മന്ത്രിസഭാ പുനസംഘടന: പുതിയ മന്ത്രിമാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്തേക്കും
ന്യൂഡല്‍ഹി: പുതിയ മന്ത്രിമാരെ ഉള്‍പ്പടുത്തി കേന്ദ്രമന്ത്രിസഭ നാളെ പുനസംഘടിപ്പിക്കുമെന്ന് സൂചന. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നാളെ രാവിലെ 11 മണിക്ക് നടന്നേക്കും.
തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് പുനസംഘടനയില്‍ കൂടുതല്‍ പ്രാധാന്യം ലഭിക്കുമെന്നും സൂചനയുണ്ട്. ഉത്തര്‍പ്രദേശില്‍ നിന്നും രണ്ട് പേര് മന്ത്രിസഭയിലേക്ക് എത്തിയേക്കും.
ന്യൂനപക്ഷകാര്യമന്ത്രി നെജ്മ ഹെപ്തുള്ളയ്ക്ക് പകരം മുഖ്താര്‍ അബ്ബാസ് നഖ്വി മന്ത്രിസഭയിലേക്കെത്തിയേക്കും. എന്നാല്‍, ആഭ്യന്തരം, ധനം, വിദേശകാര്യം, പ്രതിരോധം എന്നീ വകുപ്പുകളില്‍ അഴിച്ചുപണി നടക്കാന്‍ സാധ്യതയില്ല. മന്ത്രിമാരുടെ ഇതുവരെയുള്ള പ്രകടനങ്ങള്‍ പുനസംഘടനയില്‍ മാനദണ്ഡമാകും.
ഒരു മാസത്തോളമായി മന്ത്രിസഭാ പുനസംഘടന സംബന്ധിച്ച് ബി.ജെ.പിയില്‍ ചര്‍ച്ചകള്‍ നടന്നുവരുകയാണ്. ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായുമായും പ്രധാനമന്ത്രി നരേന്ദ്രമോദി ഇതു സംബന്ധിച്ച് കഴിഞ്ഞമാസം കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
പ്രധാനമന്ത്രി ഉള്‍പ്പെടെ 66 മന്ത്രിമാരാണ് നിലവില്‍ മന്ത്രിസഭയിലുള്ളത്. ഭരണഘടന പ്രകാരം 82 മന്ത്രിമാര്‍ വരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താം. ഈ സാഹചര്യത്തിലാണ് പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തി മന്ത്രിസഭ പുനസംഘടിപ്പിക്കുന്നത്.
ജൂലൈ 7 ന് പ്രധാനമന്ത്രിയുടെ നാലു ദിവസത്തെ ആഫ്രിക്കന്‍ സന്ദര്‍ശനത്തിന് മുന്‍പെ മന്ത്രിസഭാ പുനസംഘടന പൂര്‍ത്തിയാക്കണമെന്ന നീക്കം ഉള്ളതിനാലാണ് നാളെ തന്നെ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടത്തുന്നത്.