ഡ്രൈവിങ് ടെസ്റ്റിൽ പങ്കെടുക്കാനുള്ള അനുമതി തേടി ഹൈക്കോടതിയെ സമീപിച്ച് ഭിന്നശേഷിക്കാരൻ
കൊച്ചി: ഒരു വർഷം മുമ്പാണ് ഇരു കൈകളും ഇല്ലാത്ത 32 കാരിയായ ജിലുമോൾ മേരിയറ്റ് തോമസിന് ഡ്രൈവിങ് ലൈസൻസ് നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. ചരിത്രപരമായ നീക്കമായി ഈ തീരുമാനത്തെ പലരും വിലയിരുത്തി.
എന്നാൽ 40 ശതമാനം വൈകല്യമുള്ള 22 കാരനായ രുദ്രനാഥ് ഡ്രൈവിങ് ലൈസൻസിനുള്ള ടെസ്റ്റിനായി പലതവണ കയറിയിറങ്ങിട്ടും അനുകൂല നടപടിയുണ്ടായില്ല. തുടർന്ന് നീതി കിട്ടുമെന്ന പ്രതീക്ഷയിൽ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് രുദ്രനാഥ്.
കഴിഞ്ഞ നാല് വർഷമായി ഡ്രൈവിങ് ടെസ്റ്റിൽ പങ്കെടുക്കാനുള്ള അനുമതി തേടി രുദ്രനാഥ് മോട്ടോർ വാഹന വകുപ്പിൻറെ വാതിലിൽ മുട്ടുകയാണ്. വലതു കൈയിൽ മൂന്ന് വിരലുകൾ മാത്രമാണ് രുദ്രനാഥിനുള്ളത്.
വാഹനത്തിൽ മതിയായ രൂപമാറ്റം വരുത്തിയാൽ രുദ്രനാഥിന് ഓടിക്കാൻ കഴിയുമെന്ന് ചാലക്കുടി താലൂക്ക് ആശുപത്രി മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയെങ്കിലും ഓടിക്കുന്നയാളുടെ സൗകര്യത്തിനനുസരിച്ച് വാഹനം മാറ്റാൻ കഴിയില്ലെന്ന് പറഞ്ഞ് റീജണൽ ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അപേക്ഷ തള്ളി.
18 വയസായപ്പോൾ തന്നെ ലൈസൻസ് ടെസ്റ്റിനായി ഡ്രൈവിങ് സ്കൂളിനെ സമീപിച്ചു. ആർടിഎയിൽ നിന്ന് അനുമതി വാങ്ങാൻ സ്കൂൾ അധികൃതർ നിർദേശിച്ചു. മെഡിക്കൽ സർട്ടിഫിക്കറ്റുമായി ഇരിങ്ങാലക്കുട ജോ. റീജണൽ ട്രാൻസ്പോർട്ട് ഓഫീസറെ (ജെആർടിഒ) സമീപിച്ചു.
വാഹനം സുരക്ഷിതമായി പ്രവർത്തിപ്പിക്കാൻ കഴിയില്ലെന്ന് പറഞ്ഞുകൊണ്ട് അപേക്ഷ തള്ളുകയായിരുന്നു. തുടർന്നാണ് രുദ്രനാഥ് ഹൈക്കോടതിയെ സമീപിച്ചത്. ടെസ്റ്റ് നടത്തി സുരക്ഷിതമായി വാഹനമോടിക്കാൻ കഴിയുമെന്ന് തെളിയിച്ചതിന് ശേഷം ലൈസൻസ് നൽകാൻ നിർദേശിക്കണമെന്നാണ് ഹൈക്കോടതിയോട് രുദ്രനാഥിൻറെ അപേക്ഷ.
വാഹനം സുരക്ഷിതമായി ഓടിക്കുന്നതിന് ആവശ്യമായ വൈദഗ്ധ്യവും പരിശീലനവും മെഡിക്കൽ ക്ലിയറൻസും ഉണ്ടെങ്കിൽ ഭിന്നശേഷിയുള്ള ഒരാൾക്ക് ഡ്രൈവിങ് ലൈസൻസ് നേടാനാകുമെന്ന് രുദ്രനാഥിൻറെ അഭിഭാഷകൻ രഞ്ജിത്ത് ബി. മാരാർ പറഞ്ഞു. സുപ്രീംകോടതിയിലെ ഭീം സിങ് യൂണിയൻ ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള കേസുകൾ രഞ്ജിത്ത് മാരാർ സൂചിപ്പിച്ചു.