കൈക്കൂലി കേസിൽ ചെയർമാൻ നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിർദേശം
തൊടുപുഴ: സ്കൂൾ കെട്ടിടത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട കൈക്കൂലി കേസിൽ രണ്ടാം പ്രതിയായ തൊടുപുഴ മുനിസിപ്പൽ ചെയർമാൻ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വിജിലൻസ് നോട്ടീസ് നൽകി.
എട്ടിന് മുട്ടത്തെ വിജിലൻസ് ഓഫീസിൽ ഹാജരാകാനാണ് നിർദേശം. ശനിയാഴ്ച സനീഷ് ജോർജി ൻ്റെ വീട്ടിൽ നോട്ടീസ് കൈമാറാനായി വിജിലൻസ് ഉദ്യോഗസ്ഥർ എത്തിയപ്പോൾ അദ്ദേഹം വീട്ടിലുണ്ടായിരുന്നില്ല. തുടർന്ന് ഉദ്യോഗസ്ഥർ ഫോണിൽ ബന്ധപ്പെട്ടപ്പോൾ നോട്ടീസ് വീട്ടിൽ നൽകേണ്ടെന്നും നേരിട്ട് കൈപ്പറ്റാമെന്നും മറുപടി നൽകി.
തുടർന്നാണ് ഇന്നലെ വിജിലൻസ് ഉദ്യോഗസ്ഥന്റെ പക്കൽ നിന്നു നോട്ടീസ് കൈപ്പറ്റിയത്. കുമ്മംകല്ല ബി.ടി.എം എൽ.പി സ്കൂളിൻ്റെ കെട്ടിടത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതിന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് നഗരസഭ അസി. എൻജനിയർ സി.ടി അജി, ഇടനിലക്കാരൻ റോഷൻ സർഗം എന്നിവരെ ഇടുക്കി വിജിലൻസ് യൂണിറ്റ് ഡി.വൈ.എസ്.പി ഷാജു ജോസിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
സംഭവത്തിൽ അസി. എൻജനിയർക്ക് കൈക്കൂലി നൽകാൻ പ്രേരിപ്പിച്ചതിൻ്റെ പേരിലാണ് ചെയർമാനെ രണ്ടാം പ്രതിയാക്കി വിജിലൻസ് കേസെടുത്തത്.
ഇതിനിടെ കൈക്കൂലി കേസിൽ പ്രതിചേർക്കപ്പെട്ട നഗരസഭാ ചെയർമാനെ പാർട്ടി നേതൃത്വം സംരക്ഷിക്കുന്നതിൽ ഇടത് കൗൺസിലർമാർക്കിടയിൽ നീരസമുണ്ട്.
കൈക്കൂലി കേസിൽ എൽ.ഡി.എഫ് കൗൺസിലർമാർ ചെയർമാനെ പിന്തുണയ്ക്കുന്നില്ലെന്നാണ് വിവരം. ചില നേതാക്കളാണ് ചെയർമാനു പിന്നിലുള്ളതെന്നും ഇക്കാരണത്താലാണ് കൈക്കൂലി കേസിൽ പാർട്ടി നേതൃത്വം നയം വ്യക്തമാക്കാത്തതെന്നും ആരോപണമുണ്ട്.
സംഭവം എൽ.ഡി.എഫിന്റെ പ്രതിച്ചായയ്ക്ക് കളങ്കം വരുത്തിയ സാഹചര്യത്തിൽ നടപടിയെടുത്ത് മുഖം രക്ഷിക്കണമെന്നാണ് ചില കൗൺസിലർമാർ ആവശ്യപ്പെടുന്നത്.
എന്നാൽ നഗരസഭ ഒമ്പതാം വാർഡിൽ ഉപതെരഞ്ഞെടുപ്പ് അടുത്ത് നിൽക്കുന്ന സാഹചര്യത്തിൽ തിടുക്കത്തിൽ നടപടി വേണ്ടെന്ന നിലപാടിലാണ് പാർട്ടി നേതൃത്വം നീങ്ങുന്നത്.
കോൺഗ്രസ് വിമതനായാണ് തെരഞ്ഞെടുപ്പിൽ സനീഷ് ജോർജ് വിജയിച്ചത്. സനീഷിന് ചെയർമാൻ പദവി വാഗ്ദാനം ചെയ്ത് ഒപ്പം നിർത്തിയും ഒമ്പതാം വാർഡിൽ വിജയിച്ച ലീഗ് സ്വതന്ത്രയെ കാലുമാറ്റിയുമാണ് നഗരസഭ ഭരണം യു.ഡി.എഫിനെ അട്ടിമറിച്ച് എൽ.ഡി.എഫ് പിടിച്ചത്.