തമിഴ്നാട് സ്വദേശി ചികിത്സ കിട്ടാതെ മരിച്ച സംഭവം; ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു; വീഴ്ച വരുത്തിയ 5 സ്വകാര്യ ആശുപത്രികള്‍ക്കെതിരെ കേസ്
തിരുവനന്തപുരം: ഗുരുതരാവസ്ഥയിലായിരുന്ന തമിഴ്നാട് സ്വദേശിയെ ചികില്‍സ നിഷേധിച്ച് മരണത്തിലേക്കു തള്ളിവിട്ട സംഭവത്തില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ അന്വേഷണത്തിന് ഉത്തരവിട്ടു. സര്‍ക്കാര്‍ ഉത്തരവുകള്‍ ലംഘിച്ച സ്വകാര്യ ആശുപത്രികളുടെ നടപടിയും വെന്റിലേറ്റര്‍ ഒഴിവില്ലെന്ന തിരുവനന്തപുരം മെഡിക്കല്‍ കോളജിന്റെ വാദവും അന്വേഷിക്കുമെന്നു ശൈലജ പറഞ്ഞു. വീഴ്ചവരുത്തിയ അഞ്ച് സ്വകാര്യ ആശുപത്രികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ചികില്‍സ നല്കാന് സ്വകാര്യ ആശുപത്രികള്‍ വിസമ്മതിച്ചതിനെതുടര്‍ന്നാണു നാഗര്‍കോവില്‍ സ്വദേശി മുരുകന് (47) ആംബുലന്‍സില്‍വച്ച് മരിച്ചത്. ഞായറാഴ്ച രാത്രി 11നു കൊല്ലം ചാത്തന്നൂരിനു സമീപം മുരുകനും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കില്‍, പിന്നാലെ ദമ്പതികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചായിരുന്നു അപകടം.
‘തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മുരുകനെ ആശുപത്രികള്‍ മരണത്തിലേക്കു തള്ളിവിട്ടത് ആരോഗ്യവകുപ്പിനെ ഞെട്ടിച്ചിരിക്കുകയാണ്. സുപ്രീം കോടതി വിധിയുടെയും സര്‍ക്കാര്‍ ഉത്തരവിന്റെയും ലംഘനമാണിത്. വെന്റിലേറ്റര്‍ ഒഴിവില്ലെന്ന തിരുവനന്തപുരം മെഡിക്കല്‍ കോളജിന്റെ വാദം പ്രത്യേകം അന്വേഷിക്കും. ഇത്തരം സാഹചര്യങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ ട്രോമാ കെയര്‍ സംവിധാനം എല്ലാ ജില്ലകളിലും നടപ്പാക്കും’- മന്ത്രി കെ.കെ. ശൈലജ വ്യക്തമാക്കി. ഗുരുതരമായ പരുക്കേറ്റ മുരുകനെ ആദ്യമെത്തിച്ച കൊല്ലം മെഡിട്രിന ആശുപത്രി, മെഡിസിറ്റി മെഡിക്കല്‍ കോളജ്, അസീസിയ മെഡിക്കല്‍ കോളജ്, കിംസ് ആശുപത്രി, തിരുവനന്തപുരം എസ്യുടി ആശുപത്രി എന്നിവയ്ക്കെതിരെയാണു പൊലീസ് കേസെടുത്തത്. എഫ്ഐആറില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയുടെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വീഴ്ച വരുത്തിയ സ്വകാര്യ ആശുപത്രികളില്‍ പൊലീസ് പരിശോധന നടത്തി. ആശുപത്രികളുടെ നിലപാട് ഗുരുതര ചട്ടലംഘനമാണെന്നു കൊല്ലം സിറ്റി പൊലീസ് കമ്മിഷണര്‍ അജിത ബീഗം പറഞ്ഞു. സംഭവത്തെപ്പറ്റി മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്കാന് പൊലീസ് കമ്മിഷണറോട് മനുഷ്യാവകാശ കമ്മിഷന് നിര്‍ദേശിച്ചു. ഇതിനിടെ, കൊല്ലം മെഡിസിറ്റി ആശുപത്രിയിലേക്കു യുവമോര്‍ച്ച, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി.
വാഹനാപകടത്തില്‍ പരുക്കേറ്റ തമിഴ്നാട് സ്വദേശി മുരുകന് ചികില്‍സ കിട്ടാതെ മരിച്ച സംഭവത്തില്‍ ആശുപത്രികള്‍ക്കെതിരെ ശക്തമായി നടപടിയുണ്ടാകുമെന്നു ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. ‘മുരുകനു ചികില്‍സ നിഷേധിച്ചതു ദുഃഖകരമായ സംഭവമാണ്. നാട്ടുകാരും ട്രാഫിക് വൊളന്റിയര്‍മാരും ചേര്‍ന്നു മുരുകനെ കൊല്ലത്തെ സ്വകാര്യ ആശുപത്രികളില്‍ എത്തിച്ചെങ്കിലും വെന്റിലേറ്റര്‍ ഇല്ലെന്നുപറഞ്ഞു മടക്കിയതു നടക്കരുതാത്ത പ്രവൃത്തിയാണ്. അപകടം പറ്റിയവരുടെ ചികില്‍സയെപ്പറ്റി സുപ്രീം കോടതി മാര്‍ഗനിര്‍ദ്ദേശങ്ങളുണ്ട്. ആര്‍ക്ക് അപകടം പറ്റിയാലും, ആരാണു കൊണ്ടുവന്നത് എന്നുനോക്കാതെ ചികില്‍സ നല്‍കാനുള്ള ഉത്തരവാദിത്തം ആശുപത്രിക്കുണ്ട്. പരുക്കേറ്റയാള്‍ക്കു ചികില്‍സ നിരസിച്ചതു തെറ്റാണ്. സംഭവത്തില്‍ ആരോപണ വിധേയരായ ആശുപത്രികള്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്യാന്‍ പൊലീസിനു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുരുകന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ ശക്തമായി നടപടിയുണ്ടാകും- ബെഹ്റ വ്യക്തമാക്കി.
കൊല്ലത്തുനിന്നും ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെയും വെന്റിലേറ്റര്‍ ഇല്ലെന്നു പറഞ്ഞു രോഗിയെ തിരിച്ചയച്ചു. തിരികെ വന്നു കൊല്ലം നഗരത്തിലെ പല സ്വകാര്യ ആശുപത്രികളിലും കൊണ്ടുപോയെങ്കിലും ഒപ്പം ബന്ധുക്കളാരും ഇല്ലെന്നും വെന്റിലേറ്റര്‍ ഒഴിവില്ലെന്നും പറഞ്ഞു മടക്കി അയയ്ക്കുകയായിരുന്നു. തുടര്‍ന്നു കൊല്ലം ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും തിങ്കളാഴ്ച പുലര്‍ച്ചെ ആറിനു മരിച്ചു. പശുക്കറവ ജോലിക്കായാണു മുരുകനും സുഹൃത്തും കൊല്ലത്തെത്തിയത്.
അതേസമയം, വിഷയത്തില്‍ പ്രതികരണവുമായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് രംഗത്തെത്തി. വാഹനാപകടത്തെ തുടര്‍ന്നു കൊണ്ടുവന്ന തമിഴ്നാട് സ്വദേശി മുരുകനെ വെന്റിലേറ്റര്‍ സൗകര്യം ഒഴിവില്ലാത്തതിനാലാണു മറ്റാശുപത്രിയിലേക്ക് കൊണ്ടു പോയതെന്നു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. കൂട്ടിരിപ്പുകാരില്ലാത്തതിനാലാണു മുരുകനു ചികില്‍സ നിഷേധിച്ചെന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാനരഹിതമാണ്.
മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിലെത്തുന്ന നല്ലൊരു ശതമാനം പേരും കൂട്ടിരിപ്പുകാരില്ലാതെ അജ്ഞാതരായാണ് എത്തുന്നതെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു.
