കോട്ടയത്ത് പാതിരാത്രിയിൽ ജെ.സി.ബി കൊണ്ട് അയൽവാസിയുടെ മതിൽ തകർത്തു; 4 പേർ അറസ്റ്റിൽ
കോട്ടയം: അയൽവാസിയായ യുവാവിന്റെ വീടിന്റെ മതില് ജെ.സി.ബി കൊണ്ട് തകർത്ത കേസിൽ സമീപവാസികളും, ജെ.സി.ബി ഡ്രൈവറും ഉള്‍പ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
കോട്ടയം വാരിശേരി ഭാഗത്ത് ഇടാട്ടുതറയിൽ വീട്ടിൽ ഇ.പി അൻസാരി(56), ചെന്തിട്ടയിൽ വീട്ടിൽ മുഹമ്മദ് ഇസ്മായിൽ(62), ഇടാട്ടുതറയിൽ വീട്ടിൽ അപ്പായിയെന്ന് വിളിക്കുന്ന ഇ.ബി നസീർ(50), ജെ.സി.ബി ഡ്രൈവറായ ആർപ്പൂക്കര വില്ലൂന്നി പുളീംപറമ്പിൽ വീട്ടിൽ സനീഷ്(39) എന്നിവരെയാണ് കോട്ടയം ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവർ സംഘം ചേർന്ന് കഴിഞ്ഞ ദിവസം രാത്രി രണ്ട് മണിയോടെ അയൽവാസിയായ യുവാവിന്റെ വീട്ടുവളപ്പിൽ അതിക്രമിച്ച് കയറി ജെ.സി.ബി യും മറ്റും ഉപയോഗിച്ച് മതിൽ പൊളിക്കുകയായിരുന്നു.
ഇത് കണ്ട് തടയാൻ ശ്രമിച്ച വീട്ടിലുണ്ടായിരുന്ന മധ്യവയസ്കയെയും, ഭർത്താവിനെയും ഇവർ ഉപദ്രവിക്കുകയുമായിരുന്നു. വഴിക്ക് വീതി കൂട്ടുന്നതിന് സൗജന്യമായി സ്ഥലം വിട്ടു നൽകണമെന്നുള്ള ഇവരുടെ ആവശ്യം മധ്യവയസ്കയും കുടുംബവും നിരാകരിച്ചിരുന്നു.
കൂടാതെ മധ്യവയസ്ക ഇത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. ഇതിലുള്ള വിരോധം മൂലമാണ് ഇവർ രാത്രിയിൽ സംഘം ചേർന്ന് മതിൽ പൊളിച്ച് മാറ്റിയത്.
പരാതിയെ തുടർന്ന് ഗാന്ധിനഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തെരച്ചിലിൽ ഇവരെ പിടികൂടുകയുമായിരുന്നു. ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്.ഓ കെ സിനോദിൻ്റെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.