സി.പി.എമ്മിനെ അടി മുടി ബാധിച്ച ജീർണതയെ ഒരാളിലേക്ക് മാത്രം ചുരുക്കാൻ ചിലർ ബോധപൂർവം ശ്രമിക്കുന്നുവെന്ന് പി.കെ ഫിറോസ്
തിരുവനന്തപുരം: സി.പി.എമ്മിൻറെ കനത്ത പരാജയത്തിൻറെ ഉത്തരവാദിത്വം പിണറായി വിജയന് മാത്രമാണെന്ന തരത്തിലാണ് ചില സി.പി.എം നേതാക്കളുടെയും മാധ്യമങ്ങളുടെയും വിമർശനമെന്ന് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. സി.പി.എമ്മിനെ അടി മുടി ബാധിച്ച ജീർണതയെ ഒരാളിലേക്ക് മാത്രം ചുരുക്കാൻ ചിലർ ബോധപൂർവം ശ്രമിക്കുന്നത്.
ഇതിന് ചില ഘടക കക്ഷികൾ കൂട്ടു നിൽക്കുകയുമാണ്. ഇത് അംഗീകരിക്കാനാവില്ല. അതിനാൽ പിണറായി വിജയനൊപ്പമെന്ന് ഫിറോസ് പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: സിപിഎമ്മിൻറെ കനത്ത പരാജയത്തിൻറെ ഉത്തരവാദിത്വം പിണറായി വിജയന് മാത്രമാണ് എന്ന തരത്തിലാണ് ചില സിപിഎം നേതാക്കളുടെയും മാധ്യമങ്ങളുടെയും വിമർശനം. ഇത് വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ട്.
എന്നാൽ ജനങ്ങൾ പാർട്ടിയിൽ നിന്ന് അകലാൻ കാരണം പിണറായി വിജയൻ മാത്രമല്ല എന്നതാണ് ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ മുൻ പ്രസിഡണ്ടും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ മനു തോമസിൻറെ വെളിപ്പെടുത്തലിലൂടെ വ്യക്തമാകുന്നത്.
പിണറായി വിജയനെയും ഇ. പി. ജയരാജനെയും പോലുള്ള നേതാക്കൾ കമ്മ്യൂണിസ്റ്റ് നയങ്ങളിൽ നിന്ന് വ്യതിചലിച്ച് മുതലാളിമാരുമായി ചങ്ങാത്തമുണ്ടാക്കുകയും മക്കളെയും ബന്ധുക്കളെയും അനധികൃത രീതിയിൽ പണമുണ്ടാക്കാൻ അനുവദിക്കുകയും ചെയ്യുമ്പോൾ യഥാർഥ മാർക്സിസ്റ്റ്-ലെനിനിസ്റ്റ് കാഴ്ചപ്പാടിൽ അടിയുറച്ച് നിൽക്കുന്ന വ്യക്തിയാണ് പി. ജയരാജനും മക്കളും എന്നായിരുന്നു പ്രചരണങ്ങളിലൊന്ന്. എന്നാൽ പി. ജയരാജൻ പോലും ഒട്ടും വ്യത്യസ്തനല്ല എന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.
സ്വർണ്ണക്കടത്ത് സംഘവുമായും ക്വാറി മുതലാളിമാരുമായും ജയരാജനും മക്കൾക്കും ഡിവൈഎഫ്ഐ നേതാവ് ഷാജിറിനും ബന്ധമുണ്ടെന്ന ഗുരുതര ആരോപണം ഉയർത്തുക മാത്രമല്ല പാർട്ടിക്ക് നൽകിയ പരാതിയിൽ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും മനുതോമസ് പറയുന്നുണ്ട്.
കൊടിയേരി ബാലകൃഷ്ണൻ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ഇങ്ങിനെ സംഭവിക്കില്ലെന്ന് പറയുന്ന മനു ഇപ്പോഴത്തെ പാർട്ടി സെക്രട്ടറി ഈ കൊള്ള സംഘത്തിന് കൂട്ടു നിൽക്കുകയാണ് എന്നാണ് പറയാതെ പറയുന്നത്.
ഇത് കണ്ണൂർ ജില്ലയിലെ മാത്രം കാര്യമല്ല. ലോക്കൽ സെക്രട്ടറി മുതൽ സംസ്ഥാന കമ്മിറ്റി അംഗം വരെയുള്ള പല നേതാക്കളുടെയും യഥാർത്ഥ സ്ഥിതി ജീവനിൽ കൊതിയുള്ളത് കൊണ്ട് മാത്രമാണ് ‘മനുതോമസുമാർ’ വെളിപ്പെടുത്താത്തത്.
ഓരോ പ്രദേശത്തും സമാന്തര ഭരണകുടങ്ങളുണ്ടാക്കി ക്വാറി മുതലാളിമാരെയും അനധികൃത കച്ചവടക്കാരെയും നയിക്കുകയാണ് പലരും. മൈക്ക് കേടായതിന് മൈക്ക് ഓപ്പറേറ്ററെ തെറി വിളിക്കുകയും പ്രസംഗം നന്നായി എന്ന് പറഞ്ഞതിന് അവതാരകയെ വിരട്ടുകയും ചെയ്ത പിണറായി വിജയന്റെ ധാർഷ്ട്യം മാത്രമാണ് ചർച്ച ചെയ്യപ്പെട്ടത്. പാർട്ടിയുടെ പല നേതാക്കൾക്ക് നേരെയും ക്യാമറ പിടിച്ചാൽ എന്തായിരിക്കും സ്ഥിതി!
ചുരുക്കി പറഞ്ഞാൽ സിപിഎമ്മിനെ അടി മുടി ബാധിച്ച ജീർണതയെയാണ് ഒരാളിലേക്ക് മാത്രം ചുരുക്കാൻ ചിലർ ബോധപൂർവം ശ്രമിക്കുന്നത്. ഇതിന് ചില ഘടക കക്ഷികൾ കൂട്ടു നിൽക്കുകയുമാണ്. ഇത് അംഗീകരിക്കാനാവില്ല. പിണറായിക്കൊപ്പം.