അജ്ഞാത രോഗികളെ നോക്കാനായി അത്യാഹിത വിഭാഗത്തില്‍ പ്രത്യേക സംവിധാനമൊരുക്കിയിട്ടുണ്ട്. അപകടാവസ്ഥയില്‍ ഒരു പരിചയവുമില്ലാത്ത ആളുകളായിരിക്കും ഇവരെ അത്യാഹിത വിഭാഗത്തിലെത്തിക്കുക. എന്നാല്‍ കൊണ്ടുവരുന്ന ആള്‍ക്ക് ഒരു ബാധ്യതയും ആശുപത്രി അധികൃതര്‍ ഉണ്ടാക്കാറില്ല. അജ്ഞാതനായി ഒപി ടിക്കറ്റെടുത്താല്‍ ഒരു അറ്റന്‍ഡര്‍ ഇദ്ദേഹത്തെ വിവിധ പരിശോധനകള്‍ക്കായി കൊണ്ടുപോകുകയും ആവശ്യമായ സഹായങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്യും. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെ ഡോക്ടര്‍ കൂടെ അനുഗമിച്ചാണു വാര്‍ഡുകളിലോ ഐസിയുകളിലോ പ്രവേശിപ്പിക്കുന്നത്. മാത്രമല്ല ഇത്തരം അജ്ഞാത രോഗികളുടെ മരുന്നും മറ്റു പരിശോധനകളുമെല്ലാം സൗജന്യമായാണ് ആശുപത്രി ചെയ്തു കൊടുക്കുന്നത്.
ന്യൂറോ സര്ജന് ഇല്ലായെന്നു റഫര്‍ ചെയ്താണു കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും മുരുകനെ രാത്രി ഒരു മണിയോടെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയില്‍ എത്തിയ ഉടനെ അത്യാഹിത വിഭാഗത്തിലെ സര്‍ജറി ഡ്യൂട്ടി ഡോക്ടര്‍ രോഗിയെ ആംബുലന്‍സിലെത്തി പരിശോധിച്ചു. മുരുകന് അതീവ ഗുരുതരാവസ്ഥയില്‍ കോമ സ്റ്റേജിലാണെന്നു ഡോക്ടര്‍ കണ്ടെത്തി. ഈയൊരുവസ്ഥയില്‍ രോഗിക്കു വെന്റിലേറ്റര്‍ സൗകര്യം അത്യാവശ്യമായതിനാല്‍ മെഡിക്കല്‍ കോളജിലെ എല്ലാ ഐസിയുകളിലും വെന്റിലേറ്റര്‍ ഒഴിവുണ്ടോയെന്ന് അന്വേഷിച്ചു. എന്നാല്‍ ഇവിടെയുള്ള എല്ലാ വെന്റിലേറ്ററുകളിലും ഗുരുതരാവസ്ഥയിലുള്ള രോഗികളാണു കിടന്നിരുന്നത്. അവരെ മാറ്റിയാല്‍ അവരുടെ ജീവനു ഭീഷണിയാകുമെന്നതിനാല്‍ വേറെ എന്തുചെയ്യാമെന്ന് ആലോചിച്ചു.
തുടര്‍ന്നു മുരുകനെ വാര്‍ഡില്‍ അഡ്മിറ്റ് ചെയ്ത് ആംബു ബാഗുപയോഗിച്ച് ജീവന്‍രക്ഷാ പ്രവര്‍ത്തനം നടത്താമെന്നുള്ള സാധ്യത ഡോക്ടര്‍മാര്‍ ആരാഞ്ഞു. എങ്കിലും അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലുള്ള രോഗിയെ മാറ്റിയാലുള്ള അവസ്ഥ മുരുകനെ കൊണ്ടുവന്നവരോടു ഡോക്ടര്‍ വിവരിച്ചു. ഇക്കാര്യം ബോധ്യമായ അവര്‍ വെന്റിലേറ്റര്‍ സൗകര്യമുള്ള മറ്റൊരു ആശുപത്രി തേടിപ്പോകുകയായിരുന്നു. മെഡിക്കല്‍ കോളേജിലെത്തിയ രോഗിയെ പരിശോധിക്കാനും വെന്റിലേറ്റര്‍ സൗകര്യം ലഭ്യമാക്കാനുമുള്ള കാലതാമസം മാത്രമേ എടുത്തിരുന്നുള്ളൂ. ഈ രോഗി ഇവിടെനിന്നും ഒപി ടിക്കറ്റു പോലും എടുത്തിട്ടില്ലെന്നും സൂപ്രണ്ട് അറിയിച്ചു.