തൊടുപുഴ മുനിസിപ്പൽ ചെയർമാന്റെ രാജി: സി.പി.എം നേതൃത്വം അഴിമതിക്കാരുടെ തടവറയിലെന്ന് യു.ഡി.എഫ്
തൊടുപുഴ: ഇടുക്കി ജില്ലയിലെ സിപിഎം നേതൃത്വം അഴിമതിക്കാരുടെ തടവറയിൽ ആണെന്ന് യുഡിഎഫ് തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി നേതാക്കൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
കൈക്കൂലി കേസിൽ രണ്ടാം പ്രതിയായ തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജിനെയും അഴിമതി നടത്തിയ അർബൻ ബാങ്ക് ചെയർമാൻ വി വി മത്തായിയെയും രാജിയിൽ നിന്നും ഇനിയും സംരക്ഷിച്ച് നിർത്തിയിട്ടുള്ളത് സിപിഎം ജില്ലാ കമ്മിറ്റിയാണ്.
ചെയർമാന്റെ രാജി ആവശ്യപ്പെട്ടാൽ പാർട്ടിക്കെതിരെ കൂടി അഴിമതി ആരോപണങ്ങൾ നീളും എന്ന ഭീഷണിയാണ് പാർട്ടി നേതൃത്വത്തിന് മുന്നിൽ മുൻസിപ്പൽ ചെയർമാൻ ഉയർത്തിയിട്ടുള്ളത്.
രാജിക്കാര്യം ചർച്ചചെയ്യാൻ പോലും നേതൃത്വം തയ്യാറാകാത്തത് ഇതുകൊണ്ടാണ്. തൊടുപുഴ അർബൻ ബാങ്കിൽ നിന്നും എട്ടു ലക്ഷം രൂപ വി വി മത്തായിയുടെ സ്വകാര്യ അക്കൗണ്ടിലേക്ക് അനധികൃതമായി കൈമാറ്റം ചെയ്തുവെന്ന് റിസർവ് ബാങ്ക് അന്വേഷണത്തിൽ തെളിഞ്ഞിട്ടുപോലും മത്തായിയെ പാർട്ടി ജില്ലാ നേതൃത്വം സംരക്ഷിച്ച് നിർത്തിയിരിക്കുകയാണ്.
മുനിസിപ്പാലിറ്റിയിലെ അസിസ്റ്റൻറ് എൻജിനീയർ കൈക്കൂലി വാങ്ങിയത് ചെയർമാന്റെ നിർദ്ദേശപ്രകാരമാണെന്ന എൻജിനീയറുടെ തന്നെ റെക്കോർഡ് ചെയ്ത ഫോൺ സംഭാഷണം ഉണ്ട്. അസിസ്റ്റൻറ് എൻജിനീയർക്ക് കോഴ നൽകാൻ താൻ നിർദ്ദേശിച്ചതായി ചെയർമാൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ രാജിവെക്കാതെ ചെയർമാനെ സംരക്ഷിക്കാനും അദ്ദേഹത്തെ ക്രിമിനൽ കേസിൽ നിന്നും അന്വേഷണമദ്ധ്യേ ഒഴിവാക്കാനും ഉള്ള ഗൂഢാലോചനയാണ് ഇപ്പോൾ പാർട്ടി നേതൃത്വം നടത്തുന്നത്. കേസിൽ പ്രതിയായ മുൻസിപ്പൽ ചെയർമാനെ ഉടൻ അറസ്റ്റ് ചെയ്യണം.
മുനിസിപ്പൽ ചെയർമാൻ നഗരസഭയിൽ വ്യാപക അഴിമതി നടത്തിയിട്ടുണ്ട്. നേരിട്ട് പണം വാങ്ങിയ നിരവധി കേസുകൾ ഇപ്പോൾ ഉയർന്നു വന്നിട്ടുണ്ട്.
നഗരസഭയുടെ നിയന്ത്രണത്തിനുള്ള സ്കൂളുകളിലെ അധ്യാപക നിയമനങ്ങൾ, സ്കൂളുകൾക്കുള്ള ഫർണിച്ചർ വാങ്ങാൽ, നഗരത്തിലെ അനധികൃത വഴിയോര കച്ചവടങ്ങൾ സംരക്ഷിക്കൽ, കെട്ടിട നിർമ്മാണ പെർമിറ്റ് - കെട്ടിട നിർമ്മാണ പൂർത്തീകരണ സർട്ടിഫിക്കറ്റ് ലഭ്യമാക്കൽ, സ്ട്രീറ്റ് ലൈറ്റ് മെയിൻറനൻസ് കോൺട്രാക്ട്, നഗരസഭയുടെ കരട് മാസ്റ്റർ പ്ലാനിൽ നിന്നും സ്വകാര്യ വസ്തുക്കളെ ഒഴിവാക്കൽ, പാറക്കടവ് ഡമ്പിംഗ് യാർഡ് നിർമ്മാണ പദ്ധതി തുടങ്ങിയവയിൽ എല്ലാം വ്യാപകമായ അഴിമതി നടത്തിയിട്ടുണ്ട്.
അധികാരികളുടെ അഴിമതിയെ ഭയപ്പെട്ട് നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ കോൺട്രാക്ടർമാർ മുന്നോട്ട് വരാത്തതിനാൽ പദ്ധതി നിർവഹണം തടസ്സപ്പെടുകയും ഫണ്ട് ചെലവഴിക്കൽ 50 ശതമാനത്തിൽ താഴെ ആവുകയും ചെയ്തു.
നഗരവികസനം തകർച്ചയിൽ ആയി. ഇതെല്ലാം പ്രതിപക്ഷ കൗൺസിലർമാർ പലതവണ ഉന്നയിച്ചിട്ടുള്ളത് വാസ്തവം ആയിരുന്നു എന്നുള്ളത് ഇപ്പോൾ അംഗീകരിക്കപ്പെട്ടിരിക്കുകയാണ്.
അഴിമതിക്കാരായ നഗരസഭ ചെയർമാന്റെയും അർബൻ ബാങ്ക് ചെയർമാന്റെയും രാജി എത്രയും വേഗം എഴുതി വാങ്ങാൻ സിപിഎം തയ്യാറാകണം. ഇക്കാര്യത്തിൽ എൽഡിഎഫിലെ ഘടകകക്ഷികളും തുല്യ ഉത്തരവാദികളാണെന്നും അവർ ആരോപിച്ചു.