പങ്കാളിയെ ലൈംഗികമായി ആക്രമിക്കുന്നത് ന്യായീകരിക്കാനാവില്ല; ബോംബെ ഹൈകോടതി
മുംബൈ: പങ്കാളിയെ ലൈംഗികമായി ആക്രമിക്കുന്നത് ന്യായീകരിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. വിവാഹ വാഗ്ദാനം നൽകി അയൽവാസിയെ ബലാത്സംഗം ചെയ്തയാൾക്കെതിരായ എഫ്.ഐ.ആർ റദ്ദാക്കാൻ വിസമ്മതിക്കുന്നതിനിടെ വെള്ളിയാഴ്ചയാണ് കോടതിയുടെ ഈ പരാമർശം.
ഒരു ബന്ധം തുടക്കത്തിൽ ഉഭയ സമ്മതമായിരിക്കാമെന്നും അത് പിന്നീട് മാറിയേക്കാമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഒരു പങ്കാളി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിക്കുമ്പോൾ, ആ ബന്ധത്തിന്റെ സ്വഭാവം സമ്മതത്തോടെ എന്നത് നിലനിൽക്കില്ല, കോടതി പറഞ്ഞു. കേസ് നൽകിയ യുവതി ഭർത്താവിനെ ഉപേക്ഷിച്ച് സത്താറയിലെ കരാഡിൽ നാല് വയസുള്ള മകനോടൊപ്പം താമസിക്കുകയായിരുന്നു.
യുവതിയുടെ മാതാപിതാക്കൾ 2021ൽ കൊവിഡ് ബാധിച്ച് മരണപ്പെടുകയും അയൽവാസിയുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കാനെത്തുകയും ചെയ്തു. തുടർന്ന് അയൽവാസിയായ പ്രതി വിവാഹവാഗ്ദാനം നൽകി അടുത്ത സുഹൃത്തായി മാറുകയായിരുന്നു.
സ്ത്രീ നിരസിച്ചിട്ടും, 2022 ജൂലൈയിൽ പ്രതി യുവതിയെ ബലാത്സംഗം ചെയ്യുകയും മാതാപിതാക്കൾക്ക് പരിചയപ്പെടുത്തുകയും ചെയ്തു. പിന്നീട് പ്രതി വിവാഹത്തിൽ പിൻ മാറുകയും ചെയ്തു.
എന്നാൽ വിവാഹത്തെ കുറിച്ച് പ്രതിയുടെ മാതാപിതാക്കളോട് ചോദിച്ചപ്പോൾ, താൻ മറ്റൊരു ജാതിയിൽ പെട്ടവളാണെന്നും അതിനാൽ വിവാഹത്തെക്കുറിച്ച് ഒരു ആലോചിക്കുകയെ വേണ്ടെന്നും അവർ പറഞ്ഞതായി യുവതി ആരോപിച്ചു.
തന്നെയും മകനെയും കൊല്ലുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞു. എന്നാൽ യുവതി വിവാഹിതയായതിനാൽ വിവാഹം കഴിക്കുന്ന പ്രശ്നമില്ലെന്ന് പ്രതിയുടെ അഭിഭാഷകൻ വാദിച്ചു.
കൂടാതെ,13 മാസത്തെ കാലതാമസത്തിന് ശേഷമാണ് എഫ്.ഐ.ആർ ഫയൽ ചെയ്തത്. സമ്മതത്തോടെയുള്ള പ്രായപൂർത്തിയായ പങ്കാളികൾ തമ്മിലുള്ള ലൈംഗിക ബന്ധം ആയിരുന്നു ഇതെന്നും അതുകൊണ്ട് ഇത് ബലാത്സംഗമല്ലെന്നും അഭിഭാഷകൻ വാദിച്ചു.
ഇഷ്ടമുള്ള പങ്കാളികൾ തമ്മിലുള്ള ലൈംഗികബന്ധം വിവാഹത്തിൽ കലാശിച്ചില്ലെങ്കിൽ പോലും തെറ്റില്ല, അഭിഭാഷകൻ വാദിച്ചു. എന്നാൽ യുവതിയുടെ അഭിഭാഷകൻ ലൈംഗികാതിക്രമത്തിന്റെ മെഡിക്കൽ - ലീഗൽ പരിശോധനാ റിപ്പോർട്ട് ചൂണ്ടിക്കാട്ടി, അതിൽ നിർബന്ധിത ലൈംഗികബന്ധം തള്ളിക്കളയാനാവില്ലെന്ന് വ്യക്തമായി പരാമർശിക്കുന്നതായി കോടതി നിരീക്ഷിച്ചു.
അടുത്ത ബന്ധമുണ്ടായിരുന്നപ്പോഴും ഇയാൾ ബലപ്രയോഗത്തിലൂടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി എഫ്ഐആറിൽ വ്യക്തമായി പറയുന്നുണ്ടെന്നും ബെഞ്ച് പറഞ്ഞു.
സ്ത്രീയുടെ ഭാഗത്ത് നിന്ന് തുടർച്ചയായ സമ്മതമില്ലെന്ന് എഫ്ഐആർ വ്യക്തമാക്കുന്നുവെന്ന് ജസ്റ്റിസുമാരായ അജയ് ഗഡ്കരി, നീല ഗോഖലെ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
പരാതിക്കാരി ഹരജിക്കാരനുമായി വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും, അവൾ തീർച്ചയായും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ തയ്യാറായിരുന്നില്ലെന്നാണ് ആരോപണങ്ങൾ തെളിയിക്കുന്നതെന്നും കോടതി കൂട്ടിച്ചേർത്തു. പ്രഥമദൃഷ്ട്യാ എഫ്.ഐ.ആറിലെ ആരോപണങ്ങൾ മുഴുവൻ ശരിവെക്കുന്നതായാണ് കാണുന്നതെന്നും ഹൈക്കോടതി പറഞ്ഞു.