ്വ. പ്രേംജി സുകുമാർ എന്നവരാണ് ഹിയറിംഗില്‍ ഹാജരായത്.
കുടുംബ കോടതിയില്‍ സ്വര്‍ണ്ണവും പണവും വസ്തു സംബന്ധവുമായുള്ള കേസുകളില്‍ നിരാലംബരായ സ്ത്രീകള്‍ ഫയല്‍ ചെയ്യുന്ന ഹര്‍ജികളില്‍ അവകാശപ്പെടുന്ന തുകയുടെ അര ശതമാനം കോര്‍ട്ട് ഫീസ് അടക്കണമെന്നും ചെക്ക് കേസുകളില്‍ ചെക്ക് തുകയുടെ അഞ്ചു ശതമാനം കോര്‍ട്ട് ഫീ അടക്കണമെന്നുമുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരെയാണ് കമ്മീഷന് മുമ്പാകെ പ്രതിഷേധം അറിയിച്ചത്.
2024 ഏപ്രില്‍ ഒന്ന് മുതലാണ് ബഡ്ജറ്റ് നിര്‍ദ്ദേശം നിലവില്‍ വന്നത്. കോര്‍ട്ട് ഫീ പരിഷ്കരണത്തിന് നിയോഗിക്കപ്പെട്ട ജസ്റ്റിസ് വി.കെ മോഹനന്
വിദഗ്ധ സമിതി മുന്നോട്ടു വച്ച ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് ബഡ്ജറ്റിലെ ഫീസ് വര്‍ദ്ധന. കുടുംബ കോടതികളില്‍ വരുത്തിയ വര്‍ദ്ധന ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്നതല്ല. മണി ക്ലെയിമുമായി ബന്ധപ്പെട്ടാണ് വര്‍ദ്ധന വരുത്തിയത് നേരത്തെ കുടുംബ കോടതിയില്‍ പെറ്റിഷന്‍ ഫീ ആയി 50 രൂപയാണ് ഒടുക്കിയിരുന്നത് ഇപ്പോള്‍ 50 രൂപക്ക് പകരം സ്ലാബ് സമ്പ്രദായം ഏര്‍പ്പെടുത്തി. ഒരു ലക്ഷം രൂപക്കും, ഒരു രക്ഷം രൂപ വരെയുള്ള കേസുകളില്‍ കോര്‍ട്ട് ഫീസ് 200 രൂപയായും ഒരു ലക്ഷം മുതല്‍ അഞ്ചു ലക്ഷം രൂപ വരെയുള്ള കേസുകളില്‍ അവകാശപ്പെടുന്ന തുകയുടെ അരശതമാനവുമാണ് വര്‍ദ്ധിപ്പിച്ചത്. അഞ്ചു ലക്ഷത്തിന് മുകളിലുള്ള ക്ലെയിം ആണെങ്കില്‍ ഒരു ശതമാനം ഒടുക്കണം. അത് പരമാവധി രണ്ട് ലക്ഷം വരെ കീഴ്ക്കോടതി വിധിക്കേതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിലും ഫീസ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ ചെക്ക് കേസുകളില്‍ കോടതി ഫീസ് നിലവില്‍ 10 രൂപയാണ്. ഇത് ചെക്കിലെ തുക അനുസരിച്ച് വര്‍ദ്ധിപ്പിച്ചു. ചെക്കിലെ തുക 10,000 രൂപ വരെയാണെങ്കില്‍ 250 രൂപയും, 10,000 രൂപ മുതല്‍ ചെക്കിലെ തുകയുടെ അഞ്ച് ശതമാനവുമാണ് കോര്‍ട്ട് ഫീസ്. അത് പരമാവധി മൂന്ന് ലക്ഷം വരെ. ഹൈക്കോടതിയില്‍ റിവിഷന്‍ പെറ്റിഷന്‍ ഫയല്‍ ചെയ്യുന്നതെങ്കില്‍ പരാതിക്കാരെ ഇത്തരം കേസുകളില്‍ അപ്പീല്‍, റിവിഷന്‍, എന്നിവ സെഷന്‍സ് കോടതിയിലും ഹൈക്കോടതിയിലും വാദി, പ്രതികള്‍ ഫയല്‍ ചെയ്യുന്നതിനുള്ള ഫീസും കുത്തനെ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
സാമ്പത്തിക/ബിസിനസ് രംഗത്ത് പണം കൈമാറ്റം ആധുനിക കാലഘട്ടത്തിന് അനുസരിച്ച് ത്വരിത ഗതിയില്‍ ആക്കുന്നതിനും അത് സംബന്ധിച്ച് വേഗത്തില്‍ തര്‍ക്ക പരിഹാരത്തിനുമായിട്ടാണ് നെഗോഷ്യബിള്‍ ഇന്‍ട്രുമെന്റ് ആക്ടില്‍ സെക്ഷന്‍ 138 (ചെക്ക് കേസ് സംബന്ധിച്ചവ) നടപ്പാക്കിയത്. സിവില്‍ കേസ് പ്രകാരമുള്ള വലിയ കോര്‍ട്ട് ഫീസും കാലതാമസവും ഒഴിവാക്കുകയാണ് ലക്ഷ്യമാക്കിയത്. അതി
ലാണ് കോര്‍ട്ട് ഫീസ് ഭീമമായി വര്‍ദ്ധിപ്പിച്ചത്.
ഇപ്പോള്‍ ഏര്‍പ്പെടുത്തിയ കോര്‍ട്ടു ഫീസ് വര്‍ദ്ധന സാധാരണക്കാരെ കോടതിയില്‍ നിന്നും നീതി നിര്‍വ്വഹണ സംവിധാനത്തില്‍ നിന്നും ബഹുദൂരം അകറ്റി നിര്‍ത്തുന്നതാണ്. ഇടക്കാല ഉത്തരവ് പ്രകാരം കുടുംബ കോടതികളിലെയും ചെക്ക് കേസുകളിലേയും ഫീസ് വര്‍ദ്ധിപ്പിക്കുകയാണെന്നും മറ്റു ഫീസുകള്‍ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം വര്‍ദ്ധിപ്പിക്കുമെന്നുമാണ് ധനമന്ത്രി ബഡ്ജറ്റില്‍ പറഞ്ഞിരിക്കുന്നത്. ഇതില്‍ ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് ഹിയറിംഗ് നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദഗ്ധ സമതിയെ നിയോഗിച്ചത്. കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം ഗവ. ഗസ്റ്റ് ഹൗസുകളില്‍ വച്ചാണ് ഹിയറിംഗ് നടത്തിയത്.