പ്രായപൂർത്തിയാകാത്ത് പെൺകുട്ടിയെ ചാറ്റിംഗിലൂടെ പ്രലോഭിപ്പിച്ചു വരുതിയിലാക്കിയ ശേഷം പീഡിപ്പിച്ചു; യുവാവിന് 22 വർഷം കഠിന തടവ്
അടൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 22 വർഷം കഠിനതടവും 1,20,000 രൂപ പിഴയും ശിക്ഷിച്ച് അടൂർ അതിവേഗ കോടതി സ്പെഷൽ ജഡ്ജ് മഞ്ജിത്ത് ഉത്തരവായി.
പുനലൂർ അറക്കൽ ഇടയംചന്ദ്രമംഗലത്ത് വീട്ടിൽ അനുലാലിനെയാണ്(ചന്തു - 27) ശിക്ഷിച്ചത്. പെൺകുട്ടിയുമായി വ്യാജ പേരിൽ ഇൻസ്റ്റഗ്രാമിലൂടെ ഇയാൾ പരിചയപ്പെടുകയും പണയം വച്ചിരിക്കുന്ന സ്വർണാഭരണങ്ങൾ എടുത്തു നൽകാമെന്നു പ്രലോഭിപ്പിക്കുകയും ചെയ്തതായി പറയുന്നു.
രാവിലെ സ്കൂളിൽ പോകാൻ ഇറങ്ങിയ പെൺകുട്ടിയെ ഇയാൾ അടൂർ ബസ് സ്റ്റാൻഡിലേക്ക് വിളിച്ചുവരുത്തി അവിടെ നിന്നും ബൈക്കിൽ ആലപ്പുഴയ്ക്ക് കൂട്ടികൊണ്ടുപോയി ഒരു ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ച ശേഷം 2000 രൂപ നൽകി അടൂരിൽ തിരികെ എത്തിച്ചു.
2022 ഫെബ്രുവരി 15നു നടന്ന സംഭവത്തിൽ അടൂർ എസ്.എച്ച്.ഒ ആയിരുന്ന ടി.ഡി പ്രജീഷ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.
ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും പോക്സോ ആക്ട് പ്രകാരവും പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കേസിൽ പ്രോസിക്യൂഷൻ ഭാഗത്തു നിന്നും 24 സാക്ഷികളെ വിസ്തരിക്കുകയും 39 രേഖകൾ ഹാജരാക്കുകയും ചെയ്തു.
പ്രതി പിഴ തുക അടയ്ക്കുന്ന പക്ഷം അതിജീവിതയ്ക്കു നൽകണമെന്നും അല്ലാത്തപക്ഷം എട്ട് മാസം കൂടി അധിക കഠിന തടവ് അനുഭവിക്കണമെന്നും വിധിന്യായത്തിൽ പറയുന്നു. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സ്മിത പി ജോൺ ഹാജരായി.