ഡോണാൾഡ് ട്രംപിന് പ്രോസിക്യൂഷൻ പരിരക്ഷയുണ്ടെന്ന് സുപ്രീം കോടതി
വാഷിംഗ്ടൻ: യു.എസ് മുൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന് ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷൻ പരിരക്ഷയുണ്ടെന്ന് സുപ്രീം കോടതി.
അധികാരത്തിലിരിക്കെ സ്വീകരിച്ച നടപടികളുമായി ബന്ധപ്പെട്ട കേസുകളുടെ പ്രോസിക്യൂഷനിൽ നിന്ന് ട്രംപിന് ഭാഗിക സംരക്ഷണം ലഭിക്കുമെന്ന് യു.എസ് സുപ്രീം കോടതി വ്യക്തമാക്കി.
2020ലെ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് ഫലത്തെ അട്ടിമറിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട കേസുകളിലാണ് കോടതിയുടെ വിധി. കേസിൽ 20 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന നാല് ക്രിമിനൽ കുറ്റങ്ങളാണ് ട്രംപ് നേരിടുന്നത്.
മുൻ പ്രസിഡന്റെന്ന നിലയിൽ തനിക്ക് പ്രോസിക്യൂഷൻ പരിരക്ഷയുണ്ടെന്ന് ട്രംപിന്റെ അവകാശവാദം നേരത്തെ കീഴ്ക്കോടതി തള്ളിയിരുന്നു. ഈ പരാമർശമാണ് സുപ്രീം കോടതി ഇപ്പോൾ അപ്രസക്തമാക്കിയിരിക്കുന്നത്.
മുൻ പ്രസിഡന്റുമാർ പദവിയിലിരിക്കെ ചെയ്ത കാര്യങ്ങൾക്കും അവർ നേരിടുന്ന ഫെഡറൽ, ക്രിമിനൽ കേസുകൾക്കും പ്രോസിക്യൂഷൻ ഉണ്ടാകും.
ഈ പരിരക്ഷ ട്രംപിന് മാത്രമല്ല, രാഷ്ട്രീയമോ നയമോ പാർട്ടിയോ പരിഗണിക്കാതെ എല്ലാ പ്രസിഡന്റുമാർക്കും ബാധകമാണ്. ഔദ്യോഗിക നടപടികളുടെ പേരിൽ മുൻ പ്രസിഡൻ്റുമാരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുവദിക്കുന്നത് രാഷ്ട്രീയ പ്രതികാരത്തിനും സ്വേച്ഛാധിപത്യത്തിനും വഴി തുറക്കും.
എന്നാൽ സ്വകാര്യനിലയിൽ ആനൗദ്യോഗികമായി ചെയ്ത പ്രവർത്തനങ്ങൾക്ക് ഇവർ വിചാരണ നേരിടേണ്ടി വരും എന്നും കോടതി ചൂണ്ടിക്കാട്ടി.
സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ കേസ് കീഴ്ക്കോടതി പരിഗണിച്ച് അന്തിമ തീരുമാനമെടുക്കും. കേസിന്റെ വിചാരണ തുടങ്ങിയിട്ടില്ല.
വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. ഇത് ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും വിജയമാണെന്നും അമേരിക്കക്കാരനായതിൽ അഭിമാനിക്കുന്നുവെന്നും ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു.