ഇറാനിൽ രണ്ടാംവട്ട തെരഞ്ഞെടുപ്പ്
തെഹ്റാൻ: ആദ്യ വട്ട തെരഞ്ഞെടുപ്പിൽ പ്രസിഡന്റിനെ കണ്ടെത്താനാകാതെ ഇറാൻ. വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടർന്ന് രാജ്യത്ത് രണ്ടാം വട്ടം വേട്ടെടുപ്പ് നടക്കും.
ഇറാനിയൻ നിയമ പ്രകാരം തെരഞ്ഞെടുപ്പിൽ വിജയിക്കാൻ സ്ഥാനാർത്ഥിക്ക് 50ശതമാനത്തിൽ കൂടുതൽ വോട്ട് ലഭിക്കണം. അല്ലാത്തപക്ഷം ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്നവർ തമ്മിൽ ഒരാഴ്ചയ്ക്ക് ശേഷം രണ്ടാംവട്ട തെരഞ്ഞെടുപ്പ്(റൺഓഫ്) നടത്തും.
ഇറാൻ്റെ ചരിത്രത്തിൽ ഇതിനുമുൻപ് 2005ൽ മാത്രമാണ് റൺഓഫ് തെരഞ്ഞെടുപ്പ് നടന്നിട്ടുള്ളത്. പ്രസിഡന്റായിരുന്ന ഇബ്രാഹിം റെയ്സി ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്നാണ് 2025ൽ നടത്തേണ്ട തെരഞ്ഞെടുപ്പ് നേരത്തേയാക്കിയത്.
ചരിത്രത്തിലെ ഏറ്റവും കുറവ് പോളിംഗ് ആയിരുന്നു വെള്ളിയാഴ്ച രേഖപ്പെടുത്തിയത്. പോളിംഗ് ശതമാനം മെച്ചപ്പെടുത്താൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി ജനങ്ങളോട് ആഹ്വാനം ചെയ്തിട്ടും 39.9 ശതമാനം വോട്ട് മാത്രമേ രേഖപ്പെടുത്തിയുള്ളു.
പോളിംഗ് ഉയരുമെന്ന പ്രതീക്ഷയിൽ രാവിലെ എട്ടിന് തുടങ്ങി വൈകിട്ട് ആറിന് അവസാനിക്കേണ്ടിയിരുന്ന വോട്ടെടുപ്പ് രണ്ടുമണിക്കൂർകൂടി നീട്ടിയെങ്കിലും ഫലമുണ്ടായില്ല.
2021ലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ 42 ശതമാനം പോളിംഗായിരുന്നു രേഖപ്പെടുത്തിയത്. മാർച്ച് പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ 41ശതമാനം പോളിംഗ് രേഖപ്പെടുത്തി.
തീവ്രയാഥാസ്ഥിതിക നിലപാടുകാരനായ സഈദ് ജലീലി, യാഥാസ്ഥിതികരായ മൊഹമ്മദ് ബാഗേർ ഗലിബാഫ്, മൊസ്തഫ പൂർമൊഹമ്മദി, നവീകരണവാദിയായ മസൂദ് പെസെഷ്ക്യൻ എന്നിവരാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്.
80 പേർ സ്ഥാനാർഥിത്വത്തിന് അപേക്ഷിച്ചിരുന്നെങ്കിലും ആറുപേർക്കു മാത്രമാണ് അംഗീകാരം ലഭിച്ചത്. ഇതിൽ രണ്ടുപേർ പിന്നീട് പിന്മാറി. പോൾ ചെയ്ത 2,45,00,000 വോട്ടുകളിൽ പെസെഷ്ക്യന് 1,04,00,000 ലഭിച്ചപ്പോൾ ജലീലിക്ക് 94,00,000 വോട്ടുകൾ ലഭിച്ചു.
പാർലമെൻ്റ് സ്പീക്കർ മൊഹമ്മദ് ബാഗേർ ഗലിബാഫിന് 33,00,000 വോട്ട് ലഭിച്ചു. മൊസ്തഫ പൂർമൊഹമ്മദിക്ക് 2,06,000 വോട്ടുകളാണ് ലഭിച്ചത്. 10 ലക്ഷത്തിലധികം വോട്ടുകൾ അസാധുവായി.
തെരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകൾ പുറത്തു വന്നപ്പോൾ മുതൽതന്നെ മസൂദ് പെസെഷ്ക്യനും സഈദ് ജലീലിയുമായിരുന്നു മുന്നേറിയത്. ഇരുവർക്കുമിടയിൽ ഈ വരുന്ന വെള്ളിയാഴ്ച വീണ്ടും തെരഞ്ഞെടുപ്പ് നടക്കും.
സ്ത്രീകൾക്കും സമൂലമായ മാറ്റത്തിന് ആഹ്വാനം ചെയ്യുന്നവർക്കും ഇറാനിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ വിലക്കുണ്ട്. വോട്ടെടുപ്പ് സുതാര്യമല്ലെന്ന് ആരോപിച്ച് നൊബേൽ സമ്മാന ജേതാവ് നർഗസ് മുഹമ്മദി ഉൾപ്പെടെ ലക്ഷങ്ങൾ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു.