ട്രഷറി തട്ടിപ്പുകൾ: കർശന നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ ചില ട്രഷറികളിൽ കണ്ടെത്തിയ തട്ടിപ്പുകൾ ആവർത്തിക്കാതിരിക്കാൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ നിയമസഭയെ അറിയിച്ചു.
തട്ടിപ്പുകൾ ആവർത്തിക്കാതിരിക്കാൻ ട്രഷറി സോഫ്റ്റ്വെയറിലും ഇടപാടുകളുടെ നടപടിക്രമങ്ങളിലും മാറ്റങ്ങൾ വരുത്തി. ഇടപാടുകളുടെ സുരക്ഷിതത്വത്തിനും സുതാര്യതയ്ക്കും കൂടുതൽ മാനദണ്ഡങ്ങൾ നടപ്പാക്കാൻ തീരുമാനിച്ചു.
എല്ലാ ട്രഷറികളിലും സി.സി.ടി.വി സംവിധാനം ഏർപ്പെടുത്തി. എല്ലാ അക്കൗണ്ടുകൾക്കും ഇകെവൈസി നിർബന്ധമാക്കും. 6 മാസം ഇടപാട് നടത്താത്ത അക്കൗണ്ടുകൾ താൽകാലിക മരവിപ്പിക്കും.
പെൻഷൻ നിർത്തലാക്കുമ്പോൾ തന്നെ പെൻഷനേഴ്സ് ട്രഷറി സേവിങ്സ് ബാങ്ക്(പി.ടി.എസ്.ബി) അക്കൗണ്ടിലെ ഇടപാടുകൾ സ്വയം മരവിക്കും. ട്രഷറി പെൻഷൻ ആപ്ലിക്കേഷനിൽ എൽ.എസ്.ജി.ഡി - കെ - സ്മാർട്ടുമായി സംയോജിപ്പിക്കും.
പെൻഷൻകാർ മരിച്ചാൽ ഈ വിവരം ലഭ്യമാക്കി പെൻഷൻ നിർത്തലാക്കും. ബാങ്കിങ്ങ് മേഖലയുമായി കിടപിടിക്കുന്ന രീതിയിലുള്ള സോഫ്റ്റ്വെയർ സംവിധാനം നടപ്പാക്കുന്നതിനുള്ള ചർച്ചകൾ നടത്തും.
നിക്ഷപങ്ങൾക്ക് എല്ലാ സംരക്ഷണവും നൽകും. ഇതുവരെയുണ്ടായ കേസുകളിലെല്ലാം നഷ്ടപ്പെട്ട മുഴുവൻ തുകയും ഇടപാടുകാർക്ക് തിരിച്ച് നൽകിയിട്ടുണ്ട്.
എ.റ്റി.എം സംവിധാനം ഏർപ്പെടുത്തുന്നതിന് റിസർവ് ബാങ്കിന്റെ അനുമതിയുടെ പ്രശ്നമുണ്ട്. ഓൺലൈൻ മുഖേന പണം അനുവദിക്കുന്നതിനുള്ള സംവിധാനം ഉൾപ്പെടെ നടപ്പാക്കുന്നതിനെ കുറിച്ച് ചർച്ചകൾ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, രമേശ് ചെന്നിത്തല, തോട്ടത്തിൽ രവീന്ദ്രൻ, എ പ്രഭാകരൻ, പി നന്ദകുമാർ, സി.കെ ആശ, എം വിജിൻ, ഇ.കെ വിജയൻ, റ്റി സിദ്ധിഖ്, കെ പ്രേംകുമാർ തുടങ്ങിയവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി.