കർഷകർക്ക് 10,000 പശുക്കുട്ടികളെ വിതരണം ചെയ്യാനൊരുങ്ങി ക്ഷീരവികസന വകുപ്പ്
കോഴിക്കോട്: കേരളത്തെ പാലുത്പാദനത്തിൽ സ്വയം പര്യാപ്തതയിലെത്തിക്കാൻ ക്ഷീരകർഷകർക്ക് 10,000 പശുക്കുട്ടികളെ വിതരണം ചെയ്യാനുള്ള പദ്ധതിയുമായി ക്ഷീര വികസന വകുപ്പ്. ക്ഷീരോത്പാദനത്തിൽ മികവു പുലർത്തുന്ന തെരഞ്ഞെടുക്കപ്പെട്ട 50 ഫോക്കസ് ബ്ലോക്കുകളിൽ പശുക്കളെ വിതരണം ചെയ്യുന്നതടക്കമുള്ള പദ്ധതികൾ വിവിധ വകുപ്പുകളിലൂടെ നടപ്പാക്കാനാണ് ക്ഷീരവികസന വകുപ്പ് ഉദ്ദേശിക്കുന്നത്.
ക്ഷീര വികസന വകുപ്പിന്റെ അഭ്യർഥന മാനിച്ച് ക്ഷീരോത്പാദനത്തിൽ മികവു പുലർത്തുന്ന ബ്ലോക്കുകൾ ഉൾപ്പെടുന്ന തദ്ദേശ സ്ഥാപനങ്ങളിൽ ‘കറവപ്പശുക്കളെ വാങ്ങൽ’ പദ്ധതി നിർബന്ധിത പദ്ധതിയാക്കി നടപ്പാക്കാൻ തദ്ദേശസ്വയം ഭരണ വകുപ്പ് തീരുമാനിച്ചു.
ക്ഷീര വികസന വകുപ്പ് ഡയറക്ടർ നൽകിയ ശിപാർശ അംഗീകരിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് തദ്ദേശസ്ഥാപനങ്ങൾക്ക് നിർദേശം നൽകി. 2024 - 2025 വർഷം ‘സ്വയം പര്യാപ്ത ക്ഷീരകേരളം വർഷം’ ആയി പ്രഖ്യാപിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.
പക്ഷെ, കേരളത്തിൽ ആവശ്യമുള്ളത്ര പാൽ നിലവിൽ ഉത്പാദിപ്പിക്കുന്നില്ല. 7.71 ലക്ഷം മെട്രിക് ടണ്‍ കുറവാണ് നിലവിലുള്ള ഉത്പാദനം. ഈ കുറവ് നികത്താൻ ക്ഷീര വികസന വകുപ്പ് ആവിഷ്കരിച്ച പദ്ധതികളിലൊന്നാണ് തദ്ദേശ സ്വയംഭരണ വകുപ്പിലൂടെ നടപ്പാക്കാൻ ഉദേശിക്കുന്നത്. കറവപ്പശുക്കളെ വാങ്ങുന്നതിന് സബ്സിഡി നൽകാൻ തദ്ദേശസ്ഥാപനങ്ങൾക്കു സർക്കാർ അനുമതി നൽകിയിട്ടുണ്ട്.
വർഗ ഗുണമുള്ളതും ഉത്പാദന ശേഷിയുള്ളതുമായ ജേഴ്സി, എച്ച്എഫ് ഇനങ്ങളിൽപ്പെട്ട കന്ന് കുട്ടികളെ വാങ്ങി സർക്കാർ ഫാമുകളിൽ വളർത്തി ഒരു വർഷം കഴിയുന്പോൾ കർഷകർക്ക് ന്യായ വിലയ്ക്ക് നൽകാൻ ജില്ലാ പഞ്ചായത്തുകൾക്ക് സർക്കാർ അനുമതി നൽകിയിട്ടുണ്ട്.
ജനസംഖ്യാ അടിസ്ഥാനത്തിൽ 33.31 ലക്ഷം മെട്രിക് ടണ്‍ പാലാണ് കേരളത്തിൽ ആവശ്യമുള്ളത്. ഇതിൽ, 2022-23ലെ കണക്കുകൾ പ്രകാരം 25.80 ലക്ഷം മെട്രിക് ടണ്‍ പാൽ മാത്രമാണ് കേരളത്തിൽ ഉത്പാദിപ്പിക്കുന്നത്. ആവശ്യകതയുടെ 20 ശതമാനത്തിലധികം പാൽ മറ്റു സംസ്ഥാനങ്ങളിൽനിന്നു ഇറക്കുമതി ചെയ്യുകയാണ്.
2023 ജനുവരി ഒന്നുമുതൽ 2024 ജനുവരി 29 വരെയുള്ള ഏറ്റവും പുതിയ കണക്കു പ്രകാരം മിൽമയുടെ ശരാശരി പ്രതിദിന പാൽ വിൽപ്പന ആവശ്യകതയുടെ 80 ശതമാനത്തോളമാണ്.
ബാക്കി വരുന്ന പാലിന് ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളെ ആശ്രയിക്കുന്നതടക്കം ഒഴിവാക്കി പാലുത്പാദനത്തിൽ സ്വയംപര്യാപ്തമാക്കാനുള്ള പദ്ധതികളാണ് ക്ഷീര വികസന വകുപ്പ് ആവിഷ്കരിച്ചിരിക്കുന്നത്.