കല്ലടിക്കോട് ഗർഭിണിയായ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസ്; ഭർത്താവ് കസ്റ്റഡിയിൽ
കല്ലടിക്കോട്: ഏഴ് മാസം ഗർഭിണിയായ യുവതിയെ ദൂരുഹ സാഹചര്യത്തിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ.
കരിമ്പ വെട്ടം പടിഞ്ഞാക്കരയിൽ സജിതയെയാണ്(26) മരിച്ച നിലയിൽ കണ്ടെത്തിയത്. മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് നിഖിലിനെ(28) തമിഴ്നാട് പോലീസ് സേലത്തു നിന്ന് കസ്റ്റഡിയിലെടുത്ത് കേരള പോലീസിന് കൈമാറി.
നിഖിൽ സജിതയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മരണത്തെ തുടർന്ന് നിഖിലിനെയും രണ്ടു കുട്ടികളെയും കാണാതായിരുന്നു.
സജിതയുടെ കഴുത്തിൽ ചെറിയ മുറിവുണ്ടെന്നും നിഖിലിനെ കൂടുതൽ ചോദ്യംചെയ്താൽ മാത്രമേ കൊലപാതകമാണോയെന്ന് ഉറപ്പിക്കാൻ സാധിക്കുകയുള്ളൂവെന്നും പോലീസ് പറഞ്ഞു.
ഉയർന്ന പോലീസ് ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധനകൾ പൂർത്തീകരിച്ച് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.
സ്ഥിരം മദ്യപനായ നിഖിൽ ശനിയാഴ്ച രാത്രി 9.30ഓടെ വീട്ടിൽ വഴക്ക് ഉണ്ടാക്കിയതായി പ്രദേശവാസികൾ പറഞ്ഞു. ഞായറാഴ്ച രാവിലെ ആറോടെ നാട്ടുകാർ വന്നുവിളിച്ചപ്പോൾ മറുപടി കിട്ടാത്തതിനെ തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് സജിതയെ മരിച്ചനിലയിൽ കണ്ടെത്തിയത്. അന്വേഷണത്തിൽ രണ്ടു കുട്ടികളെയും നിഖിലിനെയും കാണാനില്ലെന്നു വ്യക്തമായി. തുടർന്ന് ഇവർക്കായി അന്വേഷണം ആരംഭിച്ചു.
ഒടുവിൽ തമിഴ്നാട് സേലത്ത് നിന്നും പോലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചെത്തലൂർകാരനായ നിഖിലും പഴയലക്കിടി സ്വദേശിനിയായ സജിതയും വിവാഹത്തിന് ശേഷം 12 വർഷമായി വെട്ടത്തെ ഈ വീട്ടിൽ താമസമാക്കിയിട്ട്. ഇവർക്കു രണ്ടു മക്കളാണുള്ളത്: നിജ്വൽ, നിവേദ്യ.