രാജ്യസഭയിലേക്ക് ജോസ് കെ മാണിയും പി.പി സുനീറും ഹാരിസ് ബീരാനും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു
തിരുവനന്തപുരം: രാജ്യസഭയിലേക്ക് ജൂലൈ ഒന്നിന് ഒഴിവ് വരുന്ന മൂന്ന് സീറ്റുകളിലേക്ക് ജോസ് കെ മാണി(കേരള കോൺഗ്രസ് എം), പി.പി സുനീർ(സി.പി.ഐ), ഹാരിസ് ബീരാൻ(മുസ്ലീ ലീഗ്) എന്നിവർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
എളമരം കരീം, ബിനോയ് വിശ്വം, ജോസ് കെ മാണി എന്നിവരുടെ കാലാവധി ഒന്നിന് കഴിയും. രണ്ട് സീറ്റില്‍ മാത്രമേ വിജയിക്കാന്‍ കഴിയൂവെന്ന സാഹചര്യത്തില്‍ സി.പി.എം സീറ്റ് ജോസ് കെ മാണിക്കായി വിട്ട് കൊടുക്കുക ആയിരുന്നു.
യു.ഡി.എഫില്‍ കോണ്‍ഗ്രസിന് ലഭിക്കേണ്ട സീറ്റ് ഇത്തവണ ലീഗിന് വിട്ട് നല്കി. മൂന്ന് സീറ്റിലേക്ക് മൂന്ന് സ്ഥാനാർഥികൾ മാത്രം പത്രിക നൽകിയതിനാൽ ഇവരെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.
ലോക്സഭയിലും രാജ്യസഭയിലും നേരത്തെ എം.പിയായിരുന്ന ജോസ് കെ മാണി കേരള കോൺഗ്രസ്(എം) ചെയർമാനാണ്. കെ.എം മാണിയുടെ മരണത്തെ തുടർന്നാണ് മകനായ ഇദ്ദേഹം പാർട്ടി ചെയർമാനായത്. നിഷാ ജോസ് കെ മാണിയാണ് ഭാര്യ. മക്കൾ പ്രിയങ്ക, റിതിക, കുഞ്ഞുമാണി.
സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയായ സുനീർ നിലവിൽ ഹൗസിങ്ങ് ബോർഡ് വൈസ് ചെയർമാനാണ്. സി.പി.ഐ മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്ന ഇദ്ദേഹം 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിച്ചു. ഭാര്യ ഷാഹിന അധ്യാപികയാണ്. മൂന്ന് മക്കളുണ്ട്.
സുപ്രീം കോടതി അഭിഭാഷകനും ഡൽഹി കെ.എം.സി.സി പ്രസിഡന്റുമാണ് ഹാരിസ് ബീരാൻ. മുന്‍ അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍ വി.കെ ബീരാന്റെയും കാലടി ശ്രീ ശങ്കരാചാര്യ കോളജിലെ മുന്‍ പ്രൊഫ. റ്റി.കെ സൈനബയുടെയും മകനാണ്. ടാനിയയാണ് ഭാര്യ. മക്കള്‍: ആര്യന്, അര്മാന്.
ഇതോടെ സംസ്ഥാനത്ത് നിന്നുള്ള രാജ്യസഭാംഗങ്ങളുടെ കക്ഷിനില ഇങ്ങനെ: സി.പി.എം - 3(ജോൺ ബ്രിട്ടാസ്, വി ശവദാസൻ, എ.എ റഹീം), സി.പി.ഐ - 2(പി സന്തോഷ് കുമാര്‍, പി.പി സുനീര്‍), മുസ്ലിം ലീഗ് - 2(പി.വി അബ്ദുല്‍ വഹാബ്, ഹാരിസ് ബീരാൻ), കോണ്‍ഗ്രസ് - 1(ജെബി മേത്തർ).