ദിലീപ് വിവാദം ; മഞ്ജു വാര്യരെ മോഹന്‍ലാല്‍ ചിത്രങ്ങളില്‍ നിന്നും ഒഴിവാക്കുമെന്ന് സൂചന
കൊച്ചി: ദിലീപ് വിവാദത്തില്‍ സിനിമാ മേഖലയിലെ രോഷത്തിന് പാത്രമായ മഞ്ജു വാര്യരെ മോഹന്‍ലാല്‍ ചിത്രങ്ങളില്‍ നിന്നും ഒഴിവാക്കിയേക്കും.
മഞ്ജു വാര്യരുടെ താരമൂല്യം കുത്തനെ ഇടിഞ്ഞത് ചൂണ്ടിക്കാട്ടിയാണ് മോഹന്‍ലാല്‍ നായകനായ ഒടിയനില്‍ നിന്നും ഒഴിവാക്കുന്നതെന്നാണ് സൂചനയെങ്കിലും യഥാര്‍ത്ഥ കാരണം ദിലീപ് വിവാദവുമായി ബന്ധപ്പെട്ടാണെന്നാണ് പറയപ്പെടുന്നത്.
ആയിരം കോടി മുടക്കി ബി.ആര്. ഷെട്ടി നിര്‍മ്മിക്കുന്ന രണ്ടാം മൂഴത്തില്‍ ശക്തമായ കഥാപാത്രത്തെയാണ് മഞ്ജുവിന് വേണ്ടി സംവിധായകന് ശ്രീകുമാരമേനോന് ഒരുക്കി വെച്ചിരുന്നത്. പുതിയ സാഹചര്യത്തില്‍ ഈ സിനിമയും മഞ്ജുവിന് നഷ്ടമാകും. രണ്ട് സിനിമയും സംവിധാനം ചെയ്യുന്നതും ശ്രീകുമാര മേനോനാണ്.
ദിലീപ് വിവാദത്തില്‍ ‘വിവാദ’ കേന്ദ്രമായതോടെ സിനിമാരംഗത്ത് നിന്നും നേരിടുന്ന കടുത്ത എതിര്‍പ്പാണ് സിനിമാ അണിയറ പ്രവര്‍ത്തകര്‍ മഞജുവിന്റെ കാര്യത്തില്‍ പുനഃപരിശോധന നടത്താന്‍ കാരണമായതെന്നാണ് അറിയുന്നത്.
മഞ്ജു വാര്യര്‍ക്ക് ഊതി വീര്‍പ്പിച്ച ഒരു പരിവേഷമാണുള്ളതെന്നാണ് സിനിമാ മേഖലയിലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്. മഞ്ജു അഭിനയിച്ച മിക്ക ചിത്രങ്ങളും സാമ്പത്തികമായി വന്‍ പരാജയമാണെന്നും കണക്കുകള്‍ നിരത്തിയാണവര്‍ ചൂണ്ടികാണിക്കുന്നത്.
‘റാണി പത്മിനി’ എന്ന സിനിമയ്ക്ക് 7 കോടി ചിലവായപ്പോള്‍ കളക്ഷന്‍ ഇനത്തില്‍ ആകെ ലഭിച്ചത് 2 കോടി 65 ലക്ഷം രൂപയാണത്രേ. ഇതില്‍ തന്നെ സാറ്റലൈറ്റ് വകയിലാണ് 2 കോടിയും.
3.7 കോടി മുടക്കിയ ‘ജൊയ് ആന്റ് ബോയ്ക്ക്’ ചിലവ് 4 കോടി വന്നപ്പോള്‍ ആകെ 1 കോടി 70 ലക്ഷം രൂപയാണ് ലഭിച്ചത്. ഇതില്‍ 1.5കോടിയും സാറ്റലൈറ്റ് കളക്ഷനാണ്. 4.2 കോടി മുടക്കിയ ‘കരിക്കുന്നം സിക്സസ്’ ആകെ കളക്റ്റ് ചെയ്തത് 2 കോടി 75 ലക്ഷം രൂപയാണ്. ഇതിലും 2 കോടി സാറ്റലൈറ്റ് വകയാണ് ലഭിച്ചത്. ‘സൈറ ബാനു’വിന് 2.1 കോടി ചിലവായപ്പോള്‍ കളക്ഷന്‍ ലഭിച്ചത് വെറും 85 ലക്ഷവുമാണ്. ‘വേട്ട’ സിനിമയില്‍ നിര്‍മ്മാതാവിന് 1.5 കോടി രൂപയാണ് നഷ്ടമുണ്ടായത്.
ശ്രീകുമാര്‍ തന്റെ മീഡിയാ ബന്ധം ഉപയോഗിച്ചാണ് സാറ്റലൈറ്റ് തുക വര്‍ദ്ധിപ്പിച്ചിരുന്നത്.
മഞ്ജു ഓരോ സിനിമയ്ക്കും 60 മുതല്‍ 65 ലക്ഷം വരെ ശമ്പളം വാങ്ങിക്കുന്നത് നേരത്തെ തന്നെ നിര്‍മ്മാതാക്കള്‍ക്കിടയില്‍ കടുത്ത അസംതൃപ്തിക്ക് കാരണമായിരുന്നു. നിരവധി ഹിറ്റ് സിനിമകള്‍ ചെയ്ത പാര്‍വതിയെപ്പോലുള്ള നടിമാര്‍ 25 ലക്ഷം മാത്രം വാങ്ങുന്നിടത്താണ് മഞ്ജുവിന്റെ ഈ ഭീമമായ പ്രതിഫലം.
മഞ്ജുവിനെ ‘ഇന്റലിജന്റ് പ്ലാനിങ്ങില്‍’ കൂടി ലേഡി സൂപ്പര്‍ സ്റ്റാറാക്കി താര മൂല്യം ഉയര്‍ത്തിയത് പ്രമുഖ പരസ്യ സംവിധായകന് കൂടിയായ ശ്രീകുമാര മേനോനായിരുന്നു. ഇദ്ദേഹം ഇപ്പോള്‍ പരസ്യമേഖലയ്ക്ക് അവധി നല്കി സിനിമാ മേഖലയില്‍ സജീവമായിരിക്കുകയാണ്.
മഞ്ജുവിനെ ഇന്ന് കാണുന്ന ബ്രാന്റ് ആക്കി വളര്‍ത്തിയതും സാമൂഹിക പ്രസക്തിയുള്ള താരമാക്കി മാറ്റിയതും ശ്രീകുമാറിന്റെ ബുദ്ധിയാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
മഞ്ജു തിരിച്ച് വരാന്‍ കാരണവും തിരിച്ച് വന്ന ശേഷവുമുള്ള ഓരോ നീക്കങ്ങളും പ്ലാന്‍ ചെയ്ത് നടപ്പിലാക്കിയതും ശ്രീകുമാര്‍ ആയിരുന്നു.
ചില അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ശ്രീകുമാറുമായി മഞ്ജു ഇപ്പോള്‍ അകന്നു എന്നാണ് വാര്‍ത്തകള്‍. ഇതും ഇപ്പോള്‍ മഞ്ജുവിന്റെ സിനിമാ-പരസ്യ കരിയറുകള്‍ക്ക് തിരിച്ചടിയായി മാറിയിട്ടുണ്ട്.
ഹൗ ഓള്‍ഡ് ആര് യുവിന് ശേഷം എല്ലാ പടങ്ങളും കോടികളുടെ നഷ്ടം ഉണ്ടാക്കിയിട്ടും മഞ്ജുവിന്റെ താരമൂല്യം ഇടിയാതെ കാത്തു സൂക്ഷിച്ചത് ശ്രീകുമാറിന്റെ തന്ത്രങ്ങളായിരുന്നു. പല പ്രോജക്റ്റുകളും ഉണ്ടാക്കിയതും ഫീസ് നെഗോഷിയേറ്റ് ചെയ്യുന്നതുമൊക്കെ ശ്രീകുമാറായിരുന്നുവത്രേ.
ശ്രീകുമാറിന്റെ എല്ലാ ബ്രാന്‍ഡുകളിലും മഞ്ജുവായിരുന്നു അംബാസിഡര്‍. കല്യാണ്‍ ജുവല്ലേഴ്സില്‍ നിന്നും ശ്രീകുമാര്‍ പുറത്ത് പോയപ്പോഴും മഞ്ജു ബ്രാന്‍ഡ് അംബാസിഡറായി തുടര്‍ന്നു. ഇവര്‍ തമ്മിലുള്ള ബന്ധം ഗോസിപ് കോളങ്ങളില്‍ സജീവമായി. ഈ ബന്ധത്തെക്കുറിച്ച് ദിലീപ് ഇപ്പോള്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞിട്ടുണ്ട്.
ചോദ്യം ചെയ്യലില്‍ ദിലീപ് ഗുരുതരമായ ആരോപണങ്ങളാണ് ശ്രീകുമാറിനെതിരെ ഉന്നയിച്ചത്. ദിലീപിനെതിരെ നടക്കുന്ന ഗൂഢാലോചന ശ്രീകുമാറാണ് നയിക്കുന്നതെന്നാണ് ദിലീപിന്റെയും സുഹൃത്തുക്കളുടെയും പ്രധാന ആരോപണം.