ട്രൈബൽ വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണം: ഇടുക്കി ജില്ലാ കളക്ടർ
ഇടുക്കി: അടിമാലി പട്ടിക വർഗ്ഗ വികസന ഓഫീസിന് കീഴിൽ നടപ്പിലാക്കുന്ന അംബേദ്ക്കർ സെറ്റിൽമെൻ്റ് ഡവലപ്മെൻ്റ് പദ്ധതിക്ക് കീഴിലെ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ജില്ലാ കളക്ടർ ഷീബാ ജോർജ് നിർദ്ദേശിച്ചു. ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റിയിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടർ.
പദ്ധതിയുടെ ഭാഗമായ പത്ത് സങ്കേതങ്ങളിൽ ഏഴ് സങ്കേതങ്ങളിലെ നിർമ്മാണ പ്രവൃത്തികളുടെ പാർട്ട് ബിൽ യോഗം അംഗീകരിച്ചു. മൊത്തം 63 12178 ലക്ഷം രൂപയുടെ ബില്ലാണ് യോഗം അംഗീകരിച്ചത്.
അഞ്ചാം മൈൽ, കൊച്ചു കൊടക്കല്ല്, തലനിരപ്പൻ, കമ്മാളം കുടി, ഈച്ചാപെട്ടി, ചെമ്പട്ടി, പന്തടിക്കളം സങ്കേതങ്ങളിലെ പ്രവൃത്തികളാണ് യോഗം അവലോകനം ചെയ്തത്. തുടർന്ന് നടന്ന ജില്ലാതല വർക്കിംഗ് ഗ്രൂപ്പ് യോഗം ഈ വർഷത്തെ കോർപ്പസ് ഫണ്ട് പ്രൊജക്റ്റ് പ്രൊപ്പോസലുകളും ചർച്ചചെയ്തുതു.
ഐ.റ്റി.ഡി.പി തൊടുപുഴ, ഐ.റ്റി.ഡി.പി അടിമാലി എന്നിവിടങ്ങളിലെ പ്രൊപ്പോസലുകളാണ് യോഗം ചർച്ച ചെയ്തത്. ഐ.റ്റി.ഡി.പി തൊടുപുഴ ഓഫീസിന് ആദ്യ ഘഡുവായി 17 ലക്ഷം രൂപയും അടിമാലി ഓഫീസിന് 3963601 രൂപയുമാണ് അനുവദിച്ചത്.
യോഗത്തിൽ വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങളായ കെ.എ ബാബു, കെ.കെ ബാലകൃഷ്ണൻ, കെ.ജി സത്യൻ, മറ്റ് അംഗങ്ങൾ ജില്ലാ പ്ലാനിംഗ് ഓഫീസർ ദീപ ചന്ദ്രൻ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.