രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ പ്രാബല്യത്തിൽ
ന്യൂഡൽഹി: കൊളോണിയൽ കാലത്തെ നിയമങ്ങളിൽ സമഗ്ര മാറ്റവുമായി രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ പ്രാബല്യത്തിൽ.
ബ്രിട്ടിഷ് ഭരണ കാലത്ത് രൂപപ്പെടുത്തിയ ഇന്ത്യൻ ശിക്ഷാ നിയമം, ക്രിമിനൽ നടപടിച്ചട്ടം, ഇന്ത്യൻ തെളിവു നിയമം എന്നിവയ്ക്ക് പകരം ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം എന്നിവ തിങ്കളാഴ്ച(2024 ജൂലൈ 1) മുതൽ പ്രാബല്യത്തിൽ.
കുറ്റകൃത്യം നടന്ന പ്രദേശം കണക്കിലെടുക്കാതെ ആദ്യ അന്വേഷണ റിപ്പോർട്ട് തയാറാക്കുന്ന സീറോ എഫ്.ഐ.ആർ, പൊലീസിന് ഓൺലൈനിൽ പരാതി നൽകാനാകുന്ന സംവിധാനം, എസ്.എം.എസിലൂടെ സമൻസ്, ഹീനമായ കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിൽ പൂർണമായി വിഡിയൊ ദൃശ്യം പകർത്തൽ തുടങ്ങി ആധുനിക നീതിന്യായ വ്യവസ്ഥയോട് ചേർന്നുപോകുന്നതാണ് പുതിയ നിയമങ്ങൾ.
അതേസമയം, രാജ്യത്തിന്റെയും ഭരണഘടനയുടെയും എല്ലാ ധാർമിക മൂല്യങ്ങളും ഉൾക്കൊള്ളുന്നവയാണ് പുതിയ നിയമങ്ങളെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ.
ബ്രിട്ടിഷ് നിയമങ്ങളിൽ ശിക്ഷാ നടപടിക്കാണ് പ്രാധാന്യമെങ്കിൽ പുതിയ നിയമങ്ങളിൽ നീതിക്കാണ് പ്രാമുഖ്യമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഇത് ഇന്ത്യക്കാർ നിർമിച്ച നിയമമാണ്.
ഇന്ത്യൻ പാർലമെന്റാണിത് ചർച്ച ചെയ്ത് അംഗീകരിച്ചത്. കൊളോണിയൽ ക്രിമിനൽ നീതി നിയമങ്ങൾക്ക് ഇവിടെ അവസാനമാകുന്നു. കേവലം പേരുമാറ്റമല്ല, ആത്മാവും ശരീരവും സത്തയും മാറിയിട്ടുണ്ട് പുതിയ നിയമങ്ങളെന്നും അദ്ദേഹം.
ക്രിമിനൽ കേസുകളിൽ 45 ദിവസത്തിനുള്ളി വിചാരണ പൂർത്തിയാക്കുക, ആദ്യ തവണ കേസ് പരിഗണിച്ച തീയതി മുതൽ 60 ദിവസത്തിനുള്ളിൽ കുറ്റം ചാർത്തുക, പീഡന കേസുകളിൽ ഇരയുടെ മൊഴി അവരുടെ രക്ഷിതാക്കളുടെയോ ബന്ധുക്കളുടെയോ സാന്നിധ്യത്തിൽ വനിതാ പൊലീസ് ഓഫിസർ രേഖപ്പെടുത്തുക, ഏഴു ദിവസത്തിനുള്ളിൽ വൈദ്യപരിശോധനാ റിപ്പോർട്ട് സജ്ജമാക്കുക തുടങ്ങി സുപ്രധാന വ്യവസ്ഥകളുണ്ട് പുതിയ നിയമങ്ങളിൽ.
സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കുറ്റകൃത്യങ്ങൾക്ക് പുതിയ നിയമത്തിൽ പ്രത്യേക അധ്യായം തന്നെയുണ്ട്. കുട്ടികളെ വാങ്ങുന്നതും വിൽക്കുന്നതും ഹീനമായ കുറ്റകൃത്യങ്ങളുടെ ഗണത്തിൽപ്പെടുത്തി.
പ്രായപൂർത്തിയാകാത്ത കുട്ടികളെ കൂട്ടബലാത്സംഗത്തിനിരയാക്കുന്ന കേസുകളിൽ ഇനി വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാം. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങളും കൊലപാതകവു രാഷ്ട്രത്തിനെതിരായ കുറ്റകൃത്യമായാകും പരിഗണിക്കുക.
ആവർത്തനങ്ങൾ നീക്കി ഇന്ത്യൻ ശിക്ഷാ നിയമം പുനഃക്രമീകരിച്ചതോടെ 511 വകുപ്പുകളുണ്ടായിരുന്നത് 358 ആയി കുറഞ്ഞിട്ടുണ്ട്.
വ്യാജ വിവാഹവാഗ്ദാനം, പ്രായപൂർത്തിയാകാത്തവരെ കൂട്ടബലാത്സംഗത്തിനിരയാക്കുക, ആൾക്കൂട്ട മർദനം മൂലമുള്ള കൊലപാതകം, ആഭരണങ്ങൾ പിടിച്ചുപറിക്കൽ തുടങ്ങിയവയെ സംബന്ധിച്ച് ഐപിസിയിൽ പ്രത്യേക വകുപ്പുകളുണ്ടായിരുന്നില്ല.
എന്നാൽ, പുതിയ നിയമത്തിൽ ഇക്കാര്യങ്ങളെല്ലാം ഉൾപ്പെടുത്തി. കുറ്റകൃത്യം നടന്ന പ്രദേശം പരിഗണിക്കാതെ വ്യക്തികൾക്ക് ഏതു പൊലീസ് സ്റ്റേഷനിലും പരാതി നൽകാമെന്നതാണ് ഏറെ പ്രധാനമായ മാറ്റം.
ഇതുവഴി കുറ്റകൃത്യത്തെക്കുറിച്ച് ഏറ്റവും വേഗത്തിൽ പൊലീസിന് വിവരം ലഭിക്കാനും നടപടി തുടങ്ങാനും വഴിയൊരുക്കും. അറസ്റ്റ് ചെയ്യപ്പെടുന്നയാൾക്ക് തനിക്ക് താത്പര്യമുള്ള ഒരാളെ വിവരമറിയിക്കാനുള്ള അവകാശവും പുതിയ നിയമ പ്രകാരം ലഭിക്കും.
സ്ത്രീകൾ, പതിനഞ്ചു വയസിൽ താഴെയുള്ളവർ, 60 വയസിനു മുകളിലുള്ളവർ, ഭിന്നശേഷിയുള്ളവർ, മാരകരോഗങ്ങൾ ബാധിച്ചവർ തുടങ്ങിയവർക്ക് പരാതി നൽകാനോ കേസിന്റെ തുടർനടപടികൾക്കോ പൊലീസ് സ്റ്റേഷനിൽ പോകേണ്ടതില്ല. ഇവരെ പൊലീസ് വീട്ടിലെത്തി സഹായിക്കണമെന്നും പുതിയ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു.