സംഘപരിവാറിന്റെ മുഖ്യ ശത്രു മമതയല്ല . . സാക്ഷാൽ പിണറായി തന്നെ, കട്ട കലിപ്പ് !
ന്യൂഡല്‍ഹി: രാജ്യത്ത് ബി.ജെ.പിയുടെയും ആര്.എസ്.എസിന്റെയും പ്രധാന ശത്രുവാര് ?
2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മോദിയുടെ എതിരാളി ആരായിരിക്കുമെന്ന ചര്‍ച്ച നടക്കുമ്പോള്‍ തന്നെയാണ് ശത്രുവിനെ സംബന്ധമായ ചര്‍ച്ചകളും സജീവമായിരിക്കുന്നത്.
രണ്ടും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതിനാല്‍ ഇതിന് പ്രസക്തിയുമുണ്ട്.
ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ബി.ജെ.പി പാളയത്തിലെത്തിയതോടെ ഇപ്പോള്‍ പ്രതിപക്ഷ നിരയില്‍ കടുത്ത മോദി സംഘപരിവാര്‍ വിരുദ്ധര്‍ 4 പേരാണ്.
കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധി, കേരള മുഖ്യമന്ത്രി പിണറായി വിജയന് ,ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ എന്നിവര്‍.
എന്നാല്‍ രാഹുല്‍ ഗാന്ധിയെ ഒരു ശത്രുവായി സംഘ പരിവാര്പോലും പരസ്യമായി പറയുന്നില്ല എന്നത് ശ്രദ്ധേയമാണ്.
അരവിന്ദ് കെജ് രിവാളിനേക്കാള്‍ കേന്ദ്ര സര്‍ക്കാറിനും ബിജെപിക്കുമെതിരെ നിലവില്‍ ആഞ്ഞടിക്കുന്നത് മമത ബാനര്‍ജിയും പിണറായി വിജയനുമാണ്.
തൃണമൂല്‍ കോണ്‍ഗ്രസ്സ് ബംഗാളിലും സിപിഎം കേരളത്തിലും രൂക്ഷമായ കടന്നാക്രമണമാണ് കാവിപ്പടക്ക് നേരെ നടത്തി വരുന്നത്.
ആശയപരമായ ഭിന്നത ആക്രമണത്തിലേക്ക് വഴിമാറിയപ്പോള്‍ ഗവര്‍ണ്ണര്‍ മുഖ്യമന്ത്രിയെ വിളിച്ച്വരുത്തേണ്ട സാഹചര്യംവരെ കേരളത്തിലുണ്ടായി. ഗവര്‍ണ്ണറുടെ നടപടിക്കെതിരെ സി.പി.എം പിന്നീട് രംഗത്തുവരികയും ചെയ്തിരുന്നു.
ബംഗാളിലാകട്ടെ ഗവര്‍ണ്ണറെ പോലും വകവയ്ക്കാതെയാണ് മമതയുടെ പോക്ക്. ഇവിടെ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുടെ പേര് തന്നെ മാറ്റി വെല്ലുവിളിക്കാനും അവര്‍ തയ്യാറായി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിയായ സ്വച്ഛ് ഭാരതിനെ ‘അഭിയാന്’ ആക്കിയും ഗ്രാം സദക് യോഡനയെ ‘ഗ്രാമീണ്‍ സദക് യോജന’യാക്കിയും ആവാസ് യോജനയെ ‘ഗ്രാമീണ്‍ ബംഗ്ലാര്ഗൃഹ പ്രകല്പ’യാക്കിയും മോദി സര്‍ക്കാറിനെ മമത വെല്ലുവിളിച്ചു.
കന്നുകാലി കശാപ്പ് നിയന്ത്രണത്തിനെതിരെയും അതിശക്തമായാണ് ബംഗാള്‍ സര്‍ക്കാര്‍ രംഗത്ത് വന്നിരുന്നത്.
കേരളത്തിലാവട്ടെ പ്രത്യേയശാസ്ത്രപരമായുള്പ്പെടെയുള്ള ‘ഏറ്റുമുട്ടലുകളാണ് ‘ കാലങ്ങളായി സി.പി.എം സംഘപരിവാറിനെതിരെ നടത്തിക്കൊണ്ടുവരുന്നത്.
പിണറായി അധികാരത്തിലേറിയതോടെ ആര്.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിന്റെ കണക്കുകള്‍ നിരത്തി ദേശീയ തലത്തില്‍ തന്നെ പിണറായിക്കും സി.പി.എമ്മിനുമെതിരെ സംഘപരിവാര്‍ ‘യുദ്ധം’ പ്രഖ്യാപിക്കുന്നതിലാണ് ഈ പക കലാശിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായിക്കെതിരായി സംസ്ഥാനത്തിന് പുറത്ത് നടന്ന പ്രതിഷേധങ്ങളും ഡല്‍ഹിയിലെ സി.പി.എം ആസ്ഥാനത്തിനു നേരെയുണ്ടായ ആക്രമണങ്ങളുമെല്ലാം ദേശീയ തലത്തില്‍ രണ്ട് സംസ്ഥാനങ്ങള്‍ മാത്രം ഭരിക്കുന്ന പാര്‍ട്ടിയെയും അതിന്റെ നേതാവിനെയുമാണ് സംഘ പരിവാര്‍ ഏറ്റവും അധികം ഭയപ്പെടുന്നതെന്ന പ്രചരണത്തിനാണ് വഴി ഒരുക്കിയത്.
രാഷ്ട്രീയപരമായി സി.പി.എമ്മിന് ഈ പ്രചരണം ഏറെ ഗുണം ചെയ്യുന്നതാണെന്നാണ് ഇടതു നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.
ദേശീയ തലത്തില്‍ തന്നെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സി.പി.എമ്മിന്റെ സ്വീകാര്യത വര്‍ദ്ധിപ്പിക്കാന്‍ ഈ നിലപാട് കാരണമായി തീര്‍ന്നതായാണ് അവരുടെ വിലയിരുത്തല്‍.
ബംഗാളിലെ പോലെ കേന്ദ്ര പദ്ധതികളുടെ പേര് മാറ്റലൊന്നും കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ നടത്തിയിട്ടില്ലങ്കിലും കശാപ്പ് നിയന്ത്രണമുള്‍പ്പെടെയുള്ള കേന്ദ്ര നയത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തി കൊണ്ടുവരാന്‍ സര്‍ക്കാറും ഇടതുമുന്നണിയും മുന്നില്‍ തന്നെയുണ്ടായിരുന്നു.
ഇറച്ചിവെട്ടുകാരന്റെ ചോര പൊടിയുന്ന കൈപിടിച്ച് പരസ്യമായി പിന്തുണച്ച് രംഗത്തിറങ്ങിയ മന്ത്രി വി.എസ് സുനില്‍കുമാറിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ആര്.എസ്.എസ്-ബി.ജെപി പ്രവര്‍ത്തകര്‍ക്കെതിരായ ‘നീക്കങ്ങളിലും’ ബംഗാളിലെ മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ്സിനേക്കാള്‍ എത്രയോ മുന്നിലാണ് സി.പി.എം.
ചെമ്പട ഭരിക്കുന്ന തൃപുരയില്‍ നിന്നും നിരവധി തൃണമൂല്‍ എം.എല്‍.എമാരെ പിളര്‍ത്തി കൂടെ കൂട്ടാന്‍ ബി.ജെ.പിക്ക് കഴിഞ്ഞതും മമതക്ക് വന്‍ തിരിച്ചടിയായിട്ടുണ്ട്.
സി.പിഎമ്മിന് സ്വാധീനമുള്ള കേരള, ത്രിപുര, ബംഗാള്‍ സംസ്ഥാനങ്ങളില്‍ നിന്നും സി.പി.എം എം.എല്‍.എമാരെ അടര്ത്താന് കഴിയില്ല എന്ന് ബോധ്യമുള്ളതിനാല്‍ ആ വഴിക്കാവട്ടെ ബി.ജെ.പി പോയതുമില്ല.
ന്യൂനപക്ഷ വോട്ടുകളുടെ ശക്തമായ പിന്‍ബലത്തില്‍ ബംഗാള്‍ ഭരണം പിടിച്ച തൃണമൂലിന് സി.പി.എമ്മിനെ സംഘപരിവാര്‍ പ്രധാന ശത്രുവായി പ്രഖ്യാപിക്കുന്നതില്‍ ആശങ്കയുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സി.പി.എം ഈ സംഘപരിവാര്‍ ‘വിരോധം’ വോട്ടാക്കി മാറ്റുമോയെന്നാണ് ഭയം.
ബംഗാളില്‍ തൃണമൂലിനെ സംബന്ധിച്ച് ഇപ്പോഴും പ്രധാന ശത്രു സി.പി.എം തന്നെയാണ്.
തിരിച്ചടി നേരിട്ടെങ്കിലും ചെമ്പടയോട് ആഭിമുഖ്യമുള്ള വലിയ വിഭാഗം ഇപ്പോഴും ശക്തമായി രംഗത്തുണ്ട് എന്നതും സി.പി.എമ്മിന്റെ കേഡര്‍ സംവിധാനം തകരാത്തതുമാണ് തൃണമൂലിന്റെ ഉറക്കം കെടുത്തുന്നത്.
പ്രതിപക്ഷ നേതൃനിരയില്‍ തലയെടുപ്പുള്ള നേതാക്കള്‍ ഇല്ലാത്തതിനാല്‍ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ ‘തല’ ഉയര്‍ത്തി നില്‍ക്കണമെന്നതാണ് മമതയുടെ ആഗ്രഹം.
ഇതിന് സിപിഎമ്മും കോണ്‍ഗ്രസ്സും ഒഴികെയുള്ളവര്‍ സഹായിക്കുമെന്നാണ് അവരുടെ പ്രതീക്ഷ.
രാഹുല്‍ ഗാന്ധി പ്രതിപക്ഷ ഐക്യനിരക്ക് മോദിക്കെതിരെ മുന്നോട്ട് വയ്ക്കാന്‍ പറ്റുന്ന ആളല്ല എന്ന ബോധം ശക്തമായതും മമത പ്രതീക്ഷയോടെയാണ് കാണുന്നത്.
സി.പി.എമ്മിനെ സംബന്ധിച്ച് ഇടതുപക്ഷത്തിന് വ്യക്തമായ സ്വധീനമില്ലാത്ത ഒരു സര്‍ക്കാര്‍ രൂപീകരണത്തില്‍ പങ്കാളിയാകില്ലന്നതാണ് പ്രഖ്യാപിത നയം.
മുന്‍പ് പാര്‍ട്ടി നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ ജോതിഭസുവിന് നേരെ വന്ന പ്രധാനമന്ത്രിപദ ഓഫര്‍ നിരസിച്ചതും ഇക്കാരണത്താലാണ്.
ചരിത്രപരമായ മണ്ടത്തരമെന്ന് വിശേഷിക്കപ്പെട്ട ഈ തീരുമാനം പുന:പരിശോധിക്കേണ്ട സാഹചര്യം ഇപ്പോള്‍ സി.പി.എമ്മിനെ സംബന്ധിച്ച് ഇല്ലങ്കിലും ദേശീയ തലത്തില്‍ ശ്രദ്ധേയരായ കരുത്തരും അനുഭവ സമ്പത്തുള്ളവരുമായ രണ്ട് മുഖ്യമന്ത്രിമാര്‍ സി.പിഎമ്മിന് ഇപ്പോഴുണ്ട്.
കര്‍ക്കശ നിലപാടുകളിലൂടെ ശ്രദ്ധേയനായ കേരള മുഖ്യമന്ത്രി പിണറായി വിജയനും ‘ദരിദ്ര’ മുഖ്യമന്ത്രി എന്നറിയപ്പെടുന്ന ത്രിപുരയിലെ മാണിക്ക് സര്ക്കാറുമാണവര്.
വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് മോദിയോട് ഏറ്റുമുട്ടാനുള്ള കരുത്തായി പിണറായിയെ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്.
സാധാരണക്കാരനായ ജീവതം പ്രസംഗത്തിലല്ല ജീവിതത്തില്‍ തന്നെ പകര്‍ത്തിയ വ്യക്തിത്വത്തിനുടമയാണ് മാണിക്ക് സര്‍ക്കാര്‍. സി.പി.എം പ്രവര്‍ത്തകരെ സംബന്ധിച്ച് ‘മാണിക്യ ‘മാണ് ഈ സഖാവ്.
പ്രതിപക്ഷ നേതൃനിരയില്‍ പൊതു സ്ഥാനാര്‍ത്ഥിയില്ലാതെ ഭിന്നിച്ച് മത്സരിച്ചാല്‍ ബി.ജെ.പി വന്‍ നേട്ടമുണ്ടാക്കുമെന്നതിനാല്‍ പൊതു ഐക്യവേദി രൂപപ്പെടുത്താനാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയിലെ ആലോചന.
സമാജ് വാദി പാര്‍ട്ടി, ബി.എസ്.പി, ആര്.ജെ.ഡി തുടങ്ങിയ കോണ്‍ഗ്രസ്സ് ഇതര പാര്‍ട്ടികളും ഈ നിലപാടിലാണിപ്പോള്‍.
ഇടതുപക്ഷം കൂടി നേതൃനിരയില്‍ എത്തുന്നതോടെ ദേശീയ തലത്തില്‍ പ്രതിപക്ഷ മുന്നണി പേരാളികളായി മുന്‍ നിരയില്‍ തന്നെ മാണിക് സര്‍ക്കാറും പിണറായിയുമുണ്ടാകും